Current Date

Search
Close this search box.
Search
Close this search box.

ഐക്യപ്പെട്ടു കൊണ്ടല്ലാതെ ഫലസ്തീന്‍ രാഷ്ട്രത്തിന് നിലനില്‍ക്കാനാവില്ല: റാമി ഹംദല്ല

ഗസ്സ: എല്ലാവിധ വിയോജിപ്പുകളും അവസാനിപ്പിച്ച് ഫലസ്തീന്‍ അനുരഞ്ജനം സാക്ഷാല്‍കരിക്കുന്നതിനായി തന്റെ ഭരണകൂടം ഗസ്സയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണെന്ന് ഗസ്സയിലെത്തിയ ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ പ്രധാനമന്ത്രി റാമി ഹംദല്ല വ്യക്തമാക്കി. ഗസ്സയുടെ ഭരണനിര്‍വഹണ ചുമതല്‍ ഏറ്റെടുക്കല്‍ നടപടിക്ക് തന്റെ ഭരണകൂടം തുടക്കം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗസ്സ ഭരണസമിതി പിരിച്ചുവിട്ട ഹമാസിന്റെ തീരുമാനം സുപ്രധാന കാല്‍വെപ്പാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെസ്റ്റ്ബാങ്കും ഗസ്സയും ഐക്യപ്പെട്ടു കൊണ്ടല്ലാതെ ഫലസ്തീന്‍ രാഷ്ട്രത്തിന് നിലനില്‍ക്കാനാവില്ലെന്നും അങ്ങനെയല്ലാതെ നിലനില്‍ക്കില്ലെന്നും ഗസ്സയുടെ നടുക്ക് നിന്നും ലോകത്തോട് പ്രഖ്യാപിക്കാനാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നിര്‍ദേശപ്രകാരം ഞങ്ങള്‍ എത്തിയിരിക്കുന്നതെന്നും ഹംദല്ലയുടെ പ്രസ്താവന വ്യക്തമാക്കി. ഭരണകൂടത്തിലെ മന്ത്രിമാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ബൈത്ത് ഹാനൂന്‍ അതിര്‍ത്തി വഴിയാണ് അദ്ദേഹം ഗസ്സയിലെത്തിയത്. ഗസ്സയുടെ അങ്ങേയറ്റം ദുരിതപൂര്‍ണമായ ഇന്നത്തെ അവസ്ഥ ഉപരോധത്തിന്റെ ഫലമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗസ്സയുടെ ഭരണം നടത്തുന്നതിന് രൂപീകരിച്ച ഭരണസമിതി പിരിച്ചു വിട്ടതായി കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. ഗസ്സയുടെ ഭരണചുമതല ഏറ്റെടുക്കാന്‍ ഫലസ്തീന്‍ സര്‍ക്കാറിനെ അവര്‍ ക്ഷണിക്കുകയും ചെയ്തു. ഈജിപ്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങളാണ് ഇതിലേക്ക് എത്തിച്ചത്.

Related Articles