Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ യുനസ്‌കോയുമായുള്ള ബന്ധം വിഛേദിച്ചു

തെല്‍അവീവ്: യുനസ്‌കോയുമായുള്ള സഹകരണം ഇസ്രായേല്‍ താല്‍ക്കാലികമായി നിര്‍ത്തി. മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട ഇസ്രായേല്‍ നയങ്ങളെ വിമര്‍ശിച്ച് യുനസ്‌കോ പ്രമേയം പാസ്സാക്കി ഒരു ദിവസത്തിനു ശേഷമാണ് നടപടി. മുസ്‌ലിംകള്‍ക്ക് പ്രദേശത്ത് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇസ്രായേല്‍ നടപടിയേയും പോലീസിന്റെയും സേനയുടെയും ആക്രമണങ്ങളെയും പ്രമേയം അപലപിച്ചിരുന്നു. ഇസ്രായേല്‍ അധിനിവേശ ശക്തിയാണെന്നും പ്രമേയം വ്യക്തമാക്കിയിരുന്നു.
അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീനിനെ രാഷ്ട്രമായി അംഗീകരിക്കാനും ഇസ്രായേലിനുള്ള ശക്തമായ സന്ദേശമാണിത്. ജറൂസലേം മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും വിശുദ്ധ സ്ഥലങ്ങളാണെന്നും ഫലസ്തീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂ റദൈന പറഞ്ഞു. ജറൂസലേമിന്റെ പദവിയാണ് പതിറ്റാണ്ടുകളായി തുടരുന്ന ഫലസ്തീനിലെ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ ഒന്ന്.
കിഴക്കന്‍ ജറൂസലേമില്‍ സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ അഖ്‌സ ഇസ്‌ലാമിലെ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമാണ്. 1967ല്‍ വെസ്റ്റ് ബാങ്കിലെ സൈനിക അധിനിവേശത്തിന്റെ ഭാഗമായി ഇസ്രായേല്‍ ജറൂസലേം അവരുടെ ഭാഗമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സമൂഹം ഒരിക്കലും തന്നെ ഇതിന് അംഗീകാരം നല്‍കുകയുണ്ടായില്ല.
മസ്ജിദ് പരിസരം പൂര്‍ണ്ണമായും ജൂത നിയന്ത്രണത്തിലാക്കാനാണ് സയണിസ്റ്റ് സംഘടനകളും ജൂതന്മാരും ആഹ്വാനം ചെയ്യുന്നത്. ജൂത സംഘടനകള്‍ കേന്ദ്രത്തെ ‘ടെപിംള്‍ മൗണ്ട്’ എന്നാണ് വിശേഷിപ്പിക്കന്നത്. മസ്ജിദിന്റെ പരിസരത്തെ സൈന്യത്തിന്റെ കയ്യേറ്റം കിഴക്കന്‍ ജറൂസലം, ഗസ്സ വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ ഫലസ്തീന്‍ പോരാളികളുടെ പ്രതിഷേധം ശക്തമാക്കുന്നതിന് കാരണമായി.
ഇസ്രായേല്‍ സൈന്യത്തിന്റെയും സായുധ കുടിയേറ്റക്കാരുടെയും തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ പ്രത്യേകിച്ചും ഇക്കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതിനും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി. മുസ്‌ലിംകള്‍ക്ക് മസ്ജിദിന്റെ പരിസരത്തേക്ക് പ്രവേശിക്കുന്നതിന് സൈന്യം ശക്തമായ നിയന്ത്രണം കൊണ്ടുവരികയും ചെയ്തു.
യുനെസ്‌കോയുടെ പ്രമേയത്തെ ഇസ്രായേലും അമേരിക്കയും അപലപിക്കുകയുണ്ടായി. അല്‍ അഖ്‌സ മസ്ജിദിന്റെ പരിസരവുമായി ജൂതന്മാര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന യുനസ്‌കോയുടെ പ്രമേയത്തെ ശക്തമായ രീതിയിലാണ് ഇസ്രായേല്‍ വിമര്‍ശിക്കുന്നതെന്ന് അല്‍ ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂത, ഇസലാം, ക്രിസ്ത്യന്‍ എന്നീ മൂന്ന് സെമസ്റ്റിക് മതങ്ങളുടെയും പുണ്യകേന്ദ്രമാണ് ജറൂസലം എന്ന് പ്രമേയം പരാമര്‍ശിക്കുന്നുണ്ടെങ്കിലും പ്രമേയത്തിന്റെ പ്രത്യേക ഭാഗം അല്‍ അഖ്‌സ മുസ്‌ലിംകളുടെ മാത്രം പുണ്യകേന്ദ്രമാണെന്ന് പറയുന്നതായും ഇതാണ് യഥാര്‍ഥത്തില്‍ ഇസ്രായേല്‍ സര്‍ക്കാറിന്റെ പ്രകോപനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
യുനസ്‌കോ അതിന്റെ അസംബന്ധ നാടകങ്ങള്‍ തുടരുകയാണ്. ‘ടെംമ്പിള്‍ മൗണ്ടു’മായി ഇനി ഇസ്രായേലിലെ ജനങ്ങള്‍ക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ലെന്ന മറ്റൊരു വഞ്ചനാപരമായ തീരുമാനം കൂടി ഇപ്പോള്‍ യുനസ്‌കോ എടുത്തിരിക്കുകയുമാണെന്നും  ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.  ഈ പ്രമേയം അംഗീകരിക്കുക വഴി യുനസ്‌കോയ്ക്ക് അതിന്റെ നിയമ സാധുത നഷ്ടപ്പെട്ടതായും വ്യാഴാഴ്ച നെതന്യാഹു വ്യക്തമാക്കിയിരുന്നു.

Related Articles