Current Date

Search
Close this search box.
Search
Close this search box.

മുഖാവരണവും കറുത്ത പര്‍ദയും ഇസ്‌ലാം നിര്‍ബന്ധമാക്കുന്നുണ്ടോ?

മുസ്‌ലിംകളുടെ വസ്ത്രധാരണം എക്കാലവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. മതത്തിന്റെ അന്തസ്സത്തയായ ഏകദൈവ വിശ്വാസത്തെക്കുറിച്ചോ മാനവിക മൂല്യങ്ങളെക്കുറിച്ചോ സംവദിക്കുന്നതിനെക്കാളേറെ, മതത്തിന്റെ ചിഹ്നങ്ങളെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും വിവാദങ്ങളിലേര്‍പ്പെടാനാണ് സമൂഹം സമയം ചെലവിടുന്നത്. വ്യക്തികളുടെ സൗന്ദര്യബോധത്തിനും സ്വാതന്ത്ര്യത്തിനും ധാരാളം അവസരം നല്കുന്ന മതത്തെ കൂടുതല്‍ കുടുസ്സും കര്‍ക്കശവുമാക്കി അവതരിപ്പിക്കാന്‍ തല്പരകക്ഷികള്‍ക്ക് അവസരം നല്‍കുകയാണ് ഇത്തരം അനാവശ്യ ചര്‍ച്ചകളുടെ അന്തിമഫലം. പുരുഷന്മാര്‍ മുട്ടുപൊക്കിളിനിടയിലുള്ള ഭാഗങ്ങള്‍ മറയ്ക്കണമെന്നതാണ് പണ്ഡിതന്മാരുടെ പൊതുവിലുള്ള അഭിപ്രായം. എന്നാല്‍ ഇമാം ബുഖാരി ഉള്‍പ്പെടെ ഭൂരിഭാഗം ഹദീസ് പണ്ഡിതന്മാരുടെയും അഭിപ്രായം പുരുഷന്റെ തുട നഗ്‌നതയല്ല എന്നതാണ്. ഈ അഭിപ്രായത്തിനാണ് സ്വഹീഹായ ഹദീസില്‍ പിന്‍ബലമുള്ളത്. തുട നഗ്നതയാണെന്ന് പറയുന്ന ഹദീസ് ദുര്‍ബലമാണ്. കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഫത്ഹുല്‍ മുഈനില്‍ ഇത് സംബന്ധമായി പറയുന്നു: ”മുന്‍ദ്വാരവും പിന്‍ദ്വാരവും മാത്രമേ നിസ്‌കാരത്തില്‍ ഔറത്തുള്ളൂവെന്നതില്‍ ഇമാം അഹ്മദി(റ) നെ ഒരാള്‍ തഖ്‌ലീദ് ചെയ്തു…” (ഫത്ഹുല്‍മുഈന്‍ പരിഭാഷ, പേജ് 567). പ്രമുഖ മുസ്‌ലിം രാഷ്ട്രങ്ങള്‍ കാല്‍പ്പന്തുകളിയില്‍ പങ്കെടുക്കുന്നതും അത് കാണുന്നതും തുട നഗ്നതയല്ല എന്ന അഭിപ്രായത്തെ അംഗീകരിച്ചുകൊണ്ടാണ്. എന്നാല്‍, പുരുഷന്മാര്‍ സവിശേഷ രീതിയിലുള്ള വസ്ത്രം ധരിക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. ഇന്ന് അറബികള്‍ ധരിക്കുന്ന വസ്ത്രരീതിയാണ് നബി(സ)യും സ്വഹാബിമാരും സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇസ്‌ലാം ഈ രീതിയെ മുസ്‌ലിംകളുടെ മേല്‍ നിര്‍ബന്ധമാക്കുകയോ പുണ്യകര്‍മമാക്കുകയോ ചെയ്യുന്നില്ല. മക്കാ മുശ്‌രിക്കുകളും ഈ വസ്ത്രരീതി തന്നെയാണ് സ്വീകരിച്ചിരുന്നത്. നീളക്കുപ്പായം ധരിക്കല്‍ ചിലര്‍ മുസ്‌ലിം വേഷമായി അവതരിപ്പിക്കാറുണ്ടെങ്കിലും സ്ത്രീകളുടെ മേല്‍ പര്‍ദ നിര്‍ബന്ധമാക്കുന്നതുപോലെ അത് നിര്‍ബന്ധമാക്കാറില്ല. ചിലര്‍ പ്രബോധന കാര്യങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ ഈ വസ്ത്രം സ്വീകരിക്കുകയും ജോലിസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ അത് ഉപേക്ഷിക്കുകയും ചെയ്യുന്നു.

