Current Date

Search
Close this search box.
Search
Close this search box.

കത്‌വ കൂട്ട ബലാത്സംഗം: പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍, വ്യാപക പ്രതിഷേധം

ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ കത്വയില്‍ ആസിഫ എന്ന എട്ടു വയസ്സുകാരിയെ പൊലിസുകാരടക്കമുള്ളവര്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കി കൊന്ന കേസില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മുകാശ്മീരിലെ കത്വയിലെ രസന ഗ്രാമത്തിലെ വനമേഖലയില്‍ നിന്നും ആസിഫ എന്ന എട്ടു വയസുകാരിയെ കാണാതാകുന്നത്. തുടര്‍ന്ന് ജനുവരി 17നാണ് ആസിഫയുടെ മൃതദേഹം കണ്ടെടുക്കുന്നത്.
കത്‌വയിലെ രസനയിലെ ഒരു ക്ഷേത്രത്തിനകത്തു വച്ചാണ് പ്രതികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രദേശത്തേക്ക് കുതിരയെ മേക്കാന്‍ പോയതായിരുന്നു ആസിഫ. അതിക്രൂരമായാണ് കുട്ടിയെ പൊലിസുകാരടക്കമുള്ള പ്രതികള്‍ ചേര്‍ന്ന് ബലാത്സംഘം ചെയ്തതത്. മയക്കുമരുന്ന് നല്‍കിയതിനു ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ ലൈംഗീകാവയവങ്ങള്‍ തകര്‍ന്നിരുന്നു. മൃതദേഹം വികൃതമായ രൂപത്തിലാണുണ്ടായിരുന്നത്. തുടര്‍ന്ന് പ്രതികള്‍ ഒരാഴ്ച കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന ഹാഷ് ടാഗോടു കൂടിയാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പ്രതിഷേധമുയരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ‘ബേടി ബച്ചാവോ’ ഒരു മുദ്രാവാക്യം മാത്രമാണോ?, ഈ കുട്ടി എന്തുകൊണ്ട് ഇന്ത്യയുടെ മകളല്ല?, ആസിഫ മറ്റൊരു നിര്‍ഭയയാണോ, ഇന്ത്യയിലെ ബലാത്സംഗങ്ങള്‍ക്കെതിരെ കൂട്ടായ നിയന്ത്രണം വേണം എന്നിങ്ങനെ പോകുന്നു ഹാഷ്ടാഗ് ക്യാംപയിന്റെ മുദ്രാവാക്യങ്ങള്‍. അഭിഭാഷക സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് കേസ് ക്രൈംബാഞ്ച് അന്വേഷണത്തിന് ഉത്തരവായത്.

ബലാത്സംഘത്തിന് മുമ്പ് ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് കിടത്തി മുഖ്യപ്രതി ചില പൂജകള്‍ നടത്തി. ബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കല്ലെടുത്ത് തലയ്ക്കടിച്ചു മരണം ഉറപ്പാക്കുകയും ചെയ്തു. രണ്ടു പൊലിസുകാരടങ്ങുന്ന ആറംഗസംഘം ആസിഫയെ മൂന്നു തവണ ബലാല്‍സംഗത്തിനിരയാക്കിയത് എന്ന കുറ്റപത്രത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.

റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ബലാത്സംകത്തിന്റെ മുഖ്യ സൂത്രധാരന്‍. ഇയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേര്‍ക്ക് പുറമെ പ്രത്യേക പൊലിസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്കോണ്‍സ്റ്റബിള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മേഖലയിലേക്ക് കുടിയേറി താമസമാക്കിയ മുസ്ലിം ആട്ടിടയ സമൂഹമായ ബക്കര്‍വാളുകളെ അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക എന്നതാണ് കൊലപാതകത്തിനു പിന്നിലെ ലക്ഷ്യമെന്നും ആരോപണമുണ്ട്. പ്രദേശത്തെ ഹിന്ദു സംഘടനകളുടെ താല്‍പര്യപ്രകാരമാണ് ബലാത്സംഗം ചെയ്ത് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് പൊലിസ് പറയുന്നത്. സനഗ്രാമത്തിന്റെ വനാതിര്‍ത്തിയില്‍ 13 ബ്രാഹ്മണ കുടുംബങ്ങളാണുള്ളത്. കാലങ്ങളായി ഇവിടെ മുസ്‌ലിംകള്‍ ഇല്ലായിരുന്നു. പ്രതികളെ പിന്തുണച്ച് ഹിന്ദു സംഘടനകള്‍ രംഗത്തു വന്നതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

 

Related Articles