Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഷാബാകിന് മേല്‍ കെട്ടിവെച്ച് നെതന്യാഹു

തെല്‍അവീവ്: ഖുദ്‌സ് നിവാസികളുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ ഇസ്രയേലിനേറ്റ പരാജയത്തിന്റെ പേരില്‍ സുരക്ഷാ വിഭാഗമായ ‘ഷാബാകിനെ (Shin Bet) പഴിചാരി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. സുരക്ഷാവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇസ്രയേല്‍ മിനി ക്യാബിനറ്റിന് മുമ്പില്‍ ഷാബാക് സമര്‍പ്പിച്ച ‘ഭീതിജനകമായ വിവരണങ്ങള്‍’ ആണ് മസ്ജിദുല്‍ അഖ്‌സ പരിസരത്ത് നിന്നും സുരക്ഷാ ക്രമീകരണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിലെത്തിച്ചതെന്നും നെതന്യാഹുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഹീബ്രു വെബ്‌സൈറ്റായ എന്‍.ആര്‍.ജി റിപോര്‍ട്ട് ചെയ്തു.
നേരത്തെ ലികുഡ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഇസ്രയേല്‍ ഭരണകൂട സഖ്യത്തിന്റെ ചെയര്‍മാനുമായ ഡേവിഡ് ബിറ്റാന്‍ ഷാബാകിനെ ഭീരുക്കളുടെ സംഘം എന്ന് വിശേഷിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഷാബാകില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആകെയുള്ള താല്‍പര്യം സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങുക എന്നത് മാത്രമാണെന്നും ഇസ്രയേല്‍ സൈനിക റേഡിയോക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം കുറ്റപ്പെടുത്തി. ജോര്‍ദാന്‍ എംബസിയിലെ സംഭവം നടന്നില്ലായിരുന്നെങ്കില്‍ മസ്ജിദുല്‍ അഖ്‌സയിലെ ഇലക്ട്രോണിക് ഗേറ്റുകള്‍ നീക്കാനുള്ള തീരുമാനം നെതന്യാഹു എടുക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജോര്‍ദാന്‍ എംബസിയിലെ സംഭവമാണ് കാര്യങ്ങളെ മാറ്റിമറിച്ചതെന്ന് സൂചിപ്പിച്ച അദ്ദേഹം ഷാബാകിന്റെയും ഇസ്രയേല്‍ സൈന്യത്തിന്റെയും ഉപദേശം നെതന്യാഹുവിന് മുമ്പില്‍ രക്ഷാമാര്‍ഗങ്ങളൊന്നും തുറന്നു കൊടുത്തില്ലെന്നും അതുകൊണ്ട് ആ തീരുമാനമെടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഷാബാകിനെ ആക്ഷേപിച്ചു കൊണ്ടുള്ള നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Related Articles