Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബ് പ്രവിശ്യയില്‍ സിറിയ-റഷ്യ സഖ്യസേന ബോംബിങ് ശക്തമാക്കി

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ റഷ്യയുടെ സഹായത്തോടെ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ബോംബ് വര്‍ഷം തുടരുന്നു. സൈന്യത്തിനെതിരേ പോരാടുന്ന വിമതര്‍ക്കു നേരെയാണ് ആക്രമണം. കഴിഞ്ഞ ദിവസം ഇദ്‌ലിബിലെ ഗ്രാമപ്രദേശങ്ങളില്‍ റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 12ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ എണ്‍പതിനായിരം പേരാണ് ഇവിടെ നിന്നും അഭയാര്‍ത്ഥി ക്യാംപുകളിലേക്കും മറ്റും മാറിത്താമസിച്ചത്. ഇദ്‌ലിബ് ഏറെ കാലമായി വിമതരുടെ പിടിയിലാണ്. ഇവിടെ ഐ.എസ് ഭീകരരും പിടിമുറുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇരു കൂട്ടര്‍ക്കും നേരെയാണ് സിറിയയിലെ ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യം റഷ്യയുടെ സഹായത്തോടെ ആക്രമണം നടത്തുന്നത്. ഇരു കൂട്ടരില്‍ നിന്നും പ്രദേശം മോചിപ്പിച്ചെടുക്കുക എന്നതാണ് സിറിയയുടെ ലക്ഷ്യം.

ഇരു കൂട്ടരും തമ്മിലുള്ള പോരാട്ടത്തിനിടെ ഇതിനോടകം പതിനായിരക്കണക്കിന് നിരപരാധികളാണ് മരിച്ചു വീണത്. ഇതില്‍ പകുതിയിലേറെയും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. മരിച്ചവരിലേറെ പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. കിടക്കയിലും വീല്‍ചെയറിലും ആശുപത്രിയിലും അഭയാര്‍ത്ഥി ക്യാംപിലും ജീവിതം തള്ളിനീക്കുന്നവര്‍ അതിലേറെപേരും.

അതേസമം, ഞായറാഴ്ച വൈകീട്ട് ഇദ്‌ലിബിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴു പേര്‍ സാധാരണ പൗരന്മാരാണ്. മേഖലയിലെ സായുധ സംഘമായ അജ്‌നദ് അല്‍ കൗകസിന്റെ ആസ്ഥാനത്തിനു സമീപമായിരുന്നു സ്‌ഫോടനം. എന്നാല്‍ ആരെ ഉദ്ദേശിച്ചാണ് ആക്രമണം നടത്തിയതെന്നും ആരാണിതിനു പിന്നിലെന്നും വ്യക്തമല്ല.

 

 

 

Related Articles