മുസ് ലിം സ്ത്രീകളുടെ ഹിജാബ് ഇന്ത്യന്‍ സെകുലര്‍ വ്യവഹാരങ്ങളെ മുറിപ്പെടുത്താൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു നൂറ്റാണ്ടു മുമ്പ് തുര്‍ക്കി രാഷ്ട്രതന്ത്രജ്ഞനായിരുന്ന മുസ്തഫ കമാല്‍ അത്താതുര്‍ക്കിന്റെ സെകുലര്‍ രാഷ്ട്ര സങ്കല്‍പത്തിന്റെ പ്രധാന സവിശേഷതയായിരുന്നു ഹിജാബ് നിരോധനം. ഫ്രഞ്ച് ഭരണകൂടത്തിന്റെ സെകുലര്‍ അജണ്ടകളും ഹിജാബുമായി പലവുരു കലഹിച്ചിട്ടുണ്ട്. എന്നാല്‍, ലോകമെമ്പാടുമുള്ള സാംസ്‌കാരിക വൈവിധ്യത്തിന്റെയും ലിബറലിസത്തിന്റെയും ആശയാധിപത്യം ഇപ്പോള്‍ നിര്‍ബന്ധിത മതപരമായ പരികൽപനകൾക്കും സെകുലര്‍ ആഗ്രഹങ്ങള്‍ക്കും വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ഹിജാബ് ധാരിയായ ആദ്യ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനു വേണ്ടി ഹൗസ്ഫ്‌ളോറിലെ ശിരോവസ്ത്ര നിരോധനം നീക്കാനുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തെയും ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ലഭിച്ച ജനകീയതയെയും ഈ ട്രെന്റിന്റെ ഭാഗമായിട്ട് വേണം മനസ്സിലാക്കാന്‍.
എന്നാല്‍, ഇന്ത്യയില്‍ നേര്‍വിപരീതമാണ് കാര്യങ്ങള്‍. കര്‍ണാടകയിലൊഴികെ മറ്റൊരിടത്തും ഹിജാബിന് നിയമപരമായ വിലക്കില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറുന്നത് വിലക്കി കര്‍ണാടക എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിറക്കിയത്. മുസ്‌ലിം വിദ്യാര്‍ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചുകൊണ്ട് നിശ്ചിത ഡ്രസ്‌കോഡിന് പുറത്തുള്ള ഇളവിനെതിരെ ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ കാവി മുഖപടം ധരിച്ച് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഉത്തരവ്. ഹിജാബ് അനുവദിക്കുന്നത് ഏകീകൃത വസ്ത്രമെന്ന ആശയത്തെ നിന്ദിക്കലാണെന്നതായിരുന്നു പ്രതിഷേധക്കാരുടെ വാദം. പ്രസ്തുത സംഭവം മതം, രാഷ്ട്രം, സെകുലറിസം സംവാദങ്ങളെ വീണ്ടും മുഖ്യധാരയില്‍ സജീവമാക്കി. ഒക്ടോബറില്‍, ഹിജാബ് നിരോധനത്തെ അനുകൂലിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഒരു ഭിന്ന വിധി പുറപ്പെടുവിച്ചു. പ്രസ്തുത വിഷയം വിശാല ബെഞ്ച് കേള്‍ക്കട്ടെ എന്നായിരുന്നു സുപ്രീകോടതിയുടെ നിര്‍ദേശം.
കോളനിയാനന്തര സ്വത്വം
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സംവാദം കേവലം സെകുലറിസത്തിന്റെ നേട്ടങ്ങളിലും കോട്ടങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. മറിച്ച്, കോളനിയാനന്തര ദേശീയ സ്വത്വ നിര്‍മിതിയുടെ പശ്ചാത്തലത്തില്‍കൂടിയാണ് അത് മനസ്സിലാക്കേണ്ടത്. മതത്തിന് രാഷ്ട്രവുമായുള്ള ബന്ധം, പൊതുയിടത്തില്‍ അതിനുള്ള സ്ഥാനം എന്നിവയിലും അതിനെ പരിമിതപ്പെടുത്താനാകില്ല. കാരണം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പൊതുയിടങ്ങളിലും മതവും മതപരമായ സ്വത്വവും അടയാളങ്ങളും അത്രമേല്‍ പ്രതിഫലച്ചു കിടക്കുന്നുണ്ട്.
