Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി; അടിയന്തിരാവസ്ഥ മൂന്ന് മാസം കൂടി നീട്ടുന്നു

അങ്കാറ: കഴിഞ്ഞ വര്‍ഷം ജൂലൈ മധ്യത്തോടെയുണ്ടായ അട്ടിമറി ശ്രമത്തിന് ശേഷം നടപ്പാക്കിയ അടിയന്തിരാവസ്ഥ തുര്‍ക്കി മന്ത്രി സഭ മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചതായി ഉപപ്രധാനമന്ത്രി നുഅ്മാന്‍ ഖൂര്‍തോല്‍മുഷ് പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തുര്‍ക്കി പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്നും അങ്കാറയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വിശദമാക്കി. മന്ത്രിസഭയുടെ ഈ തീരുമാനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. രാജ്യത്തുടനീളം നിലനില്‍ക്കുന്ന നിലവിലെ അടിയന്തിരാവസ്ഥയെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരാവസ്ഥ നീട്ടാനുള്ള നിര്‍ദേശം നല്‍കിയതെന്ന് ദേശീയ സുരക്ഷാ സമിതിയുടെ പ്രസ്താവന വ്യക്തമാക്കി. ജനാധിപത്യത്തെയും പൗരന്‍മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനും വേണ്ടിയാണിതെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.
നേരത്തെ രണ്ട് തവണ അടിയന്തിരാവസ്ഥ നീട്ടിയിരുന്നു. അട്ടിമിറി ശ്രമത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ഒക്ടോബറില്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. പിന്നീട് ജനുവരിയില്‍ മൂന്ന് മാസത്തേക്ക് കൂടി അടിയന്തിരാവസ്ഥ നീട്ടുകയായിരുന്നു. അടിയന്തിരാവസ്ഥ തുടരുന്നതിനെതിരെ തുര്‍ക്കി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

Related Articles