Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ആവശ്യപ്പെട്ടാലല്ലാതെ സൈനിക താവളം അടച്ചുപൂട്ടില്ല: എര്‍ദോഗാന്‍

അങ്കാറ: ഖത്തറിനെ ഉപരോധിച്ച രാഷ്ട്രങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ആവര്‍ത്തിച്ചു. പരമാധികാരമുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍ ഖത്തറിന് മുന്നില്‍ വെക്കപ്പെട്ട ഈ ആവശ്യങ്ങളെ താന്‍ തള്ളിക്കളയുന്നതായി ഫ്രാന്‍സ്-24 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ഖത്തറിനെ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന വ്യവസ്ഥകളടങ്ങിയ ആവശ്യങ്ങളുടെ പട്ടിക എല്ലാ അര്‍ഥത്തിലും അംഗീകരിക്കാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിനെതിരെയുള്ള ഭീകരാരോപണത്തെയും എര്‍ദോഗാന്‍ നിഷേധിച്ചു. ഭീകരതക്കെതിരെ പോരാടുന്ന ഒരു രാഷ്ട്രമാണ് അതെന്നാണ് പ്രധാനമന്ത്രിയെന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും ഭരണം നടത്തിയ കഴിഞ്ഞ 15 കാലയളവില്‍ താന്‍ മനസ്സിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫയുടെയും നിലവിലെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദിന്റെ ഭരണകാലങ്ങളിലെല്ലാം ഭീകരതക്കെതിരെ ഖത്തറിനൊപ്പം തുര്‍ക്കി പോരാടിയിട്ടുണ്ടെന്നും തുര്‍ക്കി പ്രസിഡന്റ് സൂചിപ്പിച്ചു. ഖത്തറുമായി ഉണ്ടാക്കിയ സൈനിക ഉടമ്പടി തുര്‍ക്കി പാലിക്കുമെന്നും അവര്‍ ആവശ്യപ്പെട്ടാലല്ലാതെ അവിടത്തെ തുര്‍ക്കി സൈനിക താവളം അടച്ചുപൂട്ടുകയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം തുര്‍ക്കിയോ മറ്റ് പാശ്ചാത്യ രാഷ്ട്രങ്ങളോ ഉപരോധക്കാരായ രാഷ്ട്രങ്ങളുടെ നിലപാടിനെ പിന്തുണക്കുന്നില്ലെന്ന കാര്യവും ശ്രദ്ധയില്‍ പെടുത്തി.
ഖത്തറിന് മുന്നില്‍ ഉപരോധക്കാര്‍ വെച്ചിട്ടുള്ള ആവശ്യങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് പെരുന്നാള്‍ ദിനത്തില്‍ എര്‍ദോഗാന്‍ വ്യക്തമാക്കിയിരുന്നു. ഖത്തറിലെ തുര്‍ക്കി സൈനിക താവളം അടച്ചുപൂട്ടണമെന്ന ആവശ്യം തുര്‍ക്കിയെ മാനിക്കാതിരിക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതാണ്.

Related Articles