Current Date

Search
Close this search box.
Search
Close this search box.

ആഗസ്റ്റില്‍ 180 സിവിലിയന്മാര്‍ യമനില്‍ കൊല്ലപ്പെട്ടതായി യു.എന്‍

സന്‍ആ: യുദ്ധം തകര്‍ത്ത യമനില്‍ കഴിഞ്ഞമാസം മാത്രം കൊല്ലപ്പെട്ടത് 180 സിവിലിയന്മാരാണെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍. സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയതോടെ സിവിലിയന്മാരുടെ മരണത്തിലുണ്ടായിട്ടുള്ള വര്‍ധനവ് ആശങ്കയുളവാക്കുന്നതാണെന്നും ആഗസ്റ്റില്‍ 180 പേര്‍ കൊല്ലപ്പെടുകയും 268 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും യു.എന്‍ വക്താവ് സിസിലി പൗലി വ്യക്തമാക്കി. 2015 മാര്‍ച്ച് 26 നും 2016 സെപ്റ്റംബര്‍ 22 നുമിടയില്‍ 3980 സിവിലയന്മാര്‍ കൊല്ലപ്പെടുകയും 6909 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അവര്‍ പറഞ്ഞു. ജൂലൈ മാസത്തില്‍ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണത്തേക്കാളും 40 ശതമാനം വര്‍ധനവാണ് ആഗസ്തില്‍ ഉണ്ടായിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. ജൂലൈയില്‍ 60 സിവിലിയന്മാരായിരുന്നു കൊല്ലപ്പെട്ടത്.
പൊതുജീവിതം ദുസ്സഹമാവുകയും കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ കക്ഷികളും തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. അന്തര്‍ദേശീയവും സ്വതന്ത്രവുമായ അന്വേഷണ ഏജന്‍സി സ്ഥാപിക്കണമെന്ന ആവശ്യം ഞങ്ങള്‍ വീണ്ടും ആവര്‍ത്തുക്കുകയാണെന്നും അവര്‍ പറഞ്ഞു. 2014 ല്‍ ഹൂഥി വിമതര്‍ രാജ്യതലസ്ഥാനമായ സന്‍ആയിലും മറ്റുപ്രദേശങ്ങളിലും വിമത പോരാട്ടം തുടങ്ങിയതോടെയാണ് രാജ്യത്ത് അരാജകത്വം ഉടെലെടുത്തത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചോടെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം യമനില്‍ ഹൂഥികളില്‍ നിന്നും തിരിച്ചുപിടിക്കുകയും അബ്ദു റബ്ബ് മന്‍സൂര്‍ അല്‍ഹാദിയെ ഭരണത്തില്‍ തിരിച്ചെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വന്‍ വ്യോമാക്രമണത്തിന് തുടക്കം കുറിക്കുകയായിരുന്നു. നേരത്തെ രണ്ടുതവണ നടന്ന സമാധാനചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് ആയിരകണക്കിന് യമനികള്‍ കൊല്ലപ്പെടുകയും മൂന്ന് ദശലക്ഷത്തിലധികം പേര്‍ കുടിയിറക്കപ്പെടുന്നതിനും കാരണമായ സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Related Articles