Current Date

Search
Close this search box.
Search
Close this search box.

ആത്മീയ ചൂഷകര്‍ക്ക് സാമുദായിക, രാഷ്ട്രീയ പിന്തുണ നല്‍കരുത്: കെ.എന്‍.എം

കോഴിക്കോട്: പ്രാകൃതമായ ജിന്ന് ചികിത്സക്കിടെ നാദാപുരത്ത് സ്തീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പരമാവധി ശിക്ഷ നല്‍കി മാതൃകാപരമായി നടപ്പാക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇത്തരം ചൂഷകര്‍ക്ക് സാമുദായികമോ, രാഷ്ട്രീയമോ ആയ പിന്തുണ നല്‍കുന്നത് അപകടകരമാണ്. വിവിധ പ്രദേശങ്ങളിലുള്ള ആത്മീയ ചൂഷണ കേന്ദ്രങ്ങളിലെ ദുരൂഹമരണങ്ങളും. പീഢനങ്ങളും അന്വേഷിക്കണം. ക്ഷുദ്ര ചികിത്സയുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം വേണം. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം നിയമം വഴി അന്ധവിശ്വാസങ്ങള്‍ തടയപ്പെടണം. ആള്‍ദൈവങ്ങള്‍ക്കും  ആത്മീയ ചൂഷണകേന്ദ്രങ്ങള്‍ക്കും ലഭിക്കുന്ന രാഷ്ട്രീയ പിന്തുണകള്‍ അവസാനിപ്പിക്കാന്‍ പൊതു പ്രവര്‍ത്തകര്‍ തയ്യാറാകണം.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമായ എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുന:സ്ഥാപിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം. കരിപ്പൂര്‍ വിമാനത്താവളത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ രാഷ്ട്രീയ, ഉദ്യോഗസ്ഥ, വര്‍ത്തക സമൂഹം ഐക്യപ്പെടണമെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു. ആത്മീയ ചൂഷകര്‍ക്കെതിരെ പ്രചാരണം ശക്തമാക്കും. മാര്‍ച്ച് അഞ്ചിന് കോഴിക്കോട് സംസ്ഥാന ഭരണസമിതയോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി , ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.അസ്ഗറലി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂരിഷാ, സെക്രട്ടറിമാരായ എം.അബ്ദുറഹിമാന്‍ സലഫി, എം. മുഹമദ് മദനി, പാലത്ത് അബ്ദുറഹ്മാന്‍ മദനി, എം. സലാഹുദ്ധീന്‍ മദനി, എം.ടി അബ്ദുസമദ് സുല്ലമി, ഡോ. സുല്‍ഫീക്കര്‍ അലി, ഡോ. പി.പി അബ്ദുല്‍ ഹഖ്, കെ.നാസിര്‍ സുല്ലമി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles