Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട ഫ്രാന്‍സിന് മറുപടിയുമായി ഉര്‍ദുഗാന്‍

അങ്കാറ: ഖുര്‍ആന്റെ ആയത്തുകളില്‍ മാറ്റം വരുത്തണമെന്നും നീക്കം ചെയ്യണമെന്നുവാശ്യപ്പെട്ട ഫ്രാന്‍സിന്റെ നിര്‍ദേശത്തിന് മറുപടിയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഞങ്ങളുടെ വേദഗ്രന്ഥങ്ങളെ വിമര്‍ശിക്കാന്‍ നിങ്ങളാരാണ്? നിങ്ങള്‍ എത്ര നികൃഷ്ടരാണെന്ന് എല്ലാവര്‍ക്കുമറിയാം. മുസ്‌ലിംകളുടെ പുണ്യഗ്രന്ഥത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ല, എന്നിങ്ങനെയായിരുന്നു ഉര്‍ദുഗാന്റെ മറുപടി.

കഴിഞ്ഞ മാസമാണ് ഫ്രാന്‍സിലെ 300ഓളം രാഷ്ട്രീയക്കാരും എഴുത്തുകാരും മുസ്ലിംകളുടെ വേദഗ്രന്ഥമായ ഖുര്‍ആനില ആയത്തുകളില്‍ മാറ്റം വരുത്തണമെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് മാനിഫെസ്റ്റോ പുറപ്പെടുവിച്ചത്. ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ഖുര്‍ആന്‍ ആയത്തുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാരോപിച്ചായിരുന്നു എഴുത്തുകാരുടെ വിമര്‍ശനം.

‘അവര്‍ അവരുടെ (ക്രൈസ്തവരുടെയും ജൂതരുടെയും) വേദഗ്രന്ഥങ്ങളായ ബൈബിളും തൗറാത്തും എപ്പോഴെങ്കിലും പാരായണം ചെയ്തിട്ടുണ്ടോ?. നിങ്ങള്‍ ബൈബിള്‍ വായിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നിരോധിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. നിങ്ങളും ഐ.എസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.’ ഉര്‍ദുഗാന്‍ തുറന്നടിച്ചു.

‘ലെ പാരിസിന്‍’ എന്ന ഫ്രഞ്ച് മാസികയില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് ഒരു കൂട്ടം ഫ്രാന്‍സുകാര്‍ ഖുര്‍ആന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. അതിലെ ചില ആയത്തുകള്‍ ജൂതന്മാരെയും ക്രൈസ്തവരെയും അവിശ്വാസികളെയും ശിക്ഷിക്കാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്തെഴുതിയത്. ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി,മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍,നിരവധി എം.പിമാര്‍,മുതിര്‍ന്ന ഫ്രാന്‍സ് രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് കത്തെഴുതിയത്.

 

Related Articles