Current Date

Search
Close this search box.
Search
Close this search box.

അറബ് സഖ്യത്തിനെതിരെയുള്ള യു.എന്‍ ആരോപണത്തെ നിരാകരിച്ച് സൗദി

റിയാദ്: യമനില്‍ 683 കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം സൗദി അറേബ്യ നേതൃത്വം നല്‍കുന്ന അറബ് സഖ്യത്തിന്റെ മേല്‍ ചുമത്തിക്കൊണ്ടുള്ള ഐക്യരാഷ്ട്രസഭ റിപോര്‍ട്ടിലെ വിവരങ്ങളെയം കണക്കുകളെയും നിരാകരിച്ച് സൗദി അറേബ്യ. സൂക്ഷ്മമല്ലാത്തതും തെറ്റിധരിപ്പിക്കുന്നതുമായതെന്നാണ് റിപോര്‍ട്ടിനെ സൗദി വിശേഷിപ്പിച്ചിരിക്കുന്നത്. യമനില്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന രാഷ്ട്രങ്ങളുടെയും സംഘങ്ങളുടെയും കരിമ്പട്ടികയില്‍ സഖ്യത്തെ ഐക്യരാഷ്ട്രസഭ വേദി ഉള്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷ മേഖലകളില്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്നും സഖ്യത്തോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ അടിസ്ഥാനങ്ങളും പൂര്‍ണമായും മുറുകെപിടിച്ചും കുട്ടികളുടെ സംരക്ഷണത്തിന് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും തന്റെ രാഷ്ട്രം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍മഅല്ലമി പറഞ്ഞു. ഹൂഥി – സാലിഹ് സഖ്യത്തിലെ പോരാളികള്‍ കുട്ടികളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സൈനിക നീക്കങ്ങളില്‍ കുട്ടികളെ സംരക്ഷിക്കാന്‍ തന്റെ രാജ്യം അതിയായ താല്‍പര്യമുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സഭ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അല്‍മഅല്ലമിയുടെ ഈ പ്രതികരണം.
യമനില്‍ നിരവധി കുട്ടികളും സ്‌കൂളുകളും 2015 മാര്‍ച്ച് മുതല്‍ അവിടെ ഓപറേഷന്‍ നടത്തുന്ന അറബ് സഖ്യത്തിന്റെ ആക്രമണത്തിന് വിധേയമായിട്ടുണ്ടെന്ന് ന്യൂയോര്‍ക്കിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംഘര്‍ഷ മേഖലകളിലെ കുട്ടികളെ സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി വിര്‍ജീനിയ ഗാംബ വ്യക്തമാക്കിയിരുന്നു. സഖ്യത്തിന്റെ ആക്രമണത്തില്‍ ഇത്രയേറെ കുട്ടികള്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും ഏറ്റുമുട്ടല്‍ തത്വങ്ങള്‍ സംബന്ധിച്ച് സഖ്യം പുനരാലോചനകള്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.

Related Articles