Current Date

Search
Close this search box.
Search
Close this search box.

ഐ.എസ് വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ മൂസില്‍ ചുട്ടെരിക്കുന്നു: ഇറാഖ് മുസ്‌ലിം പണ്ഡിതസഭ

മൂസില്‍: മൂസിലില്‍ ഐ.എസിനെതിരെ നടക്കുന്നുവെന്ന് പറയപ്പെടുന്ന യുദ്ധം യഥാര്‍ത്ഥത്തില്‍ മൂസില്‍ നഗരം തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ള യുദ്ധമാണെന്ന് ഇറാഖ് മുസ്‌ലിം പണ്ഡിത വേദി ആരോപിച്ചു. നിരപരാധികളായ സ്ത്രീകളും കുട്ടികളുമടക്കമുള്ള മൂസില്‍ ജനതയാണ് ഐ.എസിനെതിരെ നടക്കുന്ന യുദ്ധത്തില്‍ മരിച്ച് വീഴുന്നതെന്നും, സഖ്യസേനയും, ഇറാഖ് സൈന്യവുമാണ് ഇതിന് ഉത്തരവാദികളെന്നും പണ്ഡിതവേദി വ്യക്തമാക്കി.
യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പരാജയം രുചിച്ചതോടെയാണ് അന്താരാഷ്ട്ര സഖ്യസേനയും, ഇറാഖ് സൈന്യവും എളുപ്പത്തില്‍ വിജയം നേടുന്നതിന് മൂസില്‍ നഗരം ചുട്ടെരിക്കാന്‍ തീരുമാനിച്ചതെന്നും, നിരപരാധികളുടെ ജീവനാണ് ഇതിന് വിലയായി നല്‍കേണ്ടി വന്നതെന്നും പണ്ഡിതസഭ കൂട്ടിച്ചേര്‍ത്തു.
ഐ.എസില്‍ നിന്നും മൂസില്‍ തിരിച്ച് പിടിക്കാനെന്ന പേരില്‍ അന്താരാഷ്ട്ര സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തില്‍ മരിച്ചു വീഴുന്നവരില്‍ ഏറെയും അന്നേരത്ത് വീടുകളില്‍ ഉറങ്ങികിടക്കുന്ന സിവിലിയന്‍മാരാണ്. പ്രത്യേകിച്ച് മൂസില്‍ നഗരത്തിന്റെ കിഴക്കന്‍ ഭാഗത്ത് താമസിക്കുന്നവര്‍. കനത്ത ബോംബാക്രമണം മൂലം ഇവരെ പലപ്പോഴും രക്ഷിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. ഐ.എസ് വിരുദ്ധ ആക്രമണത്തിന്റെ പേരില്‍ യുദ്ധകുറ്റകൃത്യങ്ങളാണ് മൂസിലില്‍ നടക്കുന്നതെന്ന് വ്യക്തമാക്കിയ പണ്ഡിതസഭ അന്താരാഷ്ട്രസമൂഹത്തിന്റെ മൗനത്തെ ശക്തമായി അപലപിച്ചു.

Related Articles