ഒരു കാലത്ത് പുരുഷന്‍ പാന്റ്‌സും ഡബിള്‍മുണ്ടും ധരിക്കുന്നത് കേരളത്തില്‍ വിലക്കപ്പെട്ടിരുന്നു. പള്ളികളിലെ നോട്ടീസ് ബോര്‍ഡില്‍ ‘ഡബിള്‍ മുണ്ട് ഉടുത്തവര്‍ പള്ളിയില്‍ കയറരുത്’ എന്ന് നോട്ടീസ് പതിച്ചിരുന്നു! ഇന്ന് ഇതിനെല്ലാം മാറ്റം വന്നിരിക്കുന്നു. ദേശ, കാല വ്യത്യാസങ്ങള്‍ക്കനുസരിച്ച് മുട്ടുപൊക്കിളിന്റെ ഇടയിലുള്ള ഭാഗം മറയ്ക്കുന്ന രീതിയില്‍ പുരുഷന്മാര്‍ ഉചിതമായ ഏത് വസ്ത്രരീതിയും സ്വീകരിക്കാം എന്നിടത്ത് ഇന്ന് എല്ലാവരും എത്തിച്ചേര്‍ന്നിരിക്കുന്നു. സ്ത്രീകള്‍ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഏതെല്ലാം ഭാഗം പ്രകടിപ്പിക്കാം എന്ന വിഷയത്തില്‍ സ്വഹാബിവര്യന്മാര്‍ക്കിടയിലും മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയിലും അഭിപ്രായഭിന്നതയുണ്ട്. പുരുഷന്മാരുടെ വിഷയത്തില്‍ ഉള്ളതുപോലെ. ഖുര്‍ആന്‍ ആഴത്തില്‍ ഗ്രഹിച്ച പ്രവാചകപത്‌നി ആഇശ(റ), മുഖവും ഇരുമുഴങ്കയ്യിന്റെ പകുതിയും കാല്‍പാദങ്ങളും സ്ത്രീകള്‍ക്ക് പുറത്തു കാണിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റു ചിലര്‍ മുഖവും കൈപ്പടങ്ങളും വെളിവാക്കാമെന്ന് പറയുന്നു. മറ്റു ചിലര്‍ മുഖം മറയ്ക്കണമെന്നും വാദിക്കുന്നു. (ഇതില്‍ ഏതാണ് ശരിയായ അഭിപ്രായമെന്ന് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല). എന്നാല്‍ ഇവരില്‍ ആരും തന്നെ സവിശേഷ വസ്ത്രധാരണരീതി സ്ത്രീകള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് അനുശാസിച്ചിട്ടില്ല. പര്‍ദ ധരിക്കുന്ന രീതിയെ നിര്‍ബന്ധമാക്കുകയും സുന്നത്താക്കുകയും ചെയ്യുന്നവര്‍ അവലംബിക്കുന്ന തെളിവുകള്‍ പരിശോധിക്കാം.

താഴെ പറയുന്ന ആയത്താണ് ഇവര്‍ ഉന്നയിക്കുന്ന തെളിവ്. ”അല്ലയോ പ്രവാചകരേ, നിന്റെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസിനികളായ സ്ത്രീകളോടും അവരുടെ ജില്‍ബാബ് അവരുടെ ശരീരങ്ങളില്‍ താഴ്ത്തിയിട്ടുകൊള്ളണമെന്ന് കല്പിക്കുക” (അഹ്‌സാബ് 59). ജില്‍ബാബ് എന്നാണ് ഖുര്‍ആന്‍ പ്രയോഗിക്കുന്നത്. ഇതൊരു സവിശേഷവസ്ത്രമല്ല. മുഖവും കൈപടങ്ങളും ഒഴികെ മറയുന്ന രീതിയിലുള്ള വിവിധങ്ങളായ വസ്ത്രധാരണ രീതികളെ ഉള്‍ക്കൊള്ളാവുന്ന പദമാണിത്. പര്‍ദശീലമില്ലാത്ത പാകിസ്താനിലെ സ്ത്രീകളും പര്‍ദ നിര്‍ബന്ധിക്കാത്ത അവിടുത്തെ പണ്ഡിതന്മാരും ഈ ആയത്തിനെ അവഗണിച്ചവരല്ല.

മറിച്ച്, ആയത്തിന്റെ സത്ത ഉള്‍ക്കൊണ്ടവര്‍ തന്നെയാണ്. ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും സ്ത്രീകളും ഉലമാക്കളും ഈ ആയത്തിനെ അവഗണിച്ചു എന്ന് പറയാനാകില്ല. അല്പജ്ഞാനികള്‍ മാത്രമാണ് ഇന്നത്തെ പര്‍ദാ സമ്പ്രദായം മാത്രമേ ആയത്തിന്റെ പരിധിയില്‍ വരികയുള്ളൂ എന്ന് വിധിയെഴുതൂ. അറബ് ലോകം അംഗീകരിച്ച നിഘണ്ടുവാണ് ഇബ്‌നുമന്‍ദ്വൂര്‍ (ജനനം ഹിജ്‌റ 630) രചിച്ച ലിസാനുല്‍ അറബ്. ഈ ഗ്രന്ഥത്തില്‍ ജില്‍ബാബിന്റെ അര്‍ഥം വിവരിച്ചത് ശ്രദ്ധേയമാണ്. ജില്‍ബാബിന് നല്‍കുന്ന പ്രഥമ അര്‍ഥം കുപ്പായം (ഖമീസ്വ്) എന്നാണ്. രണ്ടാമതായി നല്‍കിയത് തലയില്‍ ധരിക്കുന്ന വസ്ത്രത്തെക്കാള്‍ വിശാലമായ വസ്ത്രം; ഇത് ഉപയോഗിച്ച് സ്ത്രീകള്‍ അവരുടെ തല മറയ്ക്കും എന്ന അര്‍ഥമാണ്. ഒരു വസ്ത്രത്തിന്റെ മുകളില്‍ ധരിക്കുന്ന മേല്‍വസ്ത്രം എന്ന അര്‍ഥം ഗ്രന്ഥകര്‍ത്താവ് നല്‍കിയിട്ടില്ല. ഖീല (പറയപ്പെടുന്നു) എന്ന് പറഞ്ഞുകൊണ്ടാണ് ഇക്കാര്യം അദ്ദേഹം കൂട്ടിച്ചേര്‍ത്തത്. അവസാനം ഗ്രന്ഥകര്‍ത്താവ് സ്വയം മുന്‍ഗണന നല്‍കിയത് തുണി എന്ന അര്‍ഥത്തിനാണ്. അദ്ദേഹം ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്: ഉമ്മു അത്വിയ്യയുടെ ഹദീസില്‍, തന്റെ സഹോദരിയുടെ ജില്‍ബാബില്‍ നിന്ന് ജില്‍ബാബ് ഇല്ലാത്തവള്‍ കടംവാങ്ങി ധരിക്കട്ടെ എന്ന് വന്നിട്ടുണ്ട്; അതായത് തുണിയില്‍ നിന്ന്. (ലിസാനുല്‍ അറബ് 2:317)

പള്ളി ദര്‍സുകളില്‍ പ്രസിദ്ധമായ ഖാമൂസില്‍ നല്‍കുന്നത് ‘കുപ്പായം, മുഖമക്കന’ (1:817) എന്ന അര്‍ഥമാണ്. ഇബ്‌നുകസീര്‍(റ) എഴുതുന്നു: ജില്‍ബാബ് എന്നാല്‍ തട്ടം എന്നാണ് വിവക്ഷ. ഖിമാറിന്റെ മീതെ അണിയുന്ന തട്ടം. ഇപ്രകാരം ഇബ്‌നുമസ്ഊദ്, ഉബൈദത്ത്, ഖതാദ, ഹസനുല്‍ബസ്വരി, സഈദുബ്‌നു ജുബൈര്‍, ഇബ്‌റാഹീം നഖ്ഈ, അത്വാഅ് മുതലായവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്നത്തെ തുണിയുടെ സ്ഥാനത്താണ് ഇത്. (ഇബ്‌നുകസീര്‍ 3:679) ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ‘ഖുര്‍ആനിന്റെ വെളിച്ചം’ എന്ന ഈ ലേഖകന്റെ പരിഭാഷയില്‍ വിശദീകരിച്ചത് കാണുക: ”ഇന്ന വസ്ത്രം തന്നെയായിരിക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. ഇത് രാഷ്ട്രത്തിലെ സമ്പ്രദായം അനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. പാകിസ്താനിലെ സ്ത്രീകളുടെ രീതിയല്ല ഇന്തോനേഷ്യന്‍ സ്ത്രീകളുടെത്. കാലത്തിനനുസരിച്ചും ഈ രീതി മാറിക്കൊണ്ടിരിക്കും.