പിന്നെ എങ്ങനെയാണ് മതപരമായ അടയാളമായ ഹിജാബ് മാത്രം സെകുലറിസത്തെയും ഐക്യത്തെയും അലോസരപ്പെടുത്തുന്ന ഒന്നായി മാറുന്നത്? കോളനിയാനന്തര ഇന്ത്യയിലെ മുസ്‌ലിംകളെക്കുറിച്ച മതേതര ചിന്തയുടെ വികാസത്തിന്റെ ചരിത്രപരമായ അപഗ്രഥനത്തെ ഇത് അനിവാര്യമാക്കുന്നുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സെകുലറാവുകയെന്നത് ദേശീയ സ്വത്വ രൂപീകരണത്തിന്റെകൂടി ഭാഗമാണ്. അഥവാ, ഇന്ത്യയുടെ മറ്റെല്ലാ സങ്കല്‍പങ്ങളില്‍നിന്നും വ്യതിരിക്തമാണ് കോളനിയാനന്തര ഇന്ത്യയിലെ സെകുലറിസത്തെക്കുറിച്ച സംവാദം.
സ്വതന്ത്ര്യത്തിന് ശേഷമുള്ള ആദ്യകാലങ്ങളില്‍, സെകുലര്‍ സ്വഭാവവും വിശ്വസ്തതയുമുള്ള ഇന്ത്യക്കാരനാകുന്നതിന്റെ ഭാഗമായി മുസ്‌ലിം രാഷ്ട്രീയം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസിലെ പ്രമാണികള്‍ മുസ്‌ലിംകളെ പ്രേരിപ്പിച്ചിരുന്നു. സെകുലര്‍ പാര്‍ട്ടികളോട് (അഥവാ, കോണ്‍ഗ്രസ്) ചേര്‍ന്ന് നില്‍ക്കാന്‍ മുസ്‌ലിംകള്‍ വിസമ്മതിച്ചതും വിഭജനനാന്തര ഇന്ത്യയില്‍ പുതിയൊരു രാഷ്ട്രീയ സംവിധാനത്തിന്റെ രൂപീകരണത്തിനുള്ള മുസ്‌ലിംകളുടെ ആലോചനയുമായിരുന്നു പ്രസ്തുത പ്രേരണക്ക് കാരണം. മുസ്‌ലിം രാഷ്ട്രീയത്തിന്റെ തുടര്‍ച്ച വിഘടവാദമായും ദേശീയ സ്വത്വത്തിനു നേരെയുള്ള ഭീഷണിയായുമാണ് വിലയിരുത്തപ്പെട്ടത്.
അങ്ങനെങ്കില്‍, ഒരു ഇന്ത്യക്കാരനായിരിക്കെത്തന്നെ മതപരമായ എന്തുകാര്യമാണ് മുസ്‌ലിംകള്‍ക്ക് ചെയ്യാനാവുക? മതകീയവും സാംസ്‌കാരികവുമായ ചറ്റുപാടിലേക്ക് മാത്രമായി അതിനെ ചുരുക്കുകയെന്നതായിരുന്നു ദേശീയ പ്രമാണിമാര്‍ അതിനു നിര്‍ദേശിച്ച പരിഹാര മാര്‍ഗം. അസ്തിത്വം നഷ്ടപ്പെട്ട അഖിലേന്ത്യ മുസ്‌ലിം ലീഗിലേതടക്കമുള്ള മുസ്‌ലിം നേതാക്കന്മാര്‍ തന്നെ മുസ്‌ലിം രാഷ്ട്രീയത്തെ തള്ളിപ്പറയാന്‍ മുന്നില്‍നിന്നവരായിരുന്നു.
ഉദാഹരണത്തിന്, പ്രമുഖ മുസ്‌ലിം പണ്ഡിത സംഘടനായ ജംഇയത്തില്‍ ഉലമാ ഹിന്ദ് 1949 ഏപ്രില്‍ 19 ന് നടന്ന അതിന്റെ വാര്‍ഷിക യോഗത്തില്‍ ഒരു പ്രമേയം അംഗീകരിച്ചു. രാഷ്ട്രീയ രഹിത സംവിധാനമായി അംഗീകരിക്കപ്പെടുന്നതോടൊപ്പംതന്നെ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ മത-സാംസ്‌കാരിക ഉത്ഥാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു പ്രസ്തുത പ്രമേയം. 1955 ഓടെ സംഘടന രാഷ്ട്രീയത്തില്‍നിന്നും പൂര്‍ണമായി പിന്മാറി.
മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ഇന്ത്യക്കാരനാകാന്‍ തന്നെയായിരുന്നു ബഹുഭൂരിപക്ഷം മുസ്‌ലിംകളും ശ്രമിച്ചത്. തത്ഫലമായി, മുസ്‌ലിംകള്‍ക്ക് മാത്രമായുള്ളൊരു രാഷ്ട്രീയ സംവിധാനത്തിന്റെ രൂപീകരണം പരാജയപ്പെട്ടു. മുസ്‌ലിംകളെ സെകുലറാക്കുകയെന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പദ്ധതികൂടിയായിരുന്നു. മുസ്‌ലിംകളുടെ മത-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന്റെ ദേശീയത സങ്കല്‍പവുമായി സംഘര്‍ഷത്തിലേര്‍പ്പെടാതിരിക്കാന്‍ ഉചിതം അതാണെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നു.
മുസ്‌ലിംകളെ സെകുലറാക്കാനുള്ള പദ്ധതിയിലെ ഈ രാഷ്ട്രീയ-അരാഷ്ട്രീയ വേര്‍തിരിവിനിടയില്‍ രണ്ട് സൈദ്ധാന്തിക പ്രതിപക്ഷത്തെ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നു. ഒന്ന്, മുസ്‌ലിം നേതാക്കന്മാര്‍, ആള്‍ ഇന്ത്യ മുസ്‌ലിം ലീഗിന്റെ ഭാഗമായിരുന്നവര്‍ വിശേഷിച്ചും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു രീതിയില്‍ തുടരാന്‍ പദ്ധതിയിട്ടു. മുസ്‌ലിംകള്‍ക്ക് മാത്രമായുള്ളൊരു പ്രത്യേക പാര്‍ട്ടി ഒരിക്കലും സെകുലറിസത്തിനോ ഇന്ത്യന്‍ ദേശീയത നിര്‍മിതിക്കോ വിരുദ്ധമാകില്ലെന്ന് അവര്‍ വാദിക്കുകയും ചെയ്തു.
മുസ്‌ലിം നേതൃത്വത്തെ സംബന്ധിച്ചിടത്തോളം കോളനിയാനന്തര ഇന്ത്യയിലെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു രാഷ്ട്രീയാടിസ്ഥാനം അനിവാര്യമായിരുന്നു. മാത്രമല്ല, രാഷ്ട്രീയത്തെയും മതത്തെയും തമ്മില്‍ വേര്‍തിരിക്കുകയെന്നത് അസാധ്യവുമായിരുന്നു. മറ്റു സമൂഹങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമ്പോള്‍ മാത്രമേ മതകീയാടിസ്ഥാനത്തിലുള്ള ഒരു പ്രസ്ഥാനം സെക്കുലര്‍ വിരുദ്ധമാവുകയുള്ളൂവെന്ന് മുസ്‌ലിം നേതൃത്വം വാദിച്ചു. അങ്ങനെ, മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തിന്റെ മുന്‍നിരക്കാനായിരുന്ന മുഹമ്മദ് ഇസ്മാഈല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് 1948 ല്‍ നേതൃത്വം നല്‍കി.
രണ്ടാമതായി, ഇന്ത്യന്‍വല്‍ക്കരണത്തിന്റെ വക്താക്കളെയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടിയിരുന്നത്. വ്യതിരിക്ത സമൂഹമെന്ന വിശേഷണം ഇല്ലാതാക്കി ഇന്ത്യന്‍ സംസ്‌കാരവുമായും ധാര്‍മിക ചുറ്റുപാടുമായും മുസ്‌ലിംകളെ ഇഴകിച്ചേര്‍ക്കുകയെന്നതായിരുന്നു ഇവരുടെ താല്‍പര്യം. ജന സംഘും അതിന്റെ നേതൃത്വവുമായിരുന്നു ഈ താല്‍പര്യവുമായി മുന്നോട്ടുവന്നത്.
ആദ്യം രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും പിന്നീട് ഭാരതീയ ജന്‍ സംഘിന്റെയും മെമ്പറായിരുന്ന ബല്‍രാജ് മധോകിനെ സംബന്ധിച്ചിടത്തോളം, രാജ്യത്തെ സാമൂഹിക പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരഹാരം ഇന്ത്യാവല്‍ക്കരണമായിരുന്നു. അഥവാ, രാഷ്ട്രീയ തലത്തില്‍ മാത്രമല്ല, ജീവിത വ്യവഹാരത്തിന്റെ നിഖില മേഖലകളിലും മുസ്‌ലിംകളെ സെകുലറാക്കേണ്ടതുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാരനാവുകയെന്നത് സ്വാഭാവികമായൊരു പ്രവര്‍ത്തിയല്ല. മറിച്ച്, ഇന്ത്യന്‍വല്‍ക്കരണത്തിലൂടെ അവര്‍ ആര്‍ജ്ജിച്ചെടുക്കേണ്ടതാണെന്നായിരുന്നു ബല്‍രാജിന്റെ നിലപാട്.
ഇന്ത്യന്‍വല്‍ക്കരണത്തെ കോണ്‍ഗ്രസ് എതിര്‍ത്തു. രാഷ്ട്രീയവും അരാഷ്ട്രീയവുമായ വേര്‍തിരിവെന്ന ചിന്ത പതിയ ഇല്ലാതാവുകയും ചെയ്തു. വിദ്യഭ്യാസം, സിവില്‍ നിയമങ്ങളടക്കം മുസ്‌ലിം ജീവിതത്തിന്റെ മറ്റു മേഖലകളെ സെകുലറാക്കാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതി വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കിടയാക്കി. മുസ്‌ലിം രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തെക്കാള്‍ പ്രയാസകരമാണ് മുസ്‌ലിംകളുടെ രാഷ്ട്രീയേതര കാര്യങ്ങളെ മതേതരവല്‍ക്കരിക്കലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിഞ്ഞു.
ഉദാഹരണത്തിന്, യു.പിയിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയും ന്യൂ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയും മതേതരവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുസ്‌ലിംകളില്‍നിന്ന് ദീര്‍ഘകാലം വെറുപ്പും അനിഷ്ടവും പാര്‍ട്ടിക്ക് അനുഭവിക്കേണ്ടി വന്നു. ശാഹ് ബാനു കേസ് കാലത്ത് പാര്‍ട്ടിയിലുണ്ടായ സൈദ്ധാന്തിക ഭിന്നിപ്പ്, ശരീഅത്ത് നിയമങ്ങളുടെ സംരക്ഷണാര്‍ഥം ഉണ്ടായ പ്രതിഷേധം, 1986 ലെ മുസ്‌ലിം വിമന്‍ ആക്ട് (ഡിവോര്‍സിനുള്ള അവകാശ സംരക്ഷണം) നിയമമാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം തുടങ്ങിയവയെല്ലാം മുസ്‌ലിംകളുടെ വെറുപ്പ് ഒന്നുകൂടി ശക്തമാക്കി. 1978 ല്‍ ഭര്‍ത്താവില്‍നിന്നും വിവാഹമോചനം നേടിയ ശാഹ് ബാനു ജീവനാംശം തേടി കോടതിയെ സമീപിച്ചു. 1985 ലെ സിവില്‍ നിയമത്തിനനുസരിച്ച് സുപ്രീംകോടതി ശാഹ് ബാനുവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. എന്നാല്‍, മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളുടെ പ്രായോഗികതക്ക് എതിരായുള്ള വിധി ഇന്ത്യയിലുടെനീളം ശക്തമായ പ്രതിഷേധത്തിനിടയാക്കി. തങ്ങളുടെ വ്യക്തിനിയമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായാണ് മുസ്‌ലിം വിഭാഗങ്ങള്‍ ഇതിനെ കണ്ടത്.
