Current Date

Search
Close this search box.
Search
Close this search box.

അലപ്പോയുടെ അവസ്ഥ കശാപ്പുശാലയേക്കാള്‍ മോശം: ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്ക്: അലപ്പോയിലെ ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും മാരകായുധങ്ങളുടെ ഉപയോഗവും യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നവയാണെന്ന് ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. കശാപ്പുശാലയേക്കാള്‍ മോശപ്പെട്ട അവസ്ഥയാണ് അവിടെ. അവയവങ്ങള്‍ നഷ്ടപ്പെട്ട ആളുകളുടെയും കുട്ടികളനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് അവിടെയുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. സിറിയയിലെ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അലപ്പോയില്‍ ആശുപത്രികളും ക്ലിനിക്കുകളും ആംബുലന്‍സുകളും മെഡിക്കല്‍ സംഘങ്ങളും ഓരോ മണിക്കൂറിലും ആക്രമിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സിറിയന്‍ വിമതര്‍ക്ക് മേധാവിത്വമുള്ള പ്രദേശത്ത് വസിക്കുന്ന രണ്ടര ലക്ഷത്തോളം ആളുകളെ അവിടെ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഈ ആക്രമണങ്ങള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തക ഡയാന സെമാന്‍ പറഞ്ഞു. അതേസമയം അലപ്പോയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിന് ഫ്രാന്‍സ് ഐക്യരാഷ്ട്രസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജോണ്‍ മാര്‍ക് ഐറോള്‍ട്ട് പറഞ്ഞു. അതിനനുകൂലമായി വോട്ടു ചെയ്യാന്‍ വിസമ്മതിക്കുന്നവരെല്ലാം യുദ്ധകുറ്റത്തില്‍ പങ്കാളികളായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അലപ്പോയിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. വലിയ ഭൗതിക നാശനഷ്ടങ്ങളുണ്ടാക്കിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അലപ്പോയിലെ യുദ്ധ മേഖലയില്‍ ഒരു ലക്ഷത്തോളം കുട്ടികള്‍ ഉപരോധിക്കപ്പെട്ട അവസ്ഥയിലുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപോര്‍ട്ട് ചെയ്യുന്നു.

Related Articles