Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഡ്ജിമാര്‍

ന്യൂഡല്‍ഹി: ചരിത്രത്തിലെ അസാധാരണ സംഭവങ്ങള്‍ക്കാണ് ഇന്ന് ഇന്ത്യന്‍ സുപ്രിം കോടതി സാക്ഷ്യം വഹിച്ചത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കോടതി നടപടികള്‍ നിര്‍ത്തിവച്ചാണ് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയത്.

ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ്, മദന്‍ പി ലോകൂര്‍ എന്നീ മുതിര്‍ന്ന ജഡ്ജിമാരാണ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്.

സുപ്രിംകോടതിയുടെ ഭരണസംവിധാനം ശരിയായ രീതിയിലല്ലെന്നും കോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും ഇവര്‍ പറഞ്ഞു. ഭാവി തലമുറ ഞങ്ങളെ മന:സാക്ഷി പണയം വെച്ചവര്‍ എന്നു പറയാതിരിക്കാനാണ് ഇപ്പോള്‍ ഇങ്ങനെ ചെയ്യുന്നതെന്നും ജഡ്ജിമാര്‍ തുറന്നടിച്ചു.

ഞങ്ങള്‍ക്ക് രാജ്യത്തോടും സുപ്രിംകോടതിയോടും ഉത്തരവാദിത്വമുണ്ട്. ഈ സ്ഥാപനം നിലനില്‍ക്കണം. ഇവിടുത്തെ ഭരണം കുത്തഴിഞ്ഞ നിലയിലാണ്. ഇക്കാര്യമുന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും അദ്ദേഹം മുഖവിലക്കെടുത്തില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിനെ ഇംപീച്ച് ചെയ്യണമോ എന്നത് രാജ്യം തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന ജഡ്ജിമാര്‍ എന്ന നിലയില്‍ ചില ഉത്തരവാദിത്വങ്ങളുണ്ട്. നിഷ്പക്ഷമായ നിയമവ്യവസ്ഥയില്ലാതെ ജനാധിപത്യത്തിന് നിലനില്‍ക്കാനാവില്ല.  രാജ്യത്തിന്റെ ആശങ്കളാണ് തങ്ങള്‍ പങ്കുവെക്കുന്നത്. തീര്‍ത്തും അസാധാരണമായ സംഭവമാണിത്. വാര്‍ത്താ സമ്മേളനത്തിന് തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇങ്ങനെ ഒരു നടപടിക്കു മുതിരേണ്ടി വന്നതില്‍ വിഷമമുണ്ട്.  രാജ്യങ്ങളുടെ ചരിത്രത്തില്‍ തന്നെ ഇത് അസാധാരണ സംഭവമാണന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

അതേസമയം, എതിര്‍പ്പിന് കാരണമായ വിഷയം ജഡ്ജിമാര്‍ പ്രത്യക്ഷമായി പുറത്തു പറഞ്ഞില്ല. നഷ്ടപ്പെടുന്ന പ്രതിഛായ കൂടുതല്‍ നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു ഇങ്ങനെ പ്രതികരിച്ചത്. ജസ്റ്റിസ് ബി.എച്ച് ലോയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ചുമതല ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമാണ് ഈ നീക്കത്തിന് കാരണമെന്നാണ് കരുതുന്നത്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച  കൊളീജിയത്തിന്റെ തീരുമാനത്തിലും ഇവര്‍ക്ക് എതിര്‍പ്പുണ്ട്. അഞ്ചംഗ കൊളീജിയത്തിലെ നാല് ജഡ്ജിമാരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.    

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ബി.എച്ച് ലോയ. ഈ കേസില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് സുപ്രിം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

 

 

Related Articles