Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ അല്‍ഖസ്സാം നേതാവ് കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്രയേലെന്ന് ഹമാസ്

ഗസ്സ: ഇസ്രയേല്‍ തടവറയിലെ മുന്‍ തടവുകാരനും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് നേതാവുമായ മാസിന്‍ ഫുഖഹാഹ് വെള്ളിയാഴ്ച്ച വൈകിയിട്ട് ഗസ്സയില്‍ കൊല്ലപ്പെട്ടു. ഗസ്സയുടെ തെക്കന്‍ പ്രദേശമായ തെല്‍ ഹവയില്‍ വെച്ച് അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗസ്സയിലെ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അല്‍ബസം പറഞ്ഞു. അദ്ദേഹത്തിന്റെ തലയില്‍ നാല് വെടിയുണ്ടകളാണ് തുളച്ചു കയറിയിട്ടുള്ളതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ സൈലന്‍സര്‍ ഘടിപ്പിച്ച തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ നിഗമനം.
മാസിന്‍ ഫുഖഹാഇന്റെ മരണം ഇസ്രയേലിന്റെ മാത്രം താല്‍പര്യമാണെന്ന് ഹമാസ് നേതാവ് ഖലീല്‍ ഹയ്യ അഭിപ്രായപ്പെട്ടു. സുരക്ഷാ വിഭാഗം അതിനെ കുറിച്ച് സൂക്ഷമമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ ഹമാസ് രാഷ്ട്രീയ സമിതി ഉപാധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യക്കൊപ്പം ഹയ്യയും ഉണ്ടായിരുന്നു. ഹമാസിന്റെയും അല്‍ഖസ്സാമിന്റെയും മറ്റ് ഫലസ്തീന്‍ ഗ്രൂപ്പുകളുടെയും പ്രസ്താവനകള്‍ ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രയേലിന് മേലാണ് കെട്ടിവെക്കുന്നത്. 2011ല്‍ ഇസ്രയേല്‍ സൈനികനായ ഗിലാഡ് ശാലീതിനെ കൈമാറിയതിന് പകരമായി ഇസ്രയേല്‍ വിട്ടയച്ച ഫലസ്തീന്‍ തടവുകാരില്‍ ഒരാളാണ് രക്തസാക്ഷിയായ ഫുഖഹാഅ്.

Related Articles