Current Date

Search
Close this search box.
Search
Close this search box.

അസഹിഷ്ണുതക്കെതിരെ സാമൂഹ്യ കൂട്ടായ്മകള്‍ രൂപപ്പെടണം ഇസ്‌ലാഹി ടേബിള്‍ ടോക്ക്

യാമ്പു:  രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന അസഹിഷ്ണുതയും വര്‍ഗീയതയും ഇല്ലായ്മ ചെയ്യാന്‍ സാമൂഹ്യകൂട്ടായ്മകള്‍ രൂപപ്പെട്ടുവരണമെന്ന് യാമ്പു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളന പ്രമേയമായ ‘മതം: സഹിഷ്ണുത സഹവര്‍ത്തിത്വം സമാധാനം’ എന്ന വിഷയത്തില്‍ യാമ്പു ടൗണ്‍ ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി. സഹിഷ്ണുത മതത്തിന്റെ കാതലാണെന്നും പുറത്തുനിന്നു വന്ന ആശയമായിട്ടല്ല അതിനെ ഗണിക്കേണ്ടതെന്നും മതം മുന്നോട്ടു വെക്കുന്ന സ്‌നേഹം സഹിഷ്ണുത സഹവര്‍ത്തിത്വം, സമാധാനം തുടങ്ങിയ ഉദാത്ത മൂല്യങ്ങളെ സാമൂഹ്യജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റുവാനുള്ള ശ്രമങ്ങളെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരാജയപ്പെടുത്താന്‍ കഴിയേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന ദേശാഭിമാനത്തിനും ദേശ സ്‌നേഹത്തിനും  പിറകില്‍ ഒളിഞ്ഞിരിക്കുന്ന വംശ വിദ്വേഷവും അപരവത്കരണവും നാം തിരിച്ചറിയണം. മതം മനുഷ്യനെ മാന്യവല്‍ക്കരിക്കുന്നതാണ്. എന്നാല്‍ ഇതര സമൂഹങ്ങളില്‍ തെറ്റി്ദ്ധാരണ വളര്‍ത്തുന്ന നീക്കങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. എല്ലാ വിശ്വാസികള്‍ക്കും, അവിശ്വാസികള്‍ക്കും ഒന്നിച്ചു വളരാനും, ജീവിക്കാനുമുള്ള അവകാശമാണ് എല്ലാവരും വകവെച്ചു കൊടുക്കേണ്ടതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഷൈജു എം സൈനുദ്ദീന്‍ വിഷയ മവതരിപ്പിച്ചു. യാമ്പു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി  അബ്ദുല്‍ മജീദ് സുഹ്‌രി മോഡറേറ്ററായിരുന്നു.
       വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്  മാമുക്കോയ ഒറ്റപ്പാലം, അബ്ദുല്‍ കരീം പുഴക്കാട്ടിരി, നാസര്‍ നടുവില്‍ (കെ. എം.സി. സി), സലിം വേങ്ങര, ജാബിര്‍ വാണിയമ്പലം, നബീല്‍ വഹീദ് (തനിമ), അഷ്‌ക്കര്‍ വണ്ടൂര്‍, സിദ്ധീഖുല്‍ അക്ബര്‍ (ഒ.ഐ.സി.സി), യൂസുഫ്, കരുണാകരന്‍, ബൈജു വിവേകാനന്ദന്‍ (നവോദയ), സോജി ജേക്കബ്, രാഹുല്‍ ജെ. രാജന്‍ (പ്രവാസി സാംസ്‌കാരിക വേദി), സൈനുല്‍ ആബിദ്, റഫീഖ് അരീക്കോട് (ഐ.എഫ്.എഫ് ),അബൂബക്കര്‍ മേഴത്തൂര്‍,ശംസുദ്ദീന്‍ കൊല്ലം, ( ഇസ്‌ലാഹി സെന്റര്‍) എന്നിവര്‍ സംസാരിച്ചു.  അബ്ദുറഹ്മാന്‍  സലഫി  സമാപന പ്രസംഗം നിര്‍വഹിച്ചു. അലി വെള്ളക്കാട്ട്, റാഫി പുളിക്കല്‍, അലി അഷ്‌റഫ് കൊണ്ടോട്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Related Articles