Current Date

Search
Close this search box.
Search
Close this search box.

ഇറാന്റെ ശക്തിയും സ്ഥാനവും സൗദി അറിയും: ഹസന്‍ റൂഹാനി

തെഹ്‌റാന്‍: ഇറാന്റെ ശക്തിയും പ്രദേശത്ത് അതിന്നുള്ള സ്ഥാനവും തീര്‍ച്ചയായും സൗദി അറിയുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാനെതിരെയുള്ള സൗദി പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍ നിങ്ങളുടെ ശത്രുവായിട്ടും അമേരിക്കയെയും ഇസ്രയേലിനെയും മിത്രങ്ങളായിട്ടുമാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ വിവേകശൂന്യമായ കാഴ്ച്ചപ്പാടും നയതന്ത്ര അബദ്ധവുമാണതെന്നും അദ്ദേഹം പറഞ്ഞു. അവരേക്കാള്‍ ശക്തരായ രാഷ്ട്രങ്ങള്‍ക്ക് ഇറാന്‍ ജനതയെ നേരിടാന്‍ സാധിച്ചിട്ടില്ല. അമേരിക്കയും അവരുടെ വാലാട്ടികളും അവരുടെ മുഴുവന്‍ കഴിവും സാധ്യതകളും മുന്നില്‍വെച്ച് അതിന് ശ്രമിച്ചിട്ടും സാധിച്ചിട്ടില്ലെന്നും ബുധനാഴ്ച്ച തെഹ്‌റാനില്‍ ഭരണകൂടത്തിന്റെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സ്ഥിതി ലഘൂകരിക്കുന്നതിന് അവ പരിഹരിക്കുകയാണ് അല്ലാതെ പ്രദേശത്തെ മറ്റ് രാഷ്ട്രങ്ങളുമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും റൂഹാനി പറഞ്ഞു. പ്രദേശം പ്രശ്‌ന കലുഷിതമായി നിലനില്‍ക്കാനാണ് അമേരിക്കന്‍ ഭരണകൂടം പണിയെടുക്കുന്നത്. അവിടത്തെ രാഷ്ട്രങ്ങള്‍ക്ക് ആയുധം വില്‍ക്കലാണ് അവരുടെ ലക്ഷ്യം. പ്രദേശത്തെ രാഷ്ട്രങ്ങളുടെ പ്രത്യേകിച്ചും സൗദിയുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനും അതിവിദഗ്ദമായി അവര്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സൗദി അടക്കമുള്ള അയല്‍രാഷ്ട്രങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനാണ് ഇറാന്‍ താല്‍പര്യപ്പെടുന്നത്. എന്നും അദ്ദേഹം വിശദമാക്കി.
യമനിലെ ഹൂഥികള്‍ക്ക് ഇറാന്‍ അത്യാധുനിക ആയുധങ്ങള്‍ നല്‍കുന്നു എന്ന ആരോപണം ഇറാന്‍ നിഷേധിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് നിരക്കാത്ത തെറ്റായ നടപടിയെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ളരീഫ് പ്രസ്തുത ആരോപണങ്ങളെ വിശേഷിപ്പിച്ചത്. യമനിലെ ഹൂഥികള്‍ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നത് സൗദിക്കെതിരെയുള്ള പ്രത്യക്ഷ യുദ്ധമായിട്ടാണ് കണക്കാക്കുകയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആരോപിച്ചിരുന്നു.

Related Articles