മുസ്‌ലിംകളെ മതേതരവല്‍ക്കരിക്കുന്നു
ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉയര്‍ച്ചയും ഇന്ത്യന്‍ സ്വത്വത്തിലും ദേശീയതയിലുമുള്ള മുന്‍ഗണനാ വാദങ്ങളുടെ ആധിപത്യവും സ്ഥിതിഗതികളില്‍ സാരമായ മാറ്റങ്ങളുണ്ടാക്കി. മുസ്‌ലിംകളെ ‘മതേതരവല്‍കരിക്കുക’ എന്ന പദ്ധതി അവരുടെ ജീവിതത്തിന്റെ മറ്റു പല മേഖലകളിലേക്കും വ്യാപിച്ചു. മുസ് ലിംകളെ ‘ഇന്ത്യന്‍വല്‍കരിക്കല്‍’ മതേതരത്വ വ്യവഹാരങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി.
ദേശീയ സ്വത്വത്തിന്റെ മാറിയ സങ്കല്‍പത്തിന് നിലവിലെ മതേതരവല്‍ക്കരണത്തിന്റെ നിര്‍വചനത്തില്‍ വലിയ സ്വാധീനം നേടാനായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഹിജാബ് ഇന്ത്യയുടെ ഐക്യത്തിനും മതേതരത്വത്തിനും വെല്ലുവിളിയാകുന്നുവെന്ന വാദത്തെ വിലയിരുത്തേണ്ടത്. മതേതരത്വത്തിന്റെ നാല്‍കവലയിലും ഇന്ത്യന്‍ സ്വത്വ സ്വീകരണ പ്രക്രിയയിലും നിന്നുകൊണ്ടാണ് ഹിജാബിനോടുള്ള വെറുപ്പിനെ മനസ്സിലാക്കേണ്ടത്. പൊതുവിടത്തിലെ മതപരമായ അടയാളങ്ങളുടെ ദൃശ്യപരതയല്ല ഹിജാബ് നിരോധനത്തിന് കാരണമായ ആശങ്ക. കാരണം, രാഷ്ട്രത്തിന്റെ വിവിധ ആചാരങ്ങളുടെ ഭാഗമായി അത്തരം കാര്യങ്ങള്‍ നാം കാണാറുണ്ട്. പകരം, മുസ്‌ലിം ചിഹ്നങ്ങളും അവയുടെ ദൃശ്യപരതയും മാത്രമാണ് അവരുടെ പ്രശ്‌നം.
അഥവാ, മുസ്‌ലിം ചിഹ്നങ്ങളും അടയാളങ്ങളും ഇന്ത്യയുടെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാമോ എന്നിടത്താണ് പ്രശ്‌നത്തിന്റെ കാതല്‍. ‘മുസ്‌ലിമിന് ഇന്ത്യനാകാനാകുമോ?’ അല്ലെങ്കില്‍ ‘മുസ്‌ലിംകള്‍ക്ക് എങ്ങനെയാണ് യഥാര്‍ഥ ഇന്ത്യക്കാരാവാനാവുക?’ എന്ന പറഞ്ഞു മടുത്ത ചര്‍ച്ചകളിലേക്കാണ് അവ ചെന്നെത്തുന്നത്. പൊതുവിടത്തിലെ നമസ്‌കാരം ക്രിമനല്‍വല്‍ക്കരിക്കുക, മുസ്‌ലിം സ്വഭാവം ഉള്‍കൊള്ളുന്ന സ്ഥലങ്ങളുടെ നാമമാറ്റം തുടങ്ങിയ സമാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഹിജാബ് നിരോധനവും.
മതേതരത്വം മതത്തില്‍നിന്നുള്ള രാഷ്ട്രത്തിന്റെ വേര്‍പ്പെടലായിട്ടാണ് മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. മാത്രവുമല്ല, പ്രസ്തുത രാഷ്ട്രത്തിന് മുന്നില്‍ സര്‍വ മതങ്ങള്‍ക്കും തുല്യ പങ്കാളിത്തം എന്ന ചിന്തയും അത് മുന്നോട്ടു വെക്കുന്നുണ്ട്. പക്ഷേ, ഹിജാബ് നിരോധനവും മുസ്‌ലിം സ്ത്രീയെ മതേതരവല്‍ക്കരിക്കുന്നതും പ്രമാണി വര്‍ഗങ്ങള്‍ക്ക്, ഒരു പ്രത്യേക ദേശീയ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാനും ശക്തിപ്പെടുത്താനുമുള്ള ഉപകരണമായിട്ട് മതേതരത്വത്തെ എങ്ങനെ ഉപയോഗിക്കാമെന്നാണ് കാണിച്ചുതരുന്നത്.
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5