Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന് തടയിടാനുള്ള നിയമവുമായി സ്ലൊവാക്യന്‍ പാര്‍ലമെന്റ്

ബ്രാട്ടിസ്ലാവ: സമീപഭാവിയില്‍ ഒരു മതമെന്ന നിലയില്‍ ഔദ്യോഗിക പദവി നേടുന്നതില്‍ നിന്നും ഇസ്‌ലാമിനെ തടയുന്ന നിയമം സ്ലൊവാക്യന്‍ പാര്‍ലമെന്റ് ബുധനാഴ്ച്ച പാസാക്കി. യൂറോപ്യന്‍ യൂണിയനിലുടനീളം വളര്‍ന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ വികാരത്തിന്റെ ഏറ്റവും പുതിയ സൂചനയാണിത്.
പ്രധാനമായും 2015 മുതല്‍ക്ക് യൂറോപ്പിലേക്ക് ഒഴുകികൊണ്ടിരിക്കുന്ന മുസ്‌ലിം അഭയാര്‍ത്ഥി പ്രവാഹത്തോട് അനുകൂലമായി പ്രതികരിക്കാനും, അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ നടത്തുന്ന പരിശ്രമങ്ങളുമായി സഹകരിക്കാനും ഈ മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രം തയ്യാറായിരുന്നില്ല. സ്ലൊവാക്യയില്‍ ഇസ്‌ലാമിന് യാതൊരു സ്ഥാനവുമില്ലെന്നാണ് പ്രധാനമന്ത്രി റോബര്‍ട്ട് ഫികോയുടെ സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ചുരുങ്ങിയത് 20000 മുതല്‍ 50000 വരെ അംഗങ്ങളുള്ള ഒരു മതത്തിന് മാത്രമേ സബ്‌സിഡികള്‍ക്കും, സ്വന്തമായി സ്‌കൂളുകള്‍ തുടങ്ങാനും അനുവാദം നല്‍കാന്‍ പാടുള്ളു എന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്ലൊവാക് നാഷണല്‍ പാര്‍ട്ടി (എസ്.എന്‍.എസ്) അവതരിപ്പിച്ച ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഈ മാറ്റം ഇസ്‌ലാമിനെ ഗുരുതരമായി ബാധിക്കും. അവസാനം നടത്തിയ സെന്‍സസ് പ്രകാരം ആകെ 2000 മുസ്‌ലിംകള്‍ മാത്രമാണ് സ്ലൊവാക്യയിലുള്ളത്. ഒരൊറ്റ ഔദ്യോഗിക മസ്ജിദ് ഇല്ല. സ്ലൊവാക്യയിലെ ഇസ്‌ലാമിക് ഫൗണ്ടേഷന്റെ കണക്കില്‍ 5000 മുസ്‌ലിംകളുണ്ട്.
ഫ്‌ലെയിംഗ് സ്പാഗെട്ടി മോണ്‍സ്റ്റര്‍ പോലെയുള്ള ആക്ഷേപ ചര്‍ച്ചുകളുടെ രജിസ്‌ട്രേഷന്‍ തടയുക എന്നതാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എസ്.എന്‍.എസ് പറഞ്ഞു.’ഒരു കഷ്ണം കബാബ് കൊണ്ടാണ് ഇസ്‌ലാമികവത്കരണത്തിന് തുടക്കം കുറിക്കുന്നത്, ബ്രാട്ടിസ്ലാവയില്‍ വരെ അത് എത്തികഴിഞ്ഞു, അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ നമുക്കഭിമുഖീകരിക്കേണ്ടി വരിക എന്തിനെയായിരിക്കുമെന്ന് തിരിച്ചറിയുക.. നമുക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി നാം ചെയ്യണം എങ്കില്‍ മാത്രമേ ഭാവിയില്‍ ഒരു മസ്ജിദ് പോലും ഉയര്‍ന്ന് വരാതിരിക്കുകയുള്ളു.’ എസ്.എന്‍.എസ് ചെയര്‍മാന്‍ ആന്ദ്രേ ഡാങ്കൊ പറഞ്ഞു. അതേ സമയം ഇസ്‌ലാമിക് ഫൗണ്ടേഷന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള പ്രതികരണമൊന്നും തന്നെ ഉണ്ടായിട്ടില്ല.
മൊത്തം ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് നിയമം പാസാക്കപ്പെട്ടത്. ഔദ്യോഗിക മതമായി മാറാനുള്ള അംഗപരിധി 250000 ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതിപക്ഷകക്ഷിയായ തീവ്ര വലതുപക്ഷ ‘അവര്‍ സ്ലൊവാക്യ’ പാര്‍ട്ടി മുന്നോട്ട് വെച്ച പ്രമേയം പാര്‍ലമെന്റ് തള്ളിക്കളഞ്ഞിരുന്നു.
മധ്യയൂറോപ്പിലെ ഈ ഏറ്റവും ചെറിയ രാഷ്ട്രത്തിലെ ജനസംഖ്യ 54 ലക്ഷമാണ്. അതില്‍ 62 ശതമാനവും റോമന്‍ കത്തോലിക്കക്കാരാണ്.
ഇസ്‌ലാമിന്റെ രജിസ്‌ട്രേഷനും, പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതും, മസ്ജിദുകള്‍ നിര്‍മിക്കുന്നതും തടയുന്നതിന് കാര്യക്ഷമമായ നടപടികളെടുക്കാന്‍ ഡാങ്കൊ ആഹ്വാനം ചെയ്തു.

Related Articles