Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയുടെ ആത്മാവിനെ ബാധിക്കുന്ന വിഷയമാണ് ഏകസിവില്‍കോഡ്: ടി ആരിഫലി

കോഴിക്കോട്: രാഷ്ട്രത്തിന്റെ അസ്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണ് ഏകീകൃതസിവില്‍കോഡെന്നും ഭരണകൂടം അത് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തെ ജനത ഒറ്റകെട്ടായി അതിനെ നേരിടുമെന്നും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി ആരിഫലി.  സംതൃപ്ത കുടുംബത്തിന് ഇസ് ലാമികശരീഅത്ത് എന്ന ശീര്‍ഷകത്തില്‍ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ദേശീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ബഹുസ്വരസമൂഹമാണ് ഇന്ത്യ. വിദേശരാജ്യങ്ങള്‍ ഇന്ത്യയുടെ ബഹുവിധസംസ്‌കാരത്തില്‍ അത്ഭുതം കൂറുന്നവരാണ്. ഏകീകൃതഭരണകൂടത്തിന് കീഴെയാണ് ഈ ബഹുസ്വരത. മുസ്‌ലീം വ്യകതിനിയമം കൂടാതെ മറ്റനേകം വ്യക്തിനിയമങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്.
കൂടാതെ, നാട്ടാചാരങ്ങളും പാരമ്പര്യങ്ങളും. ഏകീകൃതസിവില്‍കോഡ് മുസ്‌ലിം സമൂഹത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ലെന്ന തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും അത് ബാധിക്കുന്ന ഒരു പ്രശ്‌നമാണത്. ഈ വസ്തുത ഇപ്പോള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭരണകൂടം അത് നടപ്പാക്കുമ്പോള്‍ തിരിച്ചറിഞ്ഞുകൊള്ളും. ഏകീകൃതസിവില്‍കോഡ് സദുദ്ധേശ്യപരമല്ലെന്നും അത് മുസ്‌ലിം സമൂഹത്തെ പാഠം പഠിപ്പിക്കാനും രാജ്യത്തെ ശിഥിലീകരിക്കാനുമുള്ള ഉപകരണമാണെന്ന യാഥാര്‍ഥ്യം മതേതരകക്ഷികള്‍ തിരിച്ചറിഞ്ഞത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ കാമ്പയിന് രണ്ടു ലക്ഷ്യങ്ങളാണുള്ളത്. ഇസ്‌ലാമികശരീഅത്തിനെ സംബന്ധിച്ച് മുസ്‌ലിം സമൂഹത്തെ ബോധവത്ക്കരിക്കുക എന്നതാണ് അതില്‍ ഒന്നാമത്തേത്. ദൈവികമാണ് ശരീഅത്ത്. അനുഗ്രഹീതവും സുന്ദരവും ഇരുലോകത്തേക്കും ഫലപ്രദവുമാണ് അത്. പ്രവാചകചര്യയില്‍ നിന്നാണ് അത് ലഭിക്കുന്നത്. ശരീഅത്തിന്റെ സൗന്ദര്യം മുസ്‌ലിം സമൂഹം അനുഭവിച്ച് അത് മറ്റുള്ളവര്‍ക്ക് അനുഭവഭേദ്യമാക്കണം. നിയമങ്ങള്‍ മാത്രമല്ല, അവയുടെ യുക്തിയും സാമൂഹികതത്വങ്ങളും മുസ്‌ലിംകള്‍ മനസ്സിലാക്കേണ്ടതുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനതക്ക് ശരീഅത്ത് എന്താണെന്ന സാമാന്യജ്ഞാനം നല്‍കുകയാണ് കാമ്പയിന്റെ രണ്ടാമത്തെ ലക്ഷ്യം. ശരീഅത്തിനെ എതിര്‍ക്കുന്നവര്‍ എല്ലാവരും ശത്രുക്കളാണെന്ന നിലപാട് ജമാഅത്തെ ഇസ്‌ലാമിക്കില്ല. അജ്ഞതയാണ് ശരീഅത്ത് തെറ്റിദ്ധാരണക്കുള്ള കാരണമെന്നും ആരിഫലി കൂട്ടിചേര്‍ത്തു.
ജമാഅത്തെ ഇസ്‌ലാമി  അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. മുസ്‌ലിം വ്യകതിനിയമങ്ങല്‍ക്കെതിരെയാണ് ഭരണകൂടം നിലകൊള്ളുന്നത്. അത്തരമൊരു പശ്ചാത്തലത്തില്‍ ശരീഅത്തിന്റെ സംരക്ഷണം സമുദായത്തിന്റെ ബാധ്യതയാണെന്ന് അധ്യക്ഷന്‍ പറഞ്ഞു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് അംഗം അബ്ദുശ്ശക്കൂര്‍ ഖാസിമി, മാധ്യം-മീഡിയവണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഒ അബ്ദുറഹ്മാന്‍, എം.എസ്.എസ് ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മമ്മദ്‌കോയ, ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം പ്രസിഡന്റ് എ റഹ്മത്തുന്നീസ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് വി.പി ബഷീര്‍ സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി സ്വാഗതവും  പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ സുബ്ഹാന്‍ ബാബു നന്ദിയും പറഞ്ഞു. ടി.എം ശരീഫ് ഖിറാഅത്ത് നടത്തി.

Related Articles