Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് ചര്‍ച്ചിലെ സ്‌ഫോടനം; ഖത്തറിന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ ജി.സി.സി

റിയാദ്: കെയ്‌റോയില്‍ ക്രിസ്ത്യന്‍ കത്തീഡ്രലിലുണ്ടായ സ്‌ഫോടനത്തിലേക്ക് ഖത്തറിന്റെ പേര് വലിച്ചിഴക്കുന്നതില്‍ ജി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ലതീഫ് സയാനി വിയോജിപ്പും അമര്‍ഷവും രേഖപ്പെടുത്തി. ഡിസംബര്‍ 12നാണ് സ്‌ഫോടനം നടന്നത്. മുഴുവന്‍ ജി.സി.സി രാജ്യങ്ങളുടെയും ഭീകതയോടുള്ള നിലപാട് സ്ഥായിയും എല്ലാവര്‍ക്കും അറിയുന്നതുമാണ്. നീചമായ ആ കുറ്റകൃത്യത്തെ കൗണ്‍സില്‍ അപലപിച്ചിട്ടുണ്ട്. ഭീകരസംഘടനകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സഹോദര രാഷ്ട്രമായ ഈജിപ്തിന് തങ്ങളുടെ ഐക്യദാര്‍ഢ്യവും അതറിയിച്ചിട്ടുണ്ട്. കാരണം ഈജിപ്തിന്റെ സുരക്ഷ ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. എന്നും അദ്ദേഹം പറഞ്ഞു.
ഉറപ്പുവരുത്താതെ ധൃതിപ്പെട്ട് ഇത്തരം പ്രസ്താവനകളിറക്കുന്നത് ജി.സി.സി രാഷ്ട്രങ്ങള്‍ക്കും ഈജിപ്തിനുമിടയിലുള്ള ബന്ധത്തിന്റെ തെളിമയെ ബാധിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഭീകരതയുമായി ബന്ധപ്പെട്ട പ്രസ്താവനകളും പ്രമേയങ്ങളും ഇറക്കുന്നതിന് മുമ്പ് ഔദ്യോഗിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തീഡ്രലിലെ സ്‌ഫോടനത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന് പങ്കുണ്ടെന്ന് ഈജിപ്ത് ആഭ്യന്തര മന്ത്രാലയം ആരോപണം ഉയര്‍ത്തിയിരുന്നു. മഹാബ് മുസ്തഫ എന്ന് പേരുള്ള ഒരു ഈജിപ്ഷ്യന്‍ ഡോക്ടറാണ് സംഭവത്തിന്റെ സൂത്രധാരന്‍ എന്നും രാജ്യത്തിന്റെ സുസ്ഥിരത തകര്‍ത്ത് കുഴപ്പങ്ങളുണ്ടാക്കാനും അഖണ്ഡത തകര്‍ക്കാനും അയാള്‍ക്ക് ഖത്തറിലെ ബ്രദര്‍ഹുഡ് നേതാക്കളില്‍ നിന്നും നിര്‍ദേശങ്ങളും സായുധവും സാമ്പത്തികവുമായ സഹായവും ലഭിച്ചിട്ടുണ്ടെന്നാണ് ഈജിപ്ത് ആരോപിച്ചത്.
ഈജിപ്തിന്റെ തലസ്ഥാന നഗരിയിലെ കത്തീഡ്രലിലുണ്ടായ സ്‌ഫോടനത്തില്‍ ഖത്തര്‍ ദുഖം രേഖപ്പെടുത്തുകയും അതിനെ അപലപിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ പ്രതിയെന്ന് സംശയിക്കുന്ന മഹാബ് മുസ്തഫ 2015 ദോഹ സന്ദര്‍ശിച്ചു എന്നതിന്റെ പേരില്‍ സംഭവത്തിലേക്ക് ഖത്തറിന്റെ പേര് വലിച്ചിഴച്ചതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഖത്തറില്‍ ജോലിക്കും സന്ദര്‍ശനത്തിനും എത്തുന്ന ലക്ഷക്കണക്കിന് ആളുകളെ പോലെ എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ചാണ് അയാളും രാജ്യത്ത് പ്രവേശിച്ചിട്ടുള്ളതെന്ന് ഖത്തര്‍ വ്യക്തമാക്കി. അയാള്‍ക്ക് പ്രവേശനം നിഷേധിക്കാനോ അറസ്റ്റ് ചെയ്യാനോ ആവശ്യപ്പെട്ടു കൊണ്ടുള്ള ഈജിപ്ത് സുരക്ഷാ വിഭാഗത്തിന്റെയോ ഇന്റര്‍പോളിന്റെയോ നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles