Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ കുടിയേറ്റം സമാധാനത്തിന് സഹായകരമാവില്ല: വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: ഫലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കും ഇടയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ഇസ്രയേലിന്റെ കുടിയേറ്റം സഹായകരമാവില്ലെന്ന് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം. പുതിയ കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണവും നിലവിലുള്ളവയുടെ വികസനവും സമാധാനം യാഥാര്‍ഥ്യമാക്കുന്നതിന് സഹായകമാവില്ലെന്ന് വൈറ്റ്ഹൗസ് പ്രസ്താവന വ്യക്തമാക്കി. കുടിയേറ്റ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ട്രംപ് ഭരണകൂടം ഇതുവരെ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പ്രസ്താവന പറയുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കുന്ന വേളയില്‍ അതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും പ്രസ്താവന സൂചിപ്പിച്ചു. സമാധാനം യാഥാര്‍ഥ്യമാക്കാനുള്ള അമേരിക്കയുടെ താല്‍പര്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ അമ്പതു വര്‍ഷം എങ്ങനെയായിരുന്നോ അതുപോലെ ഇന്നുമത് നിലനില്‍ക്കുന്നുണ്ടെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.
കുടിയേറ്റത്തെ പിന്തുണക്കുന്ന നയങ്ങള്‍ സ്വീകരിക്കുകയും അമേരിക്കന്‍ എംബസി തെല്‍അവീവില്‍ നിന്നും അധിനിവിഷ്ട ഖുദ്‌സിലേക്ക് മാറ്റാനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുകയും ചെയ്ത ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ് വൈറ്റ്ഹൗസ് പ്രസ്താവനയെന്ന് എ.എഫ്.പി അഭിപ്രായപ്പെട്ടു. ജനുവരി 20ന് ട്രംപ് അധികാരത്തിലേറിയതിന് ശേഷം അധിനിവിഷ്ട ഖുദ്‌സിലും വെസ്റ്റ്ബാങ്കിലും ആറായിരത്തില്‍ പരം കുടിയേറ്റ യൂണിറ്റുകള്‍ക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Related Articles