Current Date

Search
Close this search box.
Search
Close this search box.

ക്രിസ്ത്യന്‍ എന്‍.ജി.ഒ ഡയറക്ടര്‍ പണം ഹമാസിന് മറിച്ചു കൊടുത്തെന്ന് ഇസ്രയേല്‍ ആരോപണം

വെസ്റ്റ്ബാങ്ക്    : അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എന്‍.ജി.ഒ വേള്‍ഡ് വിഷന്‍ ഡയറക്ടര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ഹമാസിന്റെ സായുധ വിംഗായ അല്‍ഖസ്സാം ബ്രിഗേഡ്‌സിന് മറിച്ചു നല്‍കിയെന്ന് ഇസ്രയേല്‍ ഭരണകൂടം ആരോപിച്ചു. എന്നാല്‍ ഇസ്രയേലിന്റെ ആരോപണം സംഘടന നിഷേധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാല്‍പതിനായിരത്തോളം ആളുകള്‍ സേവനം ചെയ്യുന്ന ക്രിസ്ത്യന്‍ എന്‍.ജി.ഒ 7.2 ദശലക്ഷം ഡോളര്‍ ഹമാസിന് മറിച്ചു നല്‍കിയിട്ടുണ്ടെന്നും അതിന്റെ ഒരു ഭാഗം സംഘടനയുടെ സൈനിക വിംഗായ അല്‍ഖസ്സാമിനും ലഭിച്ചിട്ടുണ്ടെന്നാണ് വ്യാഴാഴ്ച്ച പുറത്തുവിട്ട ഇസ്രയേല്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ പ്രസ്താവന പറയുന്നത്.
അന്താരാഷ്ട്ര സന്നദ്ധ സംഘടയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് ഹമാസ് തെരെഞ്ഞെടുത്ത് വിട്ട വ്യക്തിയാണ് വേള്‍ഡ് വിഷന്റെ ഗസ്സ ശാഖയുടെ ഡയറക്ടര്‍ മുഹമ്മദ് ഹലബി എന്നും ഒരു പതിറ്റാണ്ടിലേറെ കാലമായി അതില്‍ അയാള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസ്താവന സൂചിപ്പിച്ചു. ജോലിക്കാരനായി അതില്‍ എത്തിയ ഹലബി ഗസ്സയിലെ അതിന്റെ ഡയറക്ടര്‍ സ്ഥാനത്ത് എത്തിയിരിക്കുകയാണെന്നും ഇസ്രയേല്‍ ആരോപിച്ചു.
ഭീകരതക്ക് ഫണ്ടു നല്‍കി എന്നതടക്കമുള്ള നിരവധി കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ ജൂണ്‍ 15ന് ഹലബിയെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഇസ്രയേലിന്റെ ഈ ആരോപണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കാനുള്ള കാരണങ്ങളൊന്നും തങ്ങളുടെ പക്കലില്ലെന്ന് പറഞ്ഞ വേള്‍ഡ് വിഷന്‍ ഇസ്രയേല്‍ ആരോപണത്തെ നിഷേധിച്ചിട്ടുണ്ട്. സഹായങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ സ്വതന്ത്രവും വ്യവസ്ഥാപിതവുമായ രീതിയില്‍ സംഘടന ഓഡിറ്റിംഗ് നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
മിക്കപ്പോഴും ഐക്യരാഷ്ട്രസഭയുമായി സഹകരിച്ചാണ് വേള്‍ഡ് വിഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളത്. അധിനിവിഷ്ട ഫലസ്തീനില്‍ 1975ലാണ് അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ ഗസ്സയില്‍ 90,000 ആളുകള്‍ക്ക് അത് സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles