Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെതിരെയുള്ള നടപടി വ്യാപകമായി അപലപിക്കപ്പെടുന്നു

ദോഹ: സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച നടപടി ആഗോളതലത്തില്‍ തന്നെ അപലപിക്കപ്പെടുന്നു. അള്‍ജീരിയന്‍ മുസ്‌ലിം പണ്ഡിതവേദി, ജോര്‍ദാന്‍ പാര്‍ലമെന്റിലെ ഇസ്‌ലാഹ് പാര്‍ട്ടി എം.പിമാരുടെ സംഘം, ഹമാസ് തുടങ്ങിയവര്‍ ഖത്തറിനെതിരായ നടപടിയെ അപലപിച്ചു. അതേസമയം പ്രാദേശികമായ ശ്രമങ്ങളിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഈ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റീഫന്‍ ദുജാരിക് പ്രത്യാശ പ്രകടിപ്പിച്ചു.
ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ നേതാക്കള്‍ ഇടപെടണണെന്ന് അള്‍ജീരിയയിലെ ഏറ്റവും വലിയ പണ്ഡിത കൂട്ടായ്മയാ അള്‍ജീരിയന്‍ മുസ്‌ലിം പണ്ഡിതവേദി പ്രസ്താവന ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെയും നല്ല വാക്കുകളിലൂടെയും അനുരഞ്ജനമുണ്ടാക്കാന്‍ പണ്ഡിതന്‍മാരോടും രാഷ്ട്ര നേതാക്കളോടും പ്രസ്താവന ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് പോലുള്ള രാഷ്ട്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ പണ്ഡിതവേദി പ്രശംസിച്ചു.
ജോര്‍ദാന്‍ ഭരണകൂടം ഖത്തറുമായുള്ള നയതന്ത്ര ബന്ധം വെട്ടിചുരുക്കുകയും അല്‍ജസീറ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതില്‍ ജോര്‍ദാന്‍ പാര്‍ലമെന്റിലെ ഇസ്‌ലാഹ് പാര്‍ട്ടി എംപിമാര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. അമ്മാന്‍ ഭരണകൂടം പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ഇസ്‌ലാഹ് എംപിമാരുടെ പ്രസ്താവന സൂചിപ്പിച്ചു. ഖത്തറിലെ ജോര്‍ദാന്റെ താല്‍പര്യങ്ങള്‍ക്ക് കനത്ത പ്രഹരമായിട്ടാണ് ഭരണകൂട തീരുമാനങ്ങളെ കാണുന്നതെന്നും നിരവധി ജോര്‍ദാന്‍ പൗരന്‍മാര്‍ ഖത്തറില്‍ ജോലി ചെയ്യുന്നുണ്ടെന്നും പ്രസ്താവന പറഞ്ഞു. നിലവിലെ തര്‍ക്കത്തില്‍ പരസ്യമായ സന്തോഷം പ്രകടിപ്പിച്ചിട്ടുള്ള സയണിസ്റ്റ് ശത്രുവാണ് ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഗുണഭോക്താവെന്നും എംപിമാര്‍ വ്യക്തമാക്കി. ഖത്തര്‍ വിഷയത്തില്‍ ഭരണകൂടം സ്വീകരിച്ച തീരുമാനം റദ്ദാക്കാനും അവര്‍ അബ്ദുല്ല രണ്ടാമന്‍ രാജാവിനോട് ആവശ്യപ്പെട്ടു.
ഖത്തറിന്റെ ഹമാസ് അനുകൂല നിലപാടുകളെ വിലമതിക്കുന്നതായി വ്യക്തമാക്കിയ ഹമാസ് നേതാവ് അഹ്മദ് ബഹ്ര്‍ സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറിന്റെ പ്രസ്താവനയോടുള്ള എതിര്‍പ്പും രേഖപ്പെടുത്തി. ഖത്തര്‍ ഹമാസിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നാണ് ആദില്‍ ജുബൈര്‍ ആവശ്യപ്പെട്ടത്. സൗദി മന്ത്രിയുടെ പ്രസ്താവന ‘സംഘര്‍ഷ പ്രേരിത’മാണ്. ഫലസ്തീന്‍ ജനതയോടുള്ള സൗദിയുടെ അടിസ്ഥാപരമായ നിലപാടോ ചരിത്രപരമായി അവര്‍ നിര്‍വഹിച്ച പങ്കോ അതല്ല. സൗദി മന്ത്രിയുടെ പ്രസ്താവന ഇസ്രയേലിനല്ലാതെ മറ്റാര്‍ക്കും ഗുണം ചെയ്യില്ല. എന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യയിലും തുര്‍ക്കിയിലും ഖത്തറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രമുഖ വ്യക്തിത്വങ്ങളും കൂട്ടായ്മകളും രംഗത്ത് വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. നിലവില്‍ ഏഴ് രാഷ്ട്രങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍, യമന്‍, മോറിത്താനിയ, കോമോറോസ് എന്നിവയാണവ. അതോടൊപ്പം ജോര്‍ദാനും ജിബൂട്ടിയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വെട്ടിചുരുക്കുകയും ചെയ്തു.

Related Articles