Current Date

Search
Close this search box.
Search
Close this search box.

‘ഇസ്‌ലാമിക തീവ്രവാദ’ത്തെ നേരിടാനുള്ള ആഹ്വാനവുമായി ലെ പെന്‍ ബൈറൂത്തില്‍

ബൈറൂത്ത്: ‘ഇസ്‌ലാമിക തീവ്രവാദ’ത്തെ നേരിടാനുള്ള ആഹ്വാനവുമായി ഫ്രഞ്ച് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മാരിന്‍ ലെ പെന്‍ ബൈറൂത്തില്‍. ഫ്രാന്‍സിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ടിന്റെ അധ്യക്ഷയാണ് ലെ പെന്‍. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ തുടരാന്‍ സഹായിക്കുമെന്നും അവര്‍ ആവര്‍ത്തിച്ചു. അതേസമയം ലെ പെന്‍ നടത്തിയ സന്ദര്‍ശനത്തിനെതിരെ പ്രധിഷേധം രേഖപ്പെടുത്താന്‍ വിവിധ ലെബനീസ് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
‘ഇസ്‌ലാമിക തീവ്രവാദം’ ഇല്ലാതാക്കലാണ് മിഡിലീസ്റ്റിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കാനുള്ള ഏറ്റവും ഉത്തമമായ വഴിയെന്ന് ലബനാന്‍ പ്രസിഡന്റ് മിഷേല്‍ ഔന്‍, പ്രധാനമന്ത്രി സഅദ് ഹരീരി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ അവര്‍ ലെ പെന്‍ പറഞ്ഞു. ത്രിദിന സന്ദര്‍ശനത്തിനായി ഞായറാഴ്ച്ചയാണ് അവര്‍ ലബനാനില്‍ എത്തിയത്. വമ്പിച്ച തോതിലുള്ള അഭയാര്‍ഥി പ്രതിസന്ധിയെ കുറിച്ച് ലബനാന്‍ പ്രസിഡന്റുമായി അവര്‍ ഉത്കണ്ഠ പങ്കുവെച്ചു. ഫ്രാന്‍സിലേക്ക് അഭയാര്‍ഥികള്‍ പ്രവേശിക്കുന്നത് തടയണമെന്നും നിലവില്‍ രാജ്യത്തുള്ള അഭയാര്‍ഥികളുടെ എണ്ണം ചുരുക്കണമെന്നും അവരുടെ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി ഹരീരിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം അതിലുള്ള തന്റെ സന്തോഷം അവര്‍ പങ്കുവെച്ചു.
അതേസമയം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭീകരതയുമായി കൂട്ടിക്കുഴച്ച് വരുന്ന ചില മാധ്യമ റിപോര്‍ട്ടുകളും പ്രസ്താവനകളുമാണ് ഏറ്റവും വലിയ തെറ്റെന്ന് ലെ പെന്നിനെ മുന്‍നിര്‍ത്തി ഹരീരി പറഞ്ഞതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി. വരുന്ന ഏപ്രില്‍ 23ന് നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരെഞ്ഞെടുപ്പിലേക്കുള്ള പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ലെ പെന്‍ ലബനാനില്‍ എത്തിയത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ലെ പെന്നുമായി കൂടിക്കാഴ്ച്ച നടത്താന്‍ വിസ്സമ്മതിച്ചിരുന്നു. ലെ പെന്‍ ഫ്രഞ്ച് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടാല്‍ അത് ‘ദുരന്തം’ ആയിരിക്കും എന്നാണ് സ്പാനിഷ് പ്രസിഡന്റ് മാരിയാനോ റഗോയ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

Related Articles