Current Date

Search
Close this search box.
Search
Close this search box.

ഗുലനെ വിട്ടുകിട്ടാന്‍ തുര്‍ക്കി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിയുന്ന തുര്‍ക്കി വിമത നേതാവ് ഫത്ഹുല്ല ഗുലനെ വിട്ടുകിട്ടുകിട്ടുന്നതിന് തുര്‍ക്കി ഭരണകൂടം ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം തുര്‍ക്കിയിലുണ്ടായ പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന്റെ സൂത്രധാരന്‍ ഗുലനാണെന്നാണ് തുര്‍ക്കി രാഷ്ട്രീയ നേതൃത്വം ആരോപിക്കുന്നത്. എന്നാല്‍ അട്ടിമറി ശ്രമത്തിന്റെ പേരിലല്ല അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. തുര്‍ക്കി ഭരണകൂടവുമായി ബന്ധപ്പെട്ട് മറ്റ് ചില കാര്യങ്ങളാണ് കാരണമായി അതില്‍ പറഞ്ഞിരിക്കുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
തുര്‍ക്കി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചു വരികയാണെന്നും എന്നാല്‍ പ്രസ്തുത രേഖകള്‍ ഗുലനെ വിട്ടുകിട്ടാനുള്ള അപേക്ഷയാണെന്ന് പറയാനാവില്ലെന്നുമായിരുന്നു നേരത്തെ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വം അറിയിച്ചിരുന്നത്. അട്ടിമറി ശ്രമത്തിന് പിന്നില്‍ ഗുലനാണെന്ന തുര്‍ക്കിയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും നീതിന്യായ മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ തിങ്കളാഴ്ച്ച തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു.
ഗുലനെ വിട്ടുകൊടുക്കണമെന്ന തുര്‍ക്കിയുടെ ആവശ്യം അമേരിക്കക്ക് മനസ്സിലാവുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കുറ്റവാളികളെ കൈമാറുന്നതിനായി ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ച കരാറുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പ്രസിഡന്റ് ഒബാമക്ക് ഇതില്‍ പ്രത്യേക അധികാരമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷമായി പ്രസ്തുത കരാറനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ഏണസ്റ്റ് കൂട്ടിചേര്‍ത്തു.

Related Articles