Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക ആത്മാവില്ലാത്ത രാജ്യമായി മാറിയിരിക്കുന്നു: കെ.പി. രാമനുണ്ണി

അല്‍ഖോബാര്‍: മുതലാളിത്തത്തിന്റെ സകല ജീര്‍ണതകളുടേയും പ്രതീകമായ ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായതിലൂടെ ഒരാത്മാവില്ലാത്ത രാജ്യമായി അമേരിക്ക മാറിയതായി പ്രശസ്ത എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. വംശവെറിയും മുസ്‌ലിം വിരുദ്ധതയും പുരുഷ മേധാവിത്വ ധിക്കാരവും സമ്മേളിച്ച ഒരാളെ തന്നെ തെരെഞ്ഞെടുത്തതിലൂടെ അമേരിക്ക മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ജീര്‍ണതയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. തനിമ അഖില സൗദി തലത്തില്‍ നടത്തുന്ന ‘സമാധാനം മാനവികത’ കാമ്പയിനിന്റെ ഭാഗമായി ‘സ്വാംശീകരണവും അധിനിവേശവും മനുഷ്യസംസ്‌കാരങ്ങളില്‍’ എന്ന വിഷയത്തില്‍ യൂത്ത് ഇന്ത്യ അല്‍ഖോബാര്‍ ദമ്മാം ചാപ്റ്ററുകള്‍ സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദമ്മാം ബദര്‍ അല്‍ റബീഅ ഓഡിറ്റോറിയത്തിലാണ് സംഗമം നടന്നത്.
അധിനിവേശത്തിന്റെ ശരിയായ സ്വഭാവമാണ് ട്രംപിന്റെ വിജയത്തിലൂടെ പ്രത്യക്ഷ ഭവിച്ചിരിക്കുന്നത്. ആത്മത്തില്‍ നിന്ന് അപരത്വത്തെ ഒഴിവാക്കുക എന്നതാണ് അധിനിവേശത്തില്‍ സംഭവിക്കുന്നത്. അവനവനെ സ്ഥാപിക്കുന്നതിന് അപരനെ അവഗണിച്ച് അവനെ പുച്ഛത്തോടുകൂടി കീഴടക്കുന്നതാണ് അധിനിവേശം. ട്രംപിന്റെ വിജയം ലോകത്തിലെ എല്ലാ ഫാഷിസ്റ്റ് ശക്തികള്‍ക്കും ഉന്‍മാദവും ഉന്മേഷവുമാണ് പകര്‍ന്നിരിക്കുന്നത്. സമാധാനത്തിലും മാനവികതയിലും വിശ്വസിക്കുന്ന ജനസമൂഹങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നതും ഒന്നും രണ്ടും ലോക യുദ്ധങ്ങള്‍ ഉള്‍പ്പെടെയുള്ള സകല നശീകരണ പ്രവര്‍ത്തങ്ങള്‍ക്കും ഇന്ധനം പകര്‍ന്നതും ഫാഷിസം പ്രൊമോട്ട് ചെയ്യുന്ന ഉന്മാദ ദേശീയത കാരണമാണ്.
മനുഷ്യരാശിക്ക് ഏറെ നഷ്ടങ്ങളുണ്ടാക്കിയ ലോക യുദ്ധങ്ങള്‍ക്ക് ശേഷം ലോകം ഒന്നായി തീരുക എന്നൊരു ജ്ഞാനോദയം ഉടലെടുത്തിരുന്നു. ‘ഏക ലോക’ത്തിന്റെ പിറകില്‍ മാനവികതയുടെ സങ്കല്‍പമുണ്ടെങ്കിലും പോസ്റ്റ് കൊളോണിയല്‍ ചിന്തകള്‍ രൂപം നല്‍കിയ ‘ഏക ലോകം’ വെള്ളക്കാരന്റെ സ്വപ്നത്തിലുള്ള ലോകക്രമത്തിനാണ് സ്വപ്നങ്ങള്‍ നെയ്തത്. പ്രസ്തുത ലോകക്രമത്തില്‍ പ്രബലമായ സംസ്‌കാരത്തിലേക്ക് മറ്റുള്ള സംസ്‌കാരങ്ങളെ അധിനിവേശം ചെയ്യുന്ന രീതിയാണുള്ളത്. എന്നാല്‍ അധിനിവേശമുണ്ടാക്കുന്ന ഏകത്വത്തെയല്ല മറിച്ച് ബഹുസ്വരത മുന്നോട്ട് വെക്കുന്ന നാനാത്വത്തിലൂന്നിയ ഏകത്വത്തെയാണ് ഇപ്പോള്‍ ലോകത്തിന് ആവശ്യമുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം ഒന്നായി തീരണമെന്നത് ഇരുപതാം നൂറ്റാണ്ടിലുണ്ടായ ജ്ഞാനോദയമല്ലെന്നും വേദ ഗ്രന്ഥങ്ങള്‍ മനുഷ്യന് പകര്‍ന്നു നല്‍കിയ അറിവുകളിലൊന്നാണതെന്നും രാമനുണ്ണി സമര്‍ത്ഥിച്ചു. ‘വിശ്വം ഭുവനേക നീഢം’ അഥവാ ലോകം ഒരു പക്ഷിക്കൂടായി തീരട്ടെ എന്ന യഥുര്‍വേദത്തിലെ പാഠങ്ങളും മനുഷ്യനെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചതെന്ന വിശുദ്ധ ഖുര്‍ആന്റെ അധ്യാപനത്തിലും ഏകത്വത്തിലേക്കും സാഹോദര്യത്തിലേക്കുമാണ് ശ്രദ്ധ ക്ഷണിക്കുന്നത്. അതോടൊപ്പം തന്നെ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി മനുഷ്യരെ വ്യത്യസ്ത വംശങ്ങളും വര്‍ഗങ്ങളുമാക്കി എന്നത് സാഹോദര്യമെന്ന ഏകത്വത്തിനകത്ത് തിരിച്ചറിയുന്നതിനുള്ള നാനാത്വവും ദൈവം സംവിധാനിച്ചിട്ടുണ്ട് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
