Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റ വിരുദ്ധ പ്രമേയം നടപ്പാക്കണം; അമേരിക്കയോട് അബ്ബാസ്

റാമല്ല: അധിനിവിഷ്ട ഖുദ്‌സിലെയും വെസ്റ്റ്ബാങ്കിലെയും കുടിയേറ്റത്തെ അപലപിച്ചു കൊണ്ടുള്ള രക്ഷാസമിതി പ്രമേയം നടപ്പാക്കണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അമേരിക്കയോട് ആവശ്യപ്പെട്ടു. ജൂലിയന്‍ കലണ്ടര്‍ പ്രകാരമുള്ള ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ബൈത് സാഹൂര്‍ നഗരത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. രക്ഷാസമിതിയിലെ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തില്ലെന്നും എല്ലാ അമേരിക്കന്‍ ഭരണകൂടങ്ങളും കുടിയേറ്റത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 2016 ഡിസംബര്‍ 23ന് 14 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രക്ഷാസമിതി പ്രമേയം പാസ്സാക്കിയത്. മുഴുവന്‍ അധിനിവിഷ്ട പ്രദേശങ്ങളിലെയും കുടിയേറ്റം പൂര്‍ണമായും ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രമേയത്തില്‍ വോട്ടു രേഖപ്പെടുത്താതെ മാറിനില്‍ക്കുകയാണ് അമേരിക്ക ചെയ്തത്. ഇസ്രയേല്‍ നേതൃത്വത്തെ ചൊടിപ്പിച്ച ഒരു നടപടിയായിരുന്നു അത്.
അതേസമയം അമേരിക്കന്‍ തെല്‍അവീവിലെ അമേരിക്കന്‍ എംബസി ഖുദ്‌സിലേക്ക് മാറ്റുന്നത് സംബന്ധിച്ച സംസാരം ശത്രുതാപരമാണെന്നും അബ്ബാസ് പറഞ്ഞു. അങ്ങനെയൊരു നീക്കം നടത്തുന്നത് ഫലസ്തീന് വിഷയത്തിലുള്ള അമേരിക്കയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ റദ്ദാക്കുന്ന ഒന്നായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്ക എംബസി മാറ്റുകയാണെങ്കില്‍ മിഡിലീസ്റ്റിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ പുറത്തുകടക്കാനാവാത്ത പ്രതിസന്ധിയില്‍ അകപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇസ്രയേലിലെ അമേരിക്കന്‍ എംബസി ഖുദ്‌സിലേക്ക് മാറ്റുമെന്നുള്ളത്. അദ്ദേഹത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ നിരന്തരം ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.

Related Articles