Current Date

Search
Close this search box.
Search
Close this search box.

അധിനിവേശ സൈനികരെ കുറിച്ച വിവരം സൗജന്യമായി നല്‍കില്ല: മിശ്അല്‍

ഗസ്സ: ഗസ്സയില്‍ ബന്ധികളാക്കപ്പെട്ടിരിക്കുന്ന ഇസ്രയേല്‍ സൈനികരെ സംബന്ധിച്ച ഒരു വിവരവും സൗജന്യമായി നല്‍കില്ലെന്ന് ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍. ഫലസ്തീന്‍ തടവുകാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള റേഡിയോ സംപ്രേഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവുകാരുടെ കൈമാറ്റ വിഷയവുമായി പരോക്ഷമായി ചര്‍ച്ചകള്‍ നടത്താന്‍ പല മധ്യസ്ഥന്‍മാരും ഹമാസിനെ സമീപിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഗിലാഡ് ശാലീതിന്റെ (മുമ്പ് മോചിപ്പിക്കപ്പെട്ട ഇസ്രയേല്‍ സൈനികന്‍) കൈമാറ്റത്തിന് പകരം മോചിപ്പിക്കപ്പെട്ട പലരെയും ഇസ്രയേല്‍ വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവരെ മോചിപ്പിക്കാതെ ഒരു ചര്‍ച്ചയും ഇല്ലെന്ന് ഹമാസ് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മിശ്അല്‍ പറഞ്ഞു.
ശാലീത് മോചന കരാര്‍ പ്രകാരം മോചിപ്പിക്കപ്പെട്ടവരില്‍ 35ഓളം പേരെ ഇസ്രയേല്‍ വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഫലസ്തീന്‍ തടവുകാരുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേല്‍ തടവറയില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള കാര്‍ഡ് തങ്ങളുടെ പക്കലുണ്ടെന്നും മിശ്അല്‍ പറഞ്ഞു. തടവുകാരുടെ പുതിയ മോചനകരാറിന് കൂടുതല്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നാല് ഇസ്രയേല്‍ സൈനികര്‍ തങ്ങളുടെ പക്കലുണ്ടെന്ന് 2016 ഏപ്രില്‍ ആദ്യത്തില്‍ ഹമാസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവര്‍ ജീവനോടെയാണോ മൃതദേഹങ്ങളാണോ എന്നത് വ്യക്തമാക്കിയില്ല. 2011 ഒക്ടോബറില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ തടവുകാരുടെ കൈമാറ്റ കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ സൈനികര്‍ ഗിലാഡ് ശാലീതിനെ മോചിപ്പിച്ചതിന് പകരമായി 1027 ഫലസ്തീന്‍ തടവുകാര്‍ മോചിപ്പിക്കപ്പെട്ടിരുന്നു.
57 സ്ത്രീകളും 300 കുട്ടികളും അടക്കം 6500 ഫലസ്തീനികള്‍ ഇസ്രയേല്‍ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് ഫലസ്തീന്‍ തടവുകാരുടെ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാ വര്‍ഷവും ഏപ്രില്‍ 17നാണ് ഫലസ്തീന്‍ തടവുകാരുടെ ദിനമായി ആചരിക്കുന്നത്.

Related Articles