മനുഷ്യസംസ്‌കാരം ഏകശിലാ നിര്‍മിതമല്ല. ഭൂമിശാസ്ത്രത്തിനനുസരിച്ചും കാലാവസ്ഥക്കനുസരിച്ചും ഭൗതികമായ സാഹചര്യങ്ങള്‍ക്കനുസരിച്ചും മനുഷ്യസംസ്‌കാരങ്ങള്‍ വ്യത്യസ് തമാണ്. നമ്മുടേതുള്‍പ്പെടെയുള്ള മുഴുവന്‍ സംസ്‌കാരങ്ങളും പുരോഗതി പ്രാപിച്ചത് മറ്റു സംസ്‌കാരങ്ങളിലുള്ള നന്മകളെ സ്വംശീകരിച്ചും പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലിലൂടെയുമാണ്. പരസ്പര സഹകരണത്തിന്റെ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ക്കപ്പുറത്ത് ഒരു സംസ്‌കാരം മറ്റൊരു സംസ്‌കാരത്തെ അധിനിവേശം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ലോകത്ത് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. അധിനിവേശവും സ്വാംശീകരണവും വേര്‍തിരിയുന്നത് ഈ ബിന്ദുവിലാണ്. ഓരോ രാജ്യത്തേയും ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഇക്കാര്യം. നമുക്ക് വേണ്ടത് സ്വംശീകരിച്ചെടുക്കാന്‍ നമുക്ക് കഴിയണം. അത് ചെയ്യുന്നത് ആ ചെയ്യുന്ന ആളുടെ സ്വാതന്ത്ര്യമാണ്. സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള ജീവിതാധികാരം പകരുന്നതാണ് സ്വാംശീകരണം. അതിനെതിരായിട്ട് അടിമപ്പെടുന്നതാണ് അധിനിവേശമായി മാറുന്നത്.
യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിഡണ്ട് മുഹമ്മദ് അമീന്‍ അധ്യക്ഷത വഹിച്ചു. ഏകത്വം എന്ന് പറയുമ്പോള്‍ വിവിധ സംസ്‌കാരങ്ങളെ ഒറ്റ സംസ്‌കാരമാക്കി മാറ്റുക എന്ന ആക്രോശമാകരുതെന്ന് അദ്ദേഹം പറഞ്ഞു. നാനാത്വത്തില്‍ ഏകത്വം എന്നതിന് പകരം നാനാത്വത്തില്‍ സ്‌നേഹ സാഹോദര്യം എന്ന മുദ്രാവാക്യം രൂപപ്പെടുത്തുന്നതാണ് കൂടുതല്‍ സൗകര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാംപയ്ന്‍ കണ്‍വീനറും തനിമ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവുമായ കെ. എം. ബഷീര്‍, തനിമ അഖില സൗദി ജനറല്‍ സെക്രട്ടറി എന്‍. ഉമര്‍ ഫാറൂഖ്, യൂത്ത് ഇന്ത്യ അല്‍ ഖോബാര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് അനീസ് അബൂബക്കര്‍, ദമ്മാം ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് അബ്ദുറഹീം എന്നിവര്‍ പ്രസംഗിച്ചു. ത്വയ്യിബ് ഖിറാഅത്ത് നടത്തി. അഷ്‌റഫ് കവിത ആലപിച്ചു. കാംപയ്‌നോടനുബന്ധിച്ച് യൂത്ത് ഇന്ത്യ അല്‍ ഖോബാര്‍ ചാപ്റ്റര്‍ ‘സമാധാനം മാനവികത’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വാട്‌സ്ആപ് പ്രസംഗ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ സ്മിത, ഫാത്തിമ ഹന്ന എന്നിവര്‍ക്കുള്ള പുരസ്‌കാരം രാമനുണ്ണി നല്‍കി. കെ. പി. രാമനുണ്ണിക്കുള്ള യൂത്ത് ഇന്ത്യയുടെ ഉപഹാരം യൂത്ത് ഇന്ത്യ കേന്ദ്ര ജനറല്‍ സെക്രട്ടറി ഹിഷാം കൈമാറി. തനിമ അല്‍ ഖോബാര്‍, ദമ്മാം പ്രസിഡണ്ടുമാരായ മുജീബ് റഹ്മാന്‍, മുഹമ്മദ് സിറാജ്, യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റര്‍ പ്രസിഡണ്ട് ഷാനവാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. റഊഫ് ചാവക്കാട് അവതാരകനായിരുന്നു.
മുഹമ്മദ് ശരീഫ്, മുഹമ്മദ് ജഹ്ഫര്‍, അബ്ദുല്‍ റഹീം, നൗഷാദ് ഇരിക്കൂര്‍, മുഹമ്മദ് ശരീഫ്, അബ്ദുല്‍ ശരീഫ്, ഷമീര്‍ വണ്ടൂര്‍, സുഫൈദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles