Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലേക്ക് സൗദിയുടെ വ്യോമപാത ഉപയോഗിക്കാന്‍ എയര്‍ ഇന്ത്യക്ക് അനുമതി ലഭിച്ചതായി നെതന്യാഹു

തെല്‍ അവീവ്: ഇസ്രായേലിലേക്ക് വിമാന സര്‍വിസ് നടത്താന്‍ സൗദിയുടെ വ്യോമപാത ഉപയോഗിക്കാന്‍ എയര്‍ ഇന്ത്യക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നിന്നും തെല്‍അവീവിലേക്കും തിരിച്ചും സര്‍വീസ് നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.

അതേസമയം, സൗദിയോ എയര്‍ ഇന്ത്യയോ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഇസ്രായേല്‍ മാധ്യമങ്ങളോട് നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയത്.

സൗദിയുടെ മുകളിലൂടെ ഇസ്രായേലിലേക്ക് പറക്കാന്‍ എയര്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടുണ്ടെന്നാണ് നെതന്യാഹു പറഞ്ഞത്. ഇതോടെ തെല്‍ അവീവില്‍ നിന്നും ലണ്ടനിലേക്കുള്ള അതേ യാത്രാ ദൈര്‍ഘ്യം തന്നെയാകും ഇന്ത്യയിലേക്കെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷമായി ഇസ്രായേലിലേക്കുള്ള സൗദിയുടെ വ്യോമപാത മറ്റാര്‍ക്കും സൗദി വിട്ടു നല്‍കിയിരുന്നില്ല. ഈ നിരോധനം നീക്കുന്നത് സൗദിയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന് ശക്തി നല്‍കുമെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍.

സൗദിയുടെ വ്യോമപാതയിലൂടെ ആഴ്ചയില്‍ മൂന്നു വിമാനങ്ങള്‍ തെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുമെന്ന് കഴിഞ്ഞ മാസം എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ റിയാദിലെ സിവില്‍ ഏവിയേഷന്‍ വിഭാഗം ഇതിന് അനുമതി നല്‍കിയിരുന്നില്ല.

നിലവില്‍ ഇസ്രായേലിന്റെ എല്‍ അല്‍ എയര്‍ലൈന്‍സ് മുംബൈയിലേക്ക് ആഴ്ചയില്‍ നാലു വിമാന സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, ഇത് തെക്കന്‍ എത്യോപ്യ വഴി കിഴക്കന്‍ ഇന്ത്യയിലേക്കുള്ള വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ സര്‍വീസിന് ഏഴു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. എന്നാല്‍, സൗദിയുടെ പാത ലഭിക്കുന്നതോടെ ഇത് രണ്ടു മണിക്കൂറായി ചിരുങ്ങും.

 

Related Articles