Current Date

Search
Close this search box.
Search
Close this search box.

കഴിഞ്ഞ വര്‍ഷം സീസി നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തി

കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും തമ്മില്‍ കഴിഞ്ഞ വര്‍ഷം രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായി ഇസ്രയേല്‍ പത്രമായ ‘ഹാരെറ്റ്‌സ്’ വെളിപ്പെടുത്തുന്നു. 2016 ഏപ്രിലില്‍ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യിസ്ഹാഖ് ഹെര്‍സോഗ് പങ്കെടുത്തിരുന്നു എന്നും റിപോര്‍ട്ട് വ്യക്തമാക്കി. നെതന്യാഹുവും ഹെര്‍സോഗും സീസിയുമായി നടത്തുന്ന രണ്ടാമത്തെ രഹസ്യ കൂടിക്കാഴ്ച്ചയാണിതെന്നും ആദ്യത്തേത് 2016 ഫെബ്രുവരിയില്‍ ജോര്‍ദാനിലെ അഖബ നഗരത്തില്‍ വെച്ചായിരുന്നു എന്നും റിപോര്‍ട്ടില്‍ പറയുന്നു. അതില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജോണ്‍ കെറിയും പങ്കെടുത്തിരുന്നു.
നെതന്യാഹുവും ഹെര്‍സോഗും വളരെ രഹസ്യമായി യാത്ര ചെയ്ത് ഈജിപ്തിലെ പ്രസിഡന്റ് സീസിയുടെ കൊട്ടാരത്തിലെത്തി അദ്ദേഹവുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു. ഹെര്‍സോഗിന്റെ നേതൃത്വത്തിലുള്ള ‘സയണിസ്റ്റ് ക്യാമ്പ്’ പാര്‍ട്ടിയെ ഇസ്രയേല്‍ ഭരണകൂടത്തിന്റെ ഭാഗമായി ചേര്‍ക്കുന്നതിന്റെ സാധ്യത സംബന്ധിച്ച രഹസ്യ സംഭാഷണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. നെതന്യാഹുവും കൂടിയാലോചകരും ഹെര്‍സോഗും സുരക്ഷാ ഉദ്യോഗസ്ഥരും ഇസ്രയേലില്‍ നിന്നും പ്രത്യേക വിമാനത്തില്‍ രാത്രി കെയ്‌റോയിലേക്ക് തിരിക്കുകയായിരുന്നുവെന്നും നേരം പുലരുന്നതിന് മുമ്പ് അവിടെ നിന്ന് മടങ്ങിയതായും പത്രം സൂചിപ്പിച്ചു.

Related Articles