Current Date

Search
Close this search box.
Search
Close this search box.

അസദ് ഭരണകൂടത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കില്ല: റഷ്യ

ന്യൂയോര്‍ക്ക്: സിവിലിയന്‍മാര്‍ക്കെതിരെ രാസായുധം ഉപയോഗിച്ചതിന്റെ പശ്ചാത്തത്തില്‍ ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടത്തിന്റെ മേല്‍ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്ന ഫ്രഞ്ച്-ബ്രിട്ടീഷ് പ്രമേയം അംഗീകരിക്കില്ലെന്ന് രക്ഷാസമിതിയിലെ റഷ്യന്‍ പ്രതിനിധി വിറ്റാലി ഷൂര്‍കിന്‍ വ്യക്തമാക്കി. അതേസമയം അലപ്പോയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള രക്ഷാസമിതിയുടെ അടിയന്തിര യോഗത്തിന് തിയ്യതി നിശ്ചയിക്കുന്നതിന് ഫ്രഞ്ച് പ്രതിനിധി സംഘം സെനഗല്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് രക്ഷാസമിതിയിലെ ഫ്രഞ്ച് പ്രതിനിധി ഫ്രാങ്‌സ്വ ഡിലാറ്റിര്‍ പറഞ്ഞു. അടിയന്തിര യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത് ഫ്രാന്‍സാണ്.
കിഴക്കന്‍ അലപ്പോയില്‍ സിറിയന്‍ ഭരണകൂടവും കൂട്ടാളികളും നടത്തുന്ന കാടത്തപരമായ സൈനിക പ്രവര്‍ത്തങ്ങള്‍ക്ക് മുമ്പില്‍ മൗനം പാലിക്കാന്‍ ഫ്രാന്‍സിനും സഖ്യരാജ്യങ്ങള്‍ക്കും സാധിക്കില്ലെന്നും ഡിലാറ്റിര്‍ പറഞ്ഞു. കിഴക്കന്‍ അലപ്പോയിലെ പ്രദേശങ്ങളുടെ ആധിപത്യത്തിനായി മനുഷ്യജീവന് വിലവെക്കാതെയുള്ള കാടന്‍ ആക്രമണമാണ് അസദ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിറിയയിലെ രാസായുധ ഉപയോഗത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാസമിതി അതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിവിലിയന്‍മാര്‍ക്കെതിരെ അത്തരം ആയുധം ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കാത്തത് ഐക്യരാഷ്ട്രസഭയുടെ പ്രസക്തിക്ക് നേരെ വലിയ ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles