Current Date

Search
Close this search box.
Search
Close this search box.

പരസ്‍പരം കേൾക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍

ഇണയോട് കൂടുതല്‍ വര്‍ത്തമാനം പറയാതിരിക്കുകയും പകരം നന്നായി കേള്‍ക്കുകയും ചെയ്താല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടത് തങ്ങള്‍ തന്നെയാണെന്ന ബോധമാണ് കുടുംബശിഥിലീകരണം തടയാന്‍ സഹായിക്കുന്ന ഫലപ്രദമായ രീതികളില്‍ ഏറ്റവും പ്രധാനം. ഇക്കാര്യം വിജയകരമാവാന്‍, ഒരു കക്ഷിയുടെ സ്ഥാനത്ത് നമ്മെ നിര്‍ത്തി താഴെവരുന്ന ചോദ്യങ്ങള്‍ക്ക് പൂര്‍ണ സത്യസന്ധതയോടെ ഉത്തരം നല്‍കണം. നമ്മള്‍ ഉദ്ദേശിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്ന രീതിയിലൂടെയല്ലാതെ, അവരുടെ തന്നെ വ്യക്തിത്വത്തിന്റെയും അഭിപ്രായങ്ങളുടെയും വെളിച്ചത്തിലൂടെ പങ്കാളി എന്താണ് ചിന്തിക്കുന്നതെന്ന് എത്ര നന്നായി നമ്മള്‍ക്കറിയാം?

ചിന്തകളിലും പെരുമാറ്റത്തിലും പ്രവര്‍ത്തനങ്ങളിലും മാതൃകയായി സ്വയം അവരോധിക്കുക എന്നത് പങ്കാളികള്‍ക്കിടയില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു പിഴവാണ്. ഓരോരുത്തര്‍ക്കും വ്യതിരിക്തമായ വിരലടയാളങ്ങള്‍ ഉള്ളതുപോലെ മാനുഷികമായി ആവര്‍ത്തിക്കാന്‍ കഴിയാത്തവിധം സ്വന്തമായൊരു ‘കാറ്റലോഗും’ ഓരോരുത്തര്‍ക്കുമുണ്ട്. ഇതിനാല്‍തന്നെ, മനുഷ്യസഹജമായ വ്യതിരിക്തതകള്‍ മനസ്സിലാക്കലും – പങ്കാളികള്‍ തമ്മില്‍ പ്രത്യേകിച്ചും – സഹനത്തെക്കുറിച്ച് പഠിക്കലും പങ്കാളിയോട് തന്റെ തനിപ്പകര്‍പ്പാവാന്‍ ആവശ്യപ്പെടാതിരിക്കലും അനിവാര്യമാണ്. പകരം, അവരുടെ വ്യക്തിത്വത്തെക്കുറിച്ച് നമുക്കുള്ള പൂര്‍ണമായ അവബോധവുമനുസരിച്ച് അവരുടെ സംസാരം മനസ്സിലാക്കാന്‍ നാം കാര്യമാത്ര ശ്രമിക്കണം.

പ്രകാശ കിരണങ്ങളെ സ്വാഗതം ചെയ്യാം

മറുകക്ഷി തന്റെ കാഴ്ചപ്പാട് പൂര്‍ണമായി വിശദീകരിക്കുന്നതുവരെ ”ക്ഷമയോടെ” പെരുമാറലും പ്രതികരിക്കുമ്പോള്‍ ശാന്തത പാലിക്കലും ഈ ശ്രവണകലയില്‍ പെട്ടതുതന്നെയാണ്. ഒഴിവാക്കാനാഗ്രഹിക്കുന്ന ഒരു ഭാരമാണെന്ന മട്ടില്‍ വികാരാധീനമായി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ധൃതി കാണിക്കരുത്. പകരം ഹൃദയത്തെ ശാന്തമാക്കുകയും മറ്റുള്ളവ കടന്നുപോയത് പോലെ ഈ വിയോജിപ്പും കടന്നുപോകുമെന്നും ജീവിതംതന്നെ താത്കാലികമാണെന്നും അവയെ തുടര്‍ച്ചയായ പീഡനങ്ങളാക്കി മാറ്റുന്നത് നല്ലതല്ലെന്നും ഓര്‍മിപ്പിക്കണം. നമ്മള്‍ വെറുക്കുന്ന കാര്യങ്ങളായാല്‍ കൂടിയും ക്ഷമയോടെ കേള്‍ക്കാനും, ഇരുട്ടിന്റെ നടുവില്‍ പോലും വെളിച്ചത്തിന്റെ ബിന്ദുക്കള്‍ കാണാനും, ചെറിയ നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നാല്‍തന്നെയും സാഹചര്യങ്ങള്‍ ഒരു കരിനിഴലായി വന്ന്, നഷ്ടങ്ങള്‍ വൈവാഹിക ജീവിതം ഒരു നരകമാക്കുന്നതിന് പകരമായി, ബന്ധിപ്പിച്ചു നിര്‍ത്തുന്ന കണ്ണികള്‍ കൊണ്ട് ചേര്‍ത്ത് നിര്‍ത്താനും കഴിയണം.

ഇതിന് പങ്കാളിയെ വെല്ലുവിളിക്കരുത്. വാക്കാലോ ശാരീരികമായോ ആയിക്കോട്ടെ, അവരുമായി പോരാടിക്കരുത്. ഒരു സൈനിക വിചാരണയിലാണെന്ന പോലെ പരസ്പരം ചോദ്യം ചെയ്യരുത്. നമ്മള്‍ രണ്ടുപേരും ഒരേ കപ്പലിലാണെന്നതും മികച്ച രീതിയില്‍ മുന്നോട്ട് പോകുക എന്നതാണ് നമ്മുടെ പൊതുതാല്‍പര്യമെന്ന രീതിയിലുള്ള സൗഹാര്‍ദപരമായ സംഭാഷങ്ങള്‍ പങ്കാളിയിലേക്ക് കൈമാറ്റം ചെയ്യാനും പരമാവധി കഴിയേണ്ടതുണ്ട്. ഇതിനായി, ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ ഉടനടി നീക്കംചെയ്യുകയും എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പരസ്പരം മനസിലാക്കുകയും അവ ചെറുതായിരിക്കുമ്പോള്‍ തന്നെ ഈ ഭീമനെ കൊല്ലുകയും ചെയ്യണം. അതായത്, എല്ലാ വാക്കുകളും തെറ്റായി വ്യാഖ്യാനിക്കുകയും പങ്കാളിയെ ധാര്‍മികമായി ക്രൂശിക്കാനോ അവനെ നിയന്ത്രിക്കാനോ ഉള്ള ശ്രമമാക്കി അവയെല്ലാം മാറ്റുകയും ചെയ്യുന്ന ‘കോപാകുലനായ’ പങ്കാളിക്ക് ചെവികൊടുക്കാതിരിക്കുക. ഇതിനൊക്കെ പുറമെ, ഞാന്‍ പലതവണ കേട്ടിട്ടുള്ളതാണ്, പരസ്പരനിഷേധാത്മകതയിലേക്ക് നയിക്കുന്നതരം ആരോപണങ്ങളുടെ അനന്തമായ പട്ടിക. ഭര്‍ത്താക്കന്മാരില്‍ നിന്നാവട്ടെ, ഭാര്യമാരില്‍ നിന്നാവട്ടെ, ഈ ആരോപണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിന്റെ തീയിലേക്ക് അവരെ വലിച്ചെറിയുകയും അവരെ അസന്തുഷ്ടരാക്കുകയും വേദനയും കഷ്ടപ്പാടും മാത്രം എപ്പോഴും കൂട്ടിനുണ്ടാവുന്ന തരത്തിലേക്ക് വിവാഹങ്ങളെ മാറ്റുകയും ചെയ്യുന്നു.

ഒരു കക്ഷി അവനെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും പരാമര്‍ശിക്കാന്‍ ശ്രമിക്കവേ മറ്റെയാള്‍ അവനുവേണ്ടി ചെയ്ത മനോഹരമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് അവനെ തടസ്സപ്പെടുത്തുന്നു. അതോടെ ആദ്യ വ്യക്തിക്ക് താന്‍ അപമാനിക്കപെട്ടതായും മറ്റെയാള്‍ തന്നെക്കാള്‍ മേല്‍ക്കോയ്മ നേടിയതായും അനുഭവപ്പെടുന്നു. അതിനാല്‍, ഒരു ശ്രോതാവ് സംസാരിക്കുന്ന വ്യക്തിയുടെ മോശം മാനസികാവസ്ഥയെ ആദ്യം മനസ്സിലാക്കണം. ഒരു പ്രയാസഘട്ടത്തില്‍ അയാള്‍ പറയുന്ന കാര്യങ്ങള്‍ എണ്ണത്തില്‍ പെടുത്തരുത്. അതിനപ്പുറം അയാള്‍ പറയാന്‍ ആഗ്രഹിക്കുന്നതിനെ മുന്‍കൂട്ടി കണ്ട് നിഗമനത്തിലെത്തണം. എല്ലാ വിശദാംശങ്ങള്‍ക്കും പൂര്‍ണമായ ശ്രദ്ധ കൊടുക്കാതിരിക്കുകയും കൂടുതല്‍ ഉചിതമായ സമയത്തേക്ക് അവയോട് പ്രതികരിക്കുന്നത് ‘നീട്ടിവെക്കുക’യും വേണം. അതായത് പറയുന്നത് മനസ്സിലാക്കാന്‍ പാകത്തില്‍ ഇരു ആത്മാക്കളും കൂടുതല്‍ ശാന്തവും മനസ്സുകള്‍ വിശ്രമസ്ഥായിയിലുമായിരിക്കണം എന്ന് സാരം; അത് പറഞ്ഞത് പിന്‍വലിക്കാനാണെങ്കില്‍ കൂടിയും. അതിനാല്‍, പങ്കാളിയുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. ഒരാളുടെ അഭിപ്രായത്തെ പറ്റി എതിര്‍പ്പോ അഹങ്കാരമോ പ്രകടിപ്പിക്കാന്‍ തിരക്കുകൂട്ടരുത്. അങ്ങനെ സംഭവിക്കുന്ന പക്ഷം, പങ്കാളി ചെയ്ത കാര്യത്തില്‍ പശ്ചാത്തപിക്കാതിരിക്കുകയും ദേഷ്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തേക്കും.

ആന്തരിക സംഭാഷണങ്ങളുടെ നിരീക്ഷണം

ദമ്പതികള്‍ നല്ല കേള്‍വിക്കാരാകണമെങ്കില്‍, ഓരോ പങ്കാളിയും പരസ്പരം പറയുന്ന മോശം ആന്തരിക സംഭാഷണങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഭാര്യ എപ്പോഴും, എന്റെ ഭര്‍ത്താവിന് എന്നോടൊരു വികാരവുമില്ല, എന്റെ വികാരങ്ങളെ ബഹുമാനിക്കുന്നില്ല, അല്ലെങ്കില്‍ എന്നെ സ്നേഹിക്കുന്നില്ല എന്നിങ്ങനെ സ്വയം ആവര്‍ത്തിക്കുന്നവളാണെങ്കില്‍ പിന്നെ മനസ്സാ അവനെ ശ്രദ്ധിക്കാന്‍ അവള്‍ക്കു കഴിയില്ല. തഥാ, ഭര്‍ത്താവ് ഭാര്യയോട് എപ്പോഴും ഇങ്ങനെ പറയുകയാണെങ്കിലും അങ്ങനെത്തന്നെ. അതിനാല്‍ ആദ്യം, നിഷേധാത്മകമായ ആന്തരിക സംഭാഷണം ഒഴിവാക്കല്‍ അനിവാര്യമാണ്. കൂടാതെ, തന്റെ പങ്കാളി പ്രപഞ്ചത്തിലെ ഏറ്റവും മോശം വ്യക്തിയല്ലെന്നും ഭര്‍ത്താവായാലും ഭാര്യയായാലും തന്റെ ഇണ പ്രപഞ്ചത്തിലെ ഏറ്റവും മികച്ച വ്യക്തിയല്ലെന്നും സ്വയം ഓര്‍മിക്കുക. ഒപ്പം അവന്റെ ഗുണങ്ങളുടെ പോസിറ്റീവ് ഭാഗം, അവ കുറവാണെങ്കില്‍പ്പോലും അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ നെഗറ്റീവുകളെ ചെറുതായി കാണുകയും ചെയ്യുക. ഒരുമിച്ച് ജീവിക്കുന്നിടത്തോളം കാലം അവരുടെ താല്പര്യത്തിനനുസരിച്ച് ഇത് ഉറപ്പാക്കുകയും വേണം.

ഇണകള്‍ തമ്മിലുള്ള ഫലപ്രദമായ ശ്രവണ കലകളില്‍ ഒന്നാണ് പങ്കാളിയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ സ്വീകരിക്കുക എന്നത്. അത് അപമാനിക്കാനോ ഇകഴ്ത്താനോ ഉള്ള ഉപാധിപോലെ കൈകാര്യം ചെയ്യരുത്. ദാമ്പത്യത്തില്‍ വിജയംനേടാന്‍ ഏറ്റവും നല്ല വഴികള്‍ അന്വേഷിക്കുന്നതിനുള്ള ‘ഫലപ്രദമായ’ മാര്‍ഗമായി ഇതിനെ പുനഃസ്ഥാപിക്കുക എന്നതാണ് ഇതില്‍ ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം. ഇതാകട്ടെ ഇരുകൂട്ടര്‍ക്കും പ്രയോജനകരമാണുതാനും. തെറ്റുകള്‍ ചെയ്യാത്ത ഒരു മനുഷ്യനുമില്ലെന്നും ഇതോടൊപ്പം ഓര്‍ക്കുക. തെറ്റുകളില്‍ മുറുകെപിടിക്കാതെ പകരം ധീരതയോടും അചഞ്ചലതയോടുംകൂടി അതിനെ അഭിമുഖീകരിക്കുന്നവനാണ് മിടുക്കന്‍. പൂര്‍ണമായും നമ്മള്‍ അടുത്ത സുഹൃത്തുക്കളുമായി ചെയ്യുന്നതുപോലെ, അവന്‍ അവരെ ഉദ്ദേശിച്ചല്ലെന്ന് പങ്കാളിയോട് വിശദീകരിക്കണം. അതിലാണ് പല ഭാര്യഭര്‍ത്താക്കന്മാര്‍ക്കും പിഴക്കുന്നത്; തെറ്റ് സമ്മതിക്കുന്നതിനുപകരം, പങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ വിസമ്മതിക്കുന്നു.

ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഫലപ്രദമായ ശ്രവണ കലകളില്‍ മറ്റൊന്ന്, സംഭാഷണത്തിലെ നിഷേധാത്മക സ്വരം വര്‍ധിപ്പിക്കാനുള്ള പങ്കാളിയുടെ പ്രവണത ശ്രദ്ധിക്കുകയും അതിനെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യുക എന്നതാണ്. നിയന്ത്രണാതീതവും അക്രമാസക്തമായ പ്രതികരണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും സാഹചര്യം കൂടുതല്‍ വഷളാക്കുകയും ചെയ്യാനുള്ള ആത്മാവിന്റെ സ്വാഭാവിക പ്രവണതയ്ക്ക് കീഴടങ്ങാതിരിക്കുക. തീപ്പിടിത്തം ഉണ്ടാവുന്നതിന് മുമ്പ് ഫ്യൂസ് ഊരുക എന്നതാണല്ലോ ഏറ്റവും നല്ലത്. എന്തെന്നാല്‍ ഒടുവില്‍, അത് തുടങ്ങിയ ആളെമാത്രമല്ല, എല്ലാവരെയും ഒരുപോലെ ബാധിക്കും.

ഇണകള്‍ തമ്മിലുള്ള ഫലപ്രദമായ ശ്രവണ കലകളില്‍ ഒന്നാണ് പങ്കാളിയെ തടസ്സപ്പെടുത്താതിരിക്കലും ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഒഴിവാക്കലും. കൂടാതെ അയാള്‍ പറയുന്നത് ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും ബഹുമാനവും അഭിനന്ദനവും പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് നന്നായി ഇടപെടാന്‍ പങ്കാളിയെ പ്രേരിപ്പിക്കുകയും ചെയ്യുക. കേള്‍ക്കുമ്പോഴും, പങ്കാളിയുടെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴും, ശ്രോതാവിന്റെ മുന്‍വിധിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ മാത്രമല്ല, പറയുന്ന എല്ലാകാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുകൂടെ അത്യാവശ്യമാണ്. അതോടൊപ്പം താന്‍ പറയാന്‍ ശ്രമിക്കുന്നകാര്യം സൗഹാര്‍ദത്തോടെയും പങ്കാളിയുടെ കാഴ്ചപ്പാടിനെ മനസ്സിലാക്കിയും വിശദീകരിക്കാനുള്ള സത്യസന്ധമായ ശ്രമവും വേണം.

നമുക്കിഷ്ടപ്പെടാത്ത എന്തെങ്കിലും കേള്‍ക്കുമ്പോള്‍ വെറുപ്പോ അവഹേളനമോ തീക്ഷ്ണതയോ സൂചിപ്പിക്കുന്ന ഒരു നീക്കവും പ്രകടിപ്പിക്കരുത്. സംസാരിക്കുന്ന വ്യക്തിയുടെ സവിശേഷതകളും ശ്രദ്ധിക്കുന്നതോടൊപ്പം അയാളുടെ കോപം കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുക. തനിക്ക് സംഭവിച്ച മോശമായ കാര്യത്തിന്മേല്‍ ദേഷ്യപ്പെടാനുള്ള അയാളുടെ ‘നിയമപരമായ’ അവകാശത്തെ അംഗീകരിച്ചു കൊടുക്കണം. കൂടാതെ അയാളെ ക്ഷമയോടെയും, സൗഹാര്‍ദപരമായും കേള്‍ക്കുകയും നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ശാന്തമായി വിശദീകരിക്കുകയും ചെയ്യുക.

നല്ല കേള്‍വിയുടെ ഗുണങ്ങള്‍

ഇണകള്‍ തമ്മിലുള്ള സജീവമായ ശ്രവണകലയില്‍ പ്രാവീണ്യം നേടുന്നതിന്നായി അത് ചെയ്യുന്നതിലൂടെ അവര്‍ക്ക് ലഭിക്കുന്ന അത്ഭുതകരമായ ഫലങ്ങള്‍ ‘ഭാവന’യില്‍ കണ്ടിരിക്കണം. എപ്പോഴും അക്കാര്യം ഓര്‍ക്കുകയും ആ കലയില്‍ പ്രാവീണ്യം നേടുന്നതിനുള്ള ‘പ്രയത്നം’ അവരെ പല പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുമെന്ന് മനസ്സിലാക്കുകയും വേണം. വിലപ്പെട്ട സന്തോഷത്തിനും വര്‍ധിച്ച മനസ്സിലാക്കലിനുമുള്ള വിലകുറഞ്ഞ ‘മഹ്ര്’ ആണിത്. ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ ആസ്വദിക്കുന്ന സുഖസൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ആഗ്രഹം വര്‍ധിപ്പിക്കുന്നതും ഇതാണെന്ന് കൂടി ചേര്‍ത്തു വായിക്കുക.

ഇപ്പോള്‍, നമ്മളിതിന്റെ പ്രായോഗിക തലത്തിലേക്ക് കടക്കുന്നത്തിനുമുമ്പ് മുഹമ്മദ് നബി (സ) യുടെ ജീവതത്തില്‍ നിന്നും ഇതിനായി നമ്മെ സഹായിക്കുന്ന ഉപദേശം നാം അറിയണം. പ്രവാചകൻ പഠിപ്പിച്ചു :’നിങ്ങളിലേറ്റവും നല്ലവര്‍ നിങ്ങളുടെ കുടുംബക്കാരോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനാകുന്നു. നിങ്ങളില്‍ കുടുംബത്തോട് ഏറ്റവും നല്ലനിലയില്‍ വര്‍ത്തിക്കുന്നവന്‍ ഞാനാകുന്നു’.

നിങ്ങളില്‍ കുടുംബത്തോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവന്‍ ഞാനാകുന്നു

നമ്മളൊരുമിച്ച് പ്രിയപ്പെട്ട പ്രവാചകര്‍ മുഹമ്മദ് നബിയുടെ സുഗന്ധപൂരിതമായ ജീവിതത്തിലേക്ക്, തങ്ങളുടെ വൈവാഹികജീവിത സാഹചര്യങ്ങളുടെ പഠനാര്‍ഥം കടക്കുകയാണ്; ഈ സാഹചര്യങ്ങളൊന്നും പുതിയതല്ലെന്നാല്‍ കൂടിയും. എന്നാല്‍ ഞങ്ങളതിനെ വ്യത്യസ്തമായ രീതിയില്‍ വായിക്കാന്‍ ശ്രമിക്കുന്നു; തിരക്കാണ്, വേവലാതിയാണ് എന്നിങ്ങനെയുള്ള ഒഴിവുകഴിവുകള്‍ ഞങ്ങള്‍ക്കാര്‍ക്കും ഇല്ലാത്തത് കൊണ്ട് തന്നെ. ബഹുമാനത്തിന്റെയും അഭിനന്ദനത്തിന്റെയും ചട്ടക്കൂടിനുള്ളില്‍ നിന്ന് ഭാര്യമാരുമായി സംഭാഷണം നടത്തുകയും അവരെ കേള്‍ക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന റോള്‍ മോഡലായി നമ്മുടെ മുന്നില്‍ തിരുദൂതരിതാ…

ഇണകള്‍ തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയത്തില്‍ പങ്കാളിയുടെ ആവശ്യങ്ങള്‍ അവര്‍ നിറവേറ്റുന്നത് ഉറപ്പാക്കലും ഉള്‍പ്പെടുന്നുവെന്ന് നമ്മള്‍ ഈ ഭാഗത്തില്‍നിന്നു മനസ്സിലാക്കുന്നു. പ്രിയ റസൂല്‍ തന്റെ ഭാര്യമാരുടെ ആവശ്യങ്ങള്‍ പരിശോധിക്കുകയും അവ നിറവേറ്റുകയും ചെയ്ത ചില സാഹചര്യങ്ങള്‍ ഇവയാണ്:

1- ആയിശ(റ)യെ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: എന്റെയടുക്കല്‍ രണ്ട് അടിമപ്പെണ്‍കുട്ടികള്‍ പാട്ടുപാടിക്കൊണ്ടിരിക്കെ നബിതങ്ങള്‍ അവിടേക്ക് കടന്നുവന്നു. അവിടുന്ന് വിരിപ്പില്‍ കിടക്കുകയും മുഖം തിരിക്കുകയും ചെയ്തു. അബൂബക്കര്‍(റ) കടന്നുവരികയും എന്നെ ശകാരിച്ചുകൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു :’നബി തങ്ങളുടെ അടുക്കലാണോ പിശാചിന്റെ പുല്ലാങ്കുഴല്‍ വായന. ‘അപ്പോള്‍ നബി തങ്ങള്‍ അദ്ദേഹത്തിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു :’അവരെ വെറുതെ വിടുക.’ അദ്ദേഹം അശ്രദ്ധനായപ്പോള്‍ ഞാന്‍ അവരോട് കണ്ണുകൊണ്ട് കാണിക്കുകയും അവരിരുവരും പോവുകയും ചെയ്തു. അന്നൊരു പെരുന്നാള്‍ ദിവസമായിരുന്നു. രണ്ട് സുഡാനികള്‍ കുന്തം കൊണ്ട് കളിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവിടുത്തോട് ചോദിക്കുകയോ അതോ അവിടുന്ന് എന്നോട് ‘നിനക്കത് കാണണമോ’എന്ന് ചോദിക്കുകയോ ചെയ്തു. ഞാന്‍ പറഞ്ഞു: ‘വേണം’. എന്റെ കവിള്‍ തങ്ങളുടെ കവിളോട് ചേര്‍ന്ന നിലക്ക് എന്നെ അവിടുത്തെ പിറകില്‍ നിര്‍ത്തി. എന്നിട്ട് പറഞ്ഞു :’നിങ്ങള്‍ കളി തുടരൂ..’എനിക്ക് മടുക്കുന്നത് വരെ തുടര്‍ന്നു. അവിടുന്ന് മതിയായോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മതിയെന്നു പറഞ്ഞു. അവിടുന്ന് പറഞ്ഞു :’എങ്കില്‍ നീ പോയ്ക്കോളൂ..! (ബുഖാരി)

