Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തുമായി പുതിയ ധാരണകളൊന്നും ഇല്ല: ഹമാസ്

ഗസ്സ: ഈജിപ്തുമായി ധാരണകളൊന്നും ഒപ്പുവെച്ചിട്ടില്ലെന്ന് ഹമാസ്. ഗസ്സയിലെ ഹമാസ് അധ്യക്ഷന്‍ യഹ്‌യ സിന്‍വാറിന്റെ നേതൃത്വത്തിലുള്ള ഹമാസ് സംഘം കെയ്‌റോ സന്ദര്‍ശനം നടത്തിയ പശ്ചാത്തലത്തിലാണിത്. ഈജിപ്ത് നേതൃത്വവുമായിട്ടുള്ള ചര്‍ച്ചകള്‍ ധനാത്മകമായ അന്തരീക്ഷത്തിലായിരുന്നു എന്നും ഇരു കക്ഷികള്‍ക്കുമിടയിലെ വിവാദ വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളാണ് അതില്‍ നടന്നതെന്നും പ്രതിനിധി സംഘത്തിലെ അംഗത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. കെയ്‌റോക്കും ഹമാസിനുമിടയില്‍ നടന്ന ചര്‍ച്ചകളില്‍ മൂന്നാമതൊരു കക്ഷി ഇല്ലായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
സിന്‍വാറിന്റെ നേതൃത്വത്തിലുള്ള ഒരു ഹമാസ് പ്രതിനിധി സംഘം കെയ്‌റോയിലെത്തി ഈജിപ്ത് നേതാക്കളുമായി ഇരുകക്ഷികള്‍ക്കുമിടയിലെ പല വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ഹമാസ് വക്താവ് ഹാസിം ഖാസിം വ്യക്തമാക്കിയിരുന്നു. ഗസ്സക്ക് മേലുള്ള ഇസ്രയേല്‍ ഉപരോധത്തിന്റെ ഫലങ്ങളും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും മൂന്ന് മാസമായി അടച്ചിട്ടിരിക്കുന്ന റഫ അതിര്‍ത്തി തുറക്കാനുള്ള സാധ്യതകളും സംഘം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഗസ്സയിലെ ഹമാസ് നേതൃത്വം ഏറ്റെടുത്തതിന് ശേഷമുള്ള സിന്‍വാറിന്റെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്. റഫ അതിര്‍ത്തി വഴിയാണ് പ്രതിനിധി സംഘം ഈജിപ്തിലേക്ക് കടന്നതെന്നും അവര്‍ക്ക് പ്രത്യേകമായി അത് തുറന്നു കൊടുക്കുകയായിരുന്നു എന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles