Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് അഹ്മദ് ഷഫീഖ് പിന്മാറി

കൈറോ: ഈജിപത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും മുന്‍ പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ഷഫീഖ് പിന്മാറി. വരാന്‍ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് ഷഫീഖ് അറിയിച്ചു. ‘അടുത്ത കാലയളവില്‍ രാജ്യത്തെ നയിക്കാന്‍ യോഗ്യതയുള്ളയാളല്ല ഞാനെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ 2018ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു.’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 76ഉകാരനായ അഹ്മദ് ഷഫീഖ് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയെ വെല്ലുവിളിക്കാന്‍ സാധ്യതയുള്ള വ്യക്തികളില്‍ ഒരാളായിരുന്നു ഷഫീഖ്. അതേസമയം, പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഈജിപ്ത് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയാണ് പിന്മാറാന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. അഹ്മദ് ഷഫീഖിനെതിരേ നേരത്തെ ആരോപണമുയര്‍ന്നിരുന്ന അഴിമതി ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഷഫീഖുമായുള്ള ഒരു ചാനല്‍ ഷോക്കിടെ ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഓഫിസര്‍ ഇതു സംബന്ധിച്ച് പറഞ്ഞതായാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2011ല്‍ അറബ് വസന്തം ഈജിപ്തില്‍ അലയടിച്ചതിനു ശേഷം ഒരു മാസക്കാലം ഇദ്ദേഹമായിരുന്നു പ്രധാനമന്ത്രി. പിന്നീട് 2012ല്‍ സീസിയുടെ നേതൃത്വത്തില്‍ പട്ടാളം മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ചതോടെ ഷഫീഖ് അബൂദബിയിലേക്ക് കുടിയേറി. അദ്ദേഹത്തിനെതിരേ അഴിമതിയാരോപണത്തിന്റെ പേരില്‍ കുറ്റം ചുമത്തി. പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ഈജിപ്തിലേക്ക് മടങ്ങിവരാനുള്ള വഴിയൊരുക്കുകയുമായിരുന്നു.

 

Related Articles