2-ആയിശ(റ)നെ നിന്ന് നിവേദനം: അവര്‍ പറഞ്ഞു :’ഒരിക്കല്‍ ഞാന്‍ പ്രവാചകരുടെ കൂടെ യാത്ര പുറപ്പെട്ടു. ഞാന്‍ തടി കുറഞ്ഞവളായിരുന്നു. ഞങ്ങളൊരു സ്ഥലത്തിറങ്ങിയശേഷം അവിടുന്ന് സ്വാഹാബക്കളോട് പറഞ്ഞു:’നിങ്ങള്‍ പോകൂ’. എന്നിട്ടെന്നോട് പറഞ്ഞു:’വരൂ, നമുക്ക് ഓട്ടമത്സരം നടത്താം.’ ഞങ്ങള്‍ മത്സരിക്കുകയും ഞാന്‍ ജയിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ മറ്റൊരു യാത്ര ഞാന്‍ പ്രവാചകരുടെ കൂടെ പുറപ്പെട്ടു. അവിടുന്ന് സ്വാഹാബക്കളോട് പറഞ്ഞു :’നിങ്ങള്‍ പോകൂ’. എന്നിട്ടെന്നോട് പറഞ്ഞു:’വരൂ, നമുക്ക് ഓട്ടമത്സരം നടത്താം.’അങ്ങനെ ഞങ്ങള്‍ മത്സരിക്കുകയും റസൂല്‍ വിജയിക്കുകയും ചെയ്തു. അവിടുന്ന് തന്റെ കൈ കൊണ്ട് എന്റെ ചുമലില്‍ തട്ടിക്കൊണ്ട് പറഞ്ഞു :’ഇത് അന്നത്തേതിനു പകരമാണ്.'(നസാഈ)

ആയിശ ബീവി ചെറുപ്പക്കാരിയാണെന്നും കളിയിലേക്കും തമാശയിലേക്കും വിനോദത്തിലേക്കും അവര്‍ക്ക് താല്‍പര്യമുണ്ടാവുമെന്നും നബി തങ്ങള്‍ക്ക് അറിയാമായിരുന്നു. അവര്‍ക്കാവശ്യമുള്ളത് അവര്‍ക്ക് തൃപ്തികരവും അനുയോജ്യവുമായ രീതിയില്‍ അവിടുന്ന് നല്‍കുന്നു. അവിടുത്തെ തിരക്കുകളും പ്രബോധന ചുമതലകളും രാഷ്ട്രത്തിന്റെ ഉത്തരവാദിത്തങ്ങളും തന്റെ ഭാര്യമാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനെപറ്റി അന്വേഷിക്കുന്നതില്‍ നിന്ന് പ്രവാചകരെ തടഞ്ഞിരുന്നില്ല.

സജീവവും സഹാനുഭൂതി നിറഞ്ഞതുമായ നബിതങ്ങളുടെ കേള്‍വിയെക്കുറിച്ച് ആയിശ (റ) ഹദീസില്‍ പറയുന്നു: ‘പതിനൊന്നു സ്ത്രീകള്‍ ഒരുമിച്ചിരുന്നു. അവര്‍ തങ്ങളുടെ ഭര്‍ത്തക്കാന്മാരെക്കുറിച്ച് ഒരു കാര്യവും മറക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്തു. ‘അങ്ങനെ അവരോരോരുത്തരും ഒരുപാട് നീണ്ടനിന്ന ഒരു ചര്‍ച്ചയില്‍ തങ്ങളുടെ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പരാമര്‍ശിച്ചു. അതില്‍ അവസാനത്തേത് ഉമ്മു സറഅയാണ്, തന്റെ ഭര്‍ത്താവ് അബു സറഅ തുടക്കത്തില്‍ തന്നോട് ദയ കാണിച്ചിരുന്നുവെന്നും പിന്നീട് അയാള്‍ അവളെ വിവാഹമോചനം ചെയ്യുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു. നബി തങ്ങള്‍ ബീവിയില്‍ നിന്നും ഈ സംഭാഷണം ശ്രവിക്കുകയും ഇങ്ങനെ മറുപടി പറയുകയും ചെയ്തു :’ഞാന്‍ നിനക്ക് ഉമ്മു സറഇന് അബീ സറഇനെപ്പോലെയാണ്. ഞാന്‍ നിന്നെ വിട്ടു പിരിക്കുകയോ ഒഴിവാക്കുകയോ ഇല്ല എന്നതൊഴിച്ച്. ‘അവിടുന്ന് ബീവിയെ ഉപേക്ഷിക്കില്ലെന്ന സുരക്ഷിതത്വവാഗ്ദാനം അവരുടെ ഹൃദയത്തില്‍ സ്ഥാപിക്കുന്ന വാക്കുകളാണിതെന്നു വ്യക്തം!

( അവലംബം- islamonline.net )

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles