Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് നയം; സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുന്നു

കൊണ്ടോട്ടി: അഞ്ച് വര്‍ഷത്തേക്കുള്ള ഹജ്ജ് നയം രൂപവത്കരിക്കുന്നതിന് മുന്നോടിയായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുന്നു. ആദ്യഘട്ടത്തില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്നാണ് നിര്‍ദേശം ക്ഷണിച്ചത്. മാര്‍ച്ച് ആറിന് ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ മുംബൈയില്‍ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ യോഗം ചേരും. പുതിയ ഹജ്ജ് നയത്തിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ കഴിഞ്ഞമാസം മന്ത്രി ഡോ. കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഉപസമിതിക്ക് രൂപം നല്‍കിയിരുന്നു.
പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, നാസിറുദ്ദീന്‍, ഡോ. ഇ.കെ. അഹമ്മദ് കുട്ടി എന്നിവരാണ് അംഗങ്ങള്‍. ഇവരുടെ യോഗം ശനിയാഴ്ച രാവിലെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിക്കും. നിലവിലെ ഹജ്ജ് നയം ഈ വര്‍ഷം അവസാനിക്കും. സംസ്ഥാനങ്ങള്‍ക്ക് ക്വോട്ട അനുവദിക്കുന്നതിലെ മാനദണ്ഡം പുതുക്കി നിശ്ചയിക്കണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രധാന ആവശ്യം. കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനമാണ് കേരളമെങ്കിലും ക്വോട്ടയില്‍ ആറാം സ്ഥാനത്താണ്.
കഴിഞ്ഞവര്‍ഷം 76,000 അപേക്ഷകരുള്ള കേരളത്തിന് പ്രത്യേക ക്വോട്ടയടക്കം ലഭിച്ചത് 9,943 ആയിരുന്നു. ഈ വര്‍ഷം 95,693 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുന്ന 10,820 പേര്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ പോലും അനുവദിച്ച ക്വോട്ടയെക്കാള്‍ കൂടുതല്‍ നല്‍കണം. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് സംബന്ധിച്ച വിഷയത്തിലും അന്തിമ തീരുമാനം വേണമെന്നും സംസ്ഥാനം ആവശ്യപ്പെടും. 

Related Articles