Current Date

Search
Close this search box.
Search
Close this search box.

അലി അബ്ദുല്ല സാലിഹിന്റെ മരണം: മേഖലയെ കൂടുതല്‍ കലുഷിതമാക്കുമോ?

ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട യമന്‍ മുന്‍ പ്രസിഡന്റും ജനറല്‍ പീപിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ അലി അബ്ദുല്ല സാലിഹിന്റെ മരണം മേഖലയെ കൂടുതല്‍ കലുഷിതമാക്കിയേക്കുമെന്ന സൂചനകളാണ് നല്‍കുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലം യമനില്‍ ഹൂതികള്‍ക്കൊപ്പം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്കെതിരെ പോരാട്ടം നടത്തിയ അലി അബ്ദുല്ല ഹൂതികളാല്‍ തന്നെ വധിക്കപ്പെടുകയായിരുന്നു.

ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമാക്കുന്നതിനേ ഇതിടയാക്കൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്.

തിങ്കളാഴ്ച വൈകീട്ടാണ് അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഹൂതികളുടെ നിയന്ത്രണത്തിലായിരുന്നു സന്‍ആഇലെ സാലിഹിന്റെ വസതി. ഇവിടെ നിന്നും അനുയായികളോടൊപ്പം രക്ഷപ്പെട്ട് ജന്മനാടായ സന്‍ഹാമിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ഹൂതികള്‍ അദ്ദേഹത്തെ വധിക്കുന്നത്. ഹൂതികളുടെ ചെക്പോയിന്റില്‍ വച്ചാണ് ഇദ്ദേഹത്തിന്റെ വാഹനം തടയുന്നതും അനുയായികളെയടക്കം വെടിവച്ച് കൊലപ്പെടുത്തുന്നതും.

സാലിഹ് നേതൃത്വം നല്‍കുന്ന സംഘത്തിന് കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. മൂന്നു പതിറ്റാണ്ടു കാലം യമന്‍ അടക്കി വാണിരുന്ന സാലിഹ് 2011ല്‍ അറബ് രാജ്യങ്ങളില്‍ അലയടിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ ഫലമായാണ് അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയത്. തുടര്‍ന്ന് സിറിയയിലെ സൗദി സഖ്യസേനക്കെതിരേയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കി. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് സാലിയുടെ നേതൃത്വത്തിലുള്ള പക്ഷം ഹൂതികളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടാന്‍ തുടങ്ങിയത്.

ഹൂതികളെ തുരത്തി രാജ്യത്തെ രക്ഷിക്കണമെന്ന് സാലിഹ് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെടുന്നതും. ഹൂതികളുടെ കനത്ത ശത്രുത വിളിച്ചു വരുത്തിയതാണ് സാലിഹിന് വിനയായത്. ഈ വിദ്വേഷമാണ് സാലിഹിനെയും അദ്ദേഹത്തിന്റെ അനുയായികളെയും ഞൊടിയിടയില്‍ ആക്രമിച്ച് കൊലപ്പെടുത്തുന്നതിലേക്ക് ഹൂതികളെ പ്രേരിപ്പിച്ചത്. എന്നാല്‍, നേതാവിന്റെ മരണത്തോടെ ഹൂതികളുമായുള്ള പോരാട്ടം തുടരുമെന്നാണ് പാര്‍ട്ടി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഇരു വിഭാഗവും നടത്തിയ പ്രത്യാക്രമണങ്ങളില്‍ 125ഓളം പേര്‍ കൊല്ലപ്പെടുകയും 240 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യമനില്‍ ഇന്ന് നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ഒരളവോളം കാരണക്കാരനാണ് അവസാനം ഇതേ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതെന്നും ശ്രദ്ധേയമാണ്.

 

Related Articles