Current Date

Search
Close this search box.
Search
Close this search box.

ഐക്യരാഷ്ട്രസഭാ റിപോര്‍ട്ടിനോട് അകലം പാലിച്ച് ജനറല്‍ സെക്രട്ടറി

ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ വംശീയവിവേചന നയങ്ങള്‍ നടപ്പാക്കുന്നു എന്നാരോപിക്കുന്ന ഐക്യരാഷ്ട്രസഭാ റിപോര്‍ട്ടുമായി ബന്ധമില്ലെന്ന് ഐക്യരാഷ്ട്‌സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. പ്രസ്തുത റിപോര്‍ട്ട് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അന്താരാഷ്ട്ര വേദിയുടെ സെക്രട്ടറിയേറ്റുമായി മുന്‍കൂട്ടി കൂടിയാലോചിക്കാതെ തയ്യാറാക്കിയ റിപോര്‍ട്ടാണ് അതെന്നും ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു.
റിപോര്‍ട്ട് പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും രംഗത്ത് വന്നിട്ടുണ്ട്. റിപോര്‍ട്ട് പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ എകണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്‌റ്റേണ്‍ ഏഷ്യ (ESCWA) പുറത്തുവിട്ട റിപോര്‍ട്ട് റദ്ദാക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. പ്രസ്തുത റിപോര്‍ട്ടില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാന്‍ യുഎന്‍ സെക്രട്ടറിക്ക് അവകാശമുണ്ടെന്നും എന്നാല്‍ റിപോര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു കൊണ്ടുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സെമിറ്റിക് വിരുദ്ധ നാസി പ്രചരണത്തോടാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി റിപോര്‍ട്ടിനെ താരതമ്യപ്പെടുത്തിയത്. അതേസമയം ഇസ്രയേലിനെ അന്താരാഷ്ട്ര തലത്തില്‍ വിചാരണ ചെയ്യുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന് പ്രേരണയാകുന്ന സുപ്രധാന രേഖയാണ് പ്രസ്തുത റിപോര്‍ട്ടെന്ന് യൂറോ-മെഡിറ്ററേനിയല്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രയേല്‍ സ്വീകരിക്കുന്ന വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഗൗരവത്തില്‍ രംഗത്ത് വരണമെന്നും മോണിറ്റര്‍ ആവശ്യപ്പെട്ടു.
ഇസ്രയേല്‍ ഫലസ്തീനികള്‍ക്കെതിരെ കുറ്റകരമായ വിവേചനം കാണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകളുണ്ടെന്നാണ് യുഎന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ഫലസ്തീന്‍ ജനതയെ രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും ശിഥിലമാക്കുകയും എല്ലായിടത്തും അവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നതാണ് ഇസ്രയേലിന്റെ വിവേചനമെന്ന് ESCWA എക്സിക്യൂട്ടീവ് സെക്രട്ടറി റീമ ഖലഫ് ബുധനാഴ്ച്ച ബൈറൂത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related Articles