Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിലെ ജനസാന്നിദ്ധ്യം ഇസ്രയേലിനെ ഭയപ്പെടുത്തും: അല്‍അഖ്‌സ ഖതീബ്

ഖുദ്‌സ്: മസ്ജിദുല്‍ അഖ്‌സയുടെ പരിസരത്ത് സംഘടിക്കുന്നത് തുടരാന്‍ മസ്ജിദുല്‍ അഖ്‌സ ഖതീബ് ശൈഖ് ഇക്‌രിമ സ്വബ്‌രി ഫലസ്തീനികളോട് ആഹ്വാനം ചെയ്തു. 1967 മുതല്‍ അതിക്രമങ്ങള്‍ തുടരുന്ന അധിനിവേശകരെ വിറപ്പിച്ചു നിര്‍ത്താന്‍ അതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിലും മസ്ജിദുല്‍ അഖ്‌സക്ക് പുറത്ത് നമസ്‌കാരം നിര്‍വഹിക്കുന്നത് തുടരണമെന്നാണ് താന്‍ നിര്‍ദേശിക്കുകയെന്നും മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച തീരുമാനം എല്ലാവരുമായി കൂടിയാലോചിച്ച ശേഷം സ്വീകരിക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദുല്‍ അഖ്‌സ കവാടങ്ങളില്‍ ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിച്ചതിലൂടെ ഇസ്രയേല്‍ പരിശോധിക്കുന്നത് ഖുദ്‌സ് നിവാസികളുടെ നിലപാടല്ല. കാരണം അവരുടെ നിലപാട് വളരെ വ്യക്തമാണ്. അവര്‍ പരിശോധിക്കുന്നത് അറബ് ലോകത്തിന്റെ താല്‍പര്യമാണ്. അറബ് നയതന്ത്രത്തിലെ ദൗര്‍ബല്യങ്ങള്‍ കാരണം അറബ് ലോകത്തിന്റെ ഭാഗത്തു നിന്നും ഇസ്രയേലിന് മേല്‍ കാര്യമായ സമ്മര്‍ദമൊന്നും ഉണ്ടായില്ല. അറബികള്‍ തമ്മില്‍തല്ലിലും പരസ്പരം കൊന്നൊടുക്കുന്നതിനുള്ള ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനുള്ള തിരക്കുകളിലും വ്യാപൃതരായതാണ് കാരണം. എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

നമസ്‌കരിക്കാനെത്തുന്നവര്‍ക്ക് നേരെ അതിക്രമം തുടരുന്നു
മസ്ജിദുല്‍ അഖ്‌സ ഗേറ്റുകളില്‍ നമസ്‌കാരം നിര്‍വഹിക്കാനെത്തിയ ഫലസ്തീനികളെ തല്ലിച്ചതക്കുന്ന നടപടികള്‍ ഇസ്രയേല്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഇശാഅ് നമസ്‌കാരത്തിന് ശേഷവും അല്‍അസ്ബാത്വ് ഗേറ്റില്‍ ഏറ്റുമുട്ടലുകളുണ്ടായി. അധിനിവേശ സൈനികരുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ 13 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഖ്‌സയുടെ പരിസരത്ത് നിലയുറപ്പിച്ചിരുന്ന സൈനികര്‍ നമസ്‌കരിക്കുന്നവര്‍ക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗിച്ച് ആക്രമണം അഴിച്ചുവിട്ടതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തുന്ന ഒരുവിധി സുരക്ഷാ ക്രമീകരണങ്ങളുമായി സഹകരിക്കില്ലെന്ന ഉറച്ച നിലപാടാണ് ഫലസ്തീനികള്‍ സ്വീകരിച്ചിട്ടുള്ളത്.

Related Articles