Current Date

Search
Close this search box.
Search
Close this search box.

എന്നെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുന്നത് പോരാട്ടം നിര്‍വീര്യമാക്കാന്‍: അഹ്‌ലാം തമീമി

അമ്മാന്‍: ഫലസ്തീനികളുടെ പ്രതിരോധത്തെ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് അമേരിക്ക ജോര്‍ദാനോട് തന്നെ അവര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെടുന്നതെന്ന് അധിനിവേശ ഇസ്രയേല്‍ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഫലസ്തീന്‍ തടവുകാരി അഹ്‌ലാം തമീമി. അമേരിക്കയുടെ ആവശ്യം തന്നില്‍ ഞെട്ടലുണ്ടാക്കിയെന്നും അഹ്‌ലാം പറഞ്ഞു. ജോര്‍ദാന്‍ കോടതിയോടും അതിന്റെ സുതാര്യവും നീതിയുക്തവുമായ തീരുമാനത്തോടും അവര്‍ കടപ്പാട് അറിയിക്കുകയും ചെയ്തു.
അതേസമയം അഹ്‌ലാമിനെ കൈമാറണമെന്ന വാഷിംഗ്ടണിന്റെ ആവശ്യം നിരാകരിച്ച ജോര്‍ദാന്‍ കോടതി തീരുമാനത്തെ ഹമാസ് സ്വാഗതം ചെയ്തു. ധീരവും ഫലസ്തീന്‍ തടവുകാരുടെ വിഷയത്തെ പരിഗണിച്ചും കൊണ്ടുള്ള തീരുമാനം എന്നാണ് ഹമാസ് വക്താവ് ഹാസിം ഖാസിം തീരുമാനത്തെ വിശേഷിപ്പിച്ചത്. ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിലകൊള്ളാന്‍ ലോകത്തെ സ്വതന്ത്രരായ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
2001 ആഗസ്റ്റില്‍ ഖുദ്‌സിലെ സ്ബാരോ റെസ്‌റ്റോറന്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് അഹ്‌ലാമിനെ വിട്ടുകിട്ടണമെന്ന ആവശ്യം അമേരിക്ക ഉന്നയിച്ചത്. ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ പൗരന്‍മാരടക്കം 15 ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. അതേ വര്‍ഷം സെപ്റ്റംബര്‍ 14ന് ഇസ്രയേല്‍ സേന അഹ്‌ലാമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജീവപര്യന്തം വിധിക്കപ്പെട്ട അഹ്‌ലാം 10 വര്‍ഷം ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞു. പിന്നീട് 2011 ഒക്ടോബര്‍ 18ന് ഹമാസിനും ഇസ്രയേലിനും ഇടയിലെ തടവുകാരുടെ കൈമാറ്റ കരാറിന്റെ ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കപ്പെട്ട അവരെ ഇസ്രയേല്‍ ജോര്‍ദാന് കൈമാറുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 14നാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് അഹ്‌ലാമിനെ കൈമാറാന്‍ ജോര്‍ദാനോട് ആവശ്യപ്പെട്ടത്. എഫ്.ബി.ഐ അന്വേഷിക്കുന്ന ഭീകരരുടെ പട്ടികയില്‍ അവര്‍ ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്. എന്നാല്‍ ജോര്‍ദാന്‍ പരമോന്നത കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. അമേരിക്കയുമായി കുറ്റവാളികളെ കൈമാറുന്ന 1995ലെ കരാറിന് ജോര്‍ദാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ അത് നിലവില്‍ വന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ജോര്‍ദാനില്‍ കഴിയുന്ന ഫലസ്തീന്‍ വംശജയായ അഹ്‌ലാം ഫലസ്തീന്‍ തടവുകാരികളില്‍ പ്രമുഖയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഹമാസിന്റെ സായുധ വിംഗായ അല്‍ഖസ്സാം ബ്രിഗേഡ്‌സില്‍ അണിചേര്‍ന്ന ആദ്യത്തെ വനിത കൂടിയാണ് അവര്‍.

Related Articles