Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ജറൂസലം ഫലസ്തീന്റെ തലസ്ഥാനമാക്കണം: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല

അമ്മാന്‍: കിഴക്കന്‍ ജറൂസലേമിനെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാവി തലസ്ഥാനമാക്കണമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല. ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച നടപടിയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ജോര്‍ദാനിലെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള ചര്‍ച്ചയിലാണ് ജോര്‍ദാന്‍ രാജാവ് തന്റെ നിലപാട് അറിയിച്ചത്. ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌ന പരിഹാരത്തിന് ദ്വിരാഷ്ട്ര ഫോര്‍മുല മാത്രമേ പരിഹാരമാകൂ എന്നും ഇതിനായി അമേരിക്ക മുന്‍കൈയെടുക്കണമെന്നും അബ്ദുല്ല പെന്‍സിനോട് ആവശ്യപ്പെട്ടു. അമ്മാനിലെ രാജകൊട്ടാരത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് അബ്ദുല്ല തങ്ങളുടെ നിലപാട് അമേരിക്കയെ അറിയിച്ചത്.

ജറൂസലം വിഷയത്തില്‍ അമേരിക്ക എടുത്ത തീരുമാനം ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതല്ല. ഇരു രാജ്യങ്ങളുടെയും പ്രശ്‌നപരിഹാരത്തിന് വാഷിങ്ടണ്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജറൂസലം മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും ഒരു പോലെ പ്രാധാന്യമുള്ള സ്ഥലമാണ്. അതിനാല്‍ തന്നെ മേഖലയില്‍ സമാധാനം അത്യാവശ്യമാണ് അദ്ദേഹം പറഞ്ഞു.

1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ജോര്‍ദാനില്‍ നിന്നും ഇസ്രായേല്‍ പിടിച്ചെടുത്തതാണ് കിഴക്കന്‍ ജറൂസലേമും വെസ്റ്റ് ബാങ്കും. ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി മൈക് പെന്‍സ് ഞായറാഴ്ച ഈജിപ്തിലെത്തി.

 

Related Articles