Current Date

Search
Close this search box.
Search
Close this search box.

ആഘോഷ വേളകളില്‍ സൗഹൃദത്തിന്റെ ചങ്ങലകള്‍ ശക്തിപ്പെടണം

പൂക്കോട്ടൂര്‍: നമ്മുടെ നാടിന്റെ സൗഹൃദപാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാവുന്നതിനു വേണ്ടി വ്യത്യസ്ത ആഘോഷ സുദിനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും ഗ്രാമങ്ങളില്‍ സൗഹൃദത്തിന്റെ ചങ്ങലകള്‍  ശക്തിപ്പെടണമെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചര്‍ അഭിപ്രായപ്പെട്ടു.  ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മതമൈത്രിയും സൗഹാര്‍ദ്ദവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആശ്വാസം സേവനകേന്ദ്രം മുണ്ടിതൊടികയില്‍ സംഘടിപ്പിച്ച ഈദ് ഓണം സൗഹൃദസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.    
ആശ്വാസം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ട് ശിഹാബ് പൂക്കോട്ടൂര്‍ സംഗമത്തില്‍ സൗഹാര്‍ദ സന്ദേശം നല്‍കി.  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭാ സത്യന്‍, വാര്‍ഡ് മെമ്പര്‍ മുഹമ്മദ് മുസ്തഫ, മുനിസിപ്പല്‍ കൗണ്‍സലര്‍ എം. അലവി, ശശി പൂക്കോട്ടൂര്‍, ഇ.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കൊടക്കാടന്‍ ഉസ്മാന്‍, പി. നിസാം, എന്‍. ഇബ്‌റാഹീം, സി.ടി. അലവിക്കുട്ടി മോങ്ങം, ഷഫീഖ് അഹ്മദ്, ഇസ്ഹാഖ് പൂക്കോട്ടൂര്‍, ഫഹദ് സലീം, ഷാനവാസ് കോഡൂര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
വിവിധ രാഷ്ട്രീയ-മത-സാംസ്‌കാരിക രംഗത്തെ പ്രതിനിധികള്‍ പങ്കെടുത്ത സംഗമത്തില്‍ ഒരു പൊതു സൗഹൃദവേദി ഉണ്ടാവണമെന്ന പൊതു അഭിപ്രായപ്രകാരം സംഘാടനത്തിനു വേണ്ടി ഒരു കമ്മിറ്റിയെ ചുമതപ്പെടുത്തി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ആശ്വാസം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എം. അബ്ദുല്‍ ജലീലിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചര്‍ മെമന്റോ നല്‍കി ആദരിച്ചു. ആശ്വാസം വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി പി. കുഞ്ഞുമുഹമ്മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി മഹ്ബൂബുറഹ്മാന്‍ നന്ദിയും പറഞ്ഞു.  വൈസ് പ്രസിഡണ്ട് വി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ഏകമാനവികതയുടേയും ഒരുമയുടേയും സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ സന്നദ്ധരാവണം
ഹാജിയാര്‍പള്ളി: മനുഷ്യര്‍ക്കിടയില്‍ മനുഷ്യന്‍ തീര്‍ക്കുന്ന ജാതി-മത അതിരടയാളങ്ങള്‍ മായിച്ചുകളഞ്ഞ് ഏകമാനവികതയുടേയും ഒരുമയുടേയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ നാം തയ്യാറാവണം. ഓണം തരുന്നത് ഒരുമയുടെ സന്ദേശവും ബലിപെരുന്നാളിന്റെ ചോദന ഏകമാവികതയുമാണ്. 30 ആണ്ടുകള്‍ക്ക് ശേഷം ഈദും ഓണവും ഒത്തൊരുമയോടെ കൈകോര്‍ത്തിരിക്കുകയാണ് കേരളത്തില്‍. സൗഹാര്‍ദ്ദം, സമത്വം, സമൃദ്ധി, സര്‍വാശൈ്വര്യം എന്നിവയാണ് ഈ രണ്ട് ആഘോഷങ്ങളുടേയും സാംസ്‌കാരികതകള്‍. കാണക്കാണെ കേരളീയ സമൂഹത്തില്‍പ്പോലും അന്യംനിന്ന് വരികയാണ് ഈ സാംസ്‌കാരിക നൈതികമൂല്യങ്ങള്‍. ഇവ തിരിച്ചുപിടിക്കാന്‍ നാം ഒറ്റകെട്ടായി മുന്നിട്ടിറങ്ങിയേ പറ്റൂ. ഹാജിയാര്‍പള്ളി ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ജമാഅത്തെഇസ്‌ലാമി പ്രവര്‍ത്തകര്‍ ഒരുക്കിയ ‘ഈദ് ഓണം സൗഹൃദ സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷ നാളുകളും വിശേഷ സുദിനങ്ങളും നാടിന്റേയും സമൂഹത്തിന്റെയും നന്മക്കും മൈത്രിക്കും ഉപയോഗപെടുത്തണമെന്നാഗ്രഹിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. മതസൗഹാര്‍ദ്ദ സംഗമങ്ങള്‍ സൗഹൃദകൂട്ടായ്മകള്‍, സാമൂഹിക സേവനസംരംഭങ്ങള്‍ തുടങ്ങിയവക്ക് ഈ പ്രസ്ഥാനം മുഖ്യപരിഗണന നല്‍കിവരികയും ചെയ്യുന്നു. അത്‌കൊണ്ട്തന്നെ ഈ സംഗമ പരിപാടി ഏറെശ്രദ്ദേയവും സ്വാഗതാര്‍ഹവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുമുണ്ടായി. വൈകീട്ട് നാല് മണിക്ക് സംഗമം കണ്‍വീനര്‍ പി. അനീസ് റഹ്മാന്‍ മാസ്റ്ററുടെ സ്വാഗത ഭാഷണത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ മലപ്പുറം മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പരി അബ്ദുല്‍ മജീദ്, വാര്‍ഡ് മെമ്പര്‍മാരായ പി. സുനിത, ടി.ടി സൈനബ, എന്നിവര്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ സാമൂഹിക മേഘലകളെ പ്രതിനിധീകരിച്ച് പി. ബാലന്‍, പി. സുബ്രമണ്യന്‍ മാസ്റ്റര്‍, കെ. മൂസക്കുട്ടി, പി. രവീന്‍ന്ദ്രന്‍ മാസ്റ്റര്‍ പരി ഉസ്മാന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് ചെറിയകുട്ടികളുടെ മതേതര കലാവിരുന്ന് സംഗമത്തെ ധന്യമാക്കി. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ഏരിയ പ്രസിഡന്റ് ജന. പി.പി മുഹമ്മദ് മാസ്റ്ററുടെ സമാപന പ്രസംഗത്തോടെ സംഗമം പര്യവസാനിച്ചു.

Related Articles