Current Date

Search
Close this search box.
Search
Close this search box.

അടിയന്തരാവസ്ഥക്കിടയിലും ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കു നേരെ വ്യാപക ആക്രമം

കൊളംബോ: ബുദ്ധ ദേശീയവാദികളുടെ മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണം കെട്ടടങ്ങാതെ ശ്രീലങ്ക. കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ കലാപത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അതിനു ശേഷവും കൊളംബോയില്‍ കലാപം തുടരുകയാണ്. ബുദ്ധ തീവ്ര ദേശീയ വാദികള്‍ മുസ്‌ലിംകള്‍ക്കു നേരെയും അവരുടെ സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും നേരെയാണ് വ്യാപക ആക്രമണം അഴിച്ചുവിടുന്നത്. പ്രദേശത്ത് പൊലിസ് നേരത്തെ തന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

കാന്‍ഡി താഴ്‌വര നഗരമായ മഡവാലയില്‍ ചൊവ്വാഴ്ചയും ഒരു കട അഗ്നിക്കിരയാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ആക്രമണം. മുസ്‌ലിം വ്യാപാരിയുടെ സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന കടയാണ് ആക്രമികള്‍ കത്തിച്ചത്.

വടക്കുകിഴക്കന്‍ കാന്‍ഡിയിലെ വാട്ടഗാമ ഗ്രാമത്തില്‍ മുസ്ലിം പള്ളിക്കു നേരെ കലാപകാരികള്‍ ആക്രമം അഴിച്ചുവിട്ടു. കൊളംബോ ആസ്ഥാനമായുള്ള ‘ഗ്രൗണ്ട്‌വ്യൂസ’് എന്ന വെബ്‌സൈറ്റ് ഇതിന്റെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പൊട്ടിച്ചിതറിയ പള്ളിയുടെ ജനലുകള്‍, വാതിലുകള്‍,തകര്‍ന്ന കസേരകളും ആക്രമണം നടക്കുമ്പോള്‍ പള്ളിയുടെ അകത്തുണ്ടായിരുന്നയാളുടെ ശബ്ദ സന്ദേശങ്ങളുമെല്ലാമാണ് ‘ഗ്രൗണ്ട വ്യൂസ്’ പുറത്തുവിട്ടത്. ആക്രമണങ്ങളെത്തുടര്‍ന്ന് മേഖലയില്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രദേശം കനത്ത പൊലിസ് കാവലിലാണ്.

കഴിഞ്ഞയാഴ്ച ഒരു കൂട്ടമാളുകളുടെ ആക്രമണത്തില്‍ ബുദ്ധ അനുയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ശ്രീലങ്കയില്‍ ലഹള പൊട്ടിപ്പുറപ്പെട്ടത്.രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖല കൂടിയാണ് കാന്‍ഡി. കഴിഞ്ഞയാഴ്ച ഒരു സ്ഥലത്ത്  മാത്രം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം പിന്നീട് രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നു.

ശ്രീലങ്കയുടെ കിഴക്കന്‍ മേഖലകളിലാണ് ജനക്കൂട്ടം മുസ്ലിം പള്ളികളും കടകളും തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. അതേസമയം, പൊലിസിന്റെ നിഷ്‌ക്രിയത്വമാണ് വര്‍ഗീയ സംഘര്‍ഷമായി മാറാന്‍ കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

ശ്രീലങ്കയിലെ 21 മില്യണ്‍ ജനസംഖ്യയില്‍ 10 ശതമാനം മാത്രമാണ് മുസ്‌ലിംകളുള്ളത്. ബോഡു ബാല സേന (ബി.ബി.എസ്) എന്ന തീവ്ര ബുദ്ധ ദേശീയവാദ സംഘടനയാണ് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പിന്നിലെന്ന് ശക്തമായ ആരോപണം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ ഇവര്‍ നേരത്തെയും ആക്രമമഴിച്ചുവിട്ടിരുന്നു.

 

Related Articles