Current Date

Search
Close this search box.
Search
Close this search box.

ആസൂത്രണമില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം പാപ്പരാവുമെന്ന് സൗദി മന്ത്രി

റിയാദ്: വെട്ടിചുരുക്കലുകളും ചെലവ് ചുരുക്കല്‍ നടപടികളും സ്വീകരിക്കാത്ത പക്ഷം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം പാപ്പരാവുമെന്ന് സൗദി സാമ്പത്തിക കാര്യ സഹമന്ത്രി മുഹമ്മദ് തുവൈജിരി. പെട്രോളിയത്തിന്റെ വില ബാരലിന് 40-50 ഡോളറില്‍ തുടരുകയും ചെലവുകളുടെ കാര്യത്തില്‍ സുപ്രധാനമായ തീരുമാനങ്ങളും നടപടികളും സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ രാജ്യം പാപ്പരാവുമെന്നാണ് എം.ബി.സി ചാനലിനോട് അദ്ദേഹം പറഞ്ഞത്.
എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ വെള്ളം, വൈദ്യുതി, ഊര്‍ജ്ജം തുടങ്ങിയ സേവനങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ കഴിഞ്ഞ വര്‍ഷം സൗദി വെട്ടിചുരുക്കിയിരുന്നു. സൗദി ഭരണകൂടം ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും അലവന്‍സുകളും കുറക്കുകയും മന്ത്രിമാരുടെ ശമ്പളത്തില്‍ 20 ശതമാനവും ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ പ്രതിഫലത്തില്‍ 15 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് മാത്രം സബ്‌സിഡി ലഭ്യമാക്കുന്ന തരത്തിലുള്ള നീതിയുക്തമായ സബ്‌സിഡി സംവിധാനത്തെ കുറിച്ച് ഭരണകൂടം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും സൗദി മന്ത്രി പറഞ്ഞു.
അസംസ്‌കൃത എണ്ണയുടെ വിലയിടിഞ്ഞതിന്റെ ഫലമായി ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാഷ്ട്രമായ സൗദിയുടെ വരുമാനത്തില്‍ വലിയ കുറവാണ് വന്നിട്ടുള്ളത്.

Related Articles