ചുരുക്കത്തില്‍ പുരുഷന്‍ മറയ്‌ക്കേണ്ട ഭാഗങ്ങള്‍ അവന്‍ മറയ്ക്കണം. സ്ത്രീകള്‍ മറയ്‌ക്കേണ്ട ഭാഗങ്ങള്‍ അവരും മറയ്ക്കണം. രണ്ട് വിഭാഗത്തിന്റെയും വസ്ത്രത്തിന്റെ സ്വഭാവം ഇന്നത് തന്നെയായിരിക്കണമെന്ന് നിബന്ധനയില്ല. തുണി ഉടുക്കുന്ന പുരുഷന്മാരെ പാകിസ്താനികള്‍ പരിഹസിക്കുന്നത് കാണാം. മതം എന്താണെന്ന് പഠിക്കാത്തതാണ് ഇതിനെല്ലാം കാരണം.” (3:1411). നബി(സ)യില്‍ നിന്ന് ജില്‍ബാബിന്റെ അര്‍ഥം വിവരിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. പെണ്‍വസ്ത്രങ്ങള്‍ നബിയുടെ കാലത്ത് സ്വഹാബി വനിതകള്‍ പല രീതിയിലുള്ള വസ്ത്രധാരണരീതി സ്വീകരിച്ചിരുന്നു. ആഇശ(റ) പറയുന്നു: നബി(സ)യോടൊപ്പം സ്വുബ്ഹ് നമസ്‌കരിച്ചിട്ട് സ്ത്രീകള്‍ പട്ടിന്റെ സാരി ധരിച്ച നിലയില്‍ പിരിഞ്ഞുപോകും. (ബുഖാരി, മുസ്‌ലിം). മിര്‍ത്വ് എന്ന പദമാണ് ഹദീസില്‍ ഉപയോഗിച്ചിരിക്കുന്നത്. അല്‍മന്‍ഹല്‍ നിഘണ്ടുവില്‍ ഇതിന് പ്രഥമ അര്‍ഥം നല്‍കിയിട്ടുള്ളത് തുന്നാത്ത വസ്ത്രം എന്നാണ്. മൂന്നാമത്തെ അര്‍ഥമായി സാരി എന്നും നല്‍കുന്നു. ഒന്നാമത്തെ അര്‍ഥം സാരി എന്ന അര്‍ഥത്തെ ശക്തിപ്പെടുത്തുന്നുണ്ട്. ലിസാനുല്‍ അറബ് ഒന്നാമതായി തന്നെ ‘പട്ടിന്റെ പുതപ്പ്’ എന്ന് അര്‍ഥം നല്‍കുന്നു. ‘തുന്നാത്ത എല്ലാ വസ്ത്രവും’ എന്നും ഈ നിഘണ്ടുവില്‍ ഉദ്ധരിക്കുന്നു. (13:83) ‘സ്ത്രീകള്‍ക്ക് ഒറ്റ വസ്ത്രം ധരിച്ച് നമസ്‌കരിക്കാം’ എന്ന ശീര്‍ഷകത്തില്‍ അധ്യായം നല്കിയാണ് ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിക്കുന്നത്. ഇക്‌രിമ(റ) പറയുന്നു: ഒരു വസ്ത്രം കൊണ്ട് അവളുടെ ശരീരം മറയുമെങ്കില്‍ അതു മതിയാകും. (സ്വഹീഹുല്‍ ബുഖാരി 2:203). സ്വഹാബി വനിതകള്‍ വസ്ത്രത്തിന്റെ മേല്‍ മറ്റൊരു വസ്ത്രം പതിവായി ധരിക്കാറില്ലെന്നും ഇമാം ബുഖാരി പറയുന്നു. അടുത്ത കാലത്ത് ജിന്നുവാദികള്‍ പുറത്തിറക്കിയ മുസ്‌ലിമിന്റെ പരിഭാഷയില്‍ ഈ വാക്കിന് ‘ചുറ്റിപ്പുതച്ചുകൊണ്ട്’ എന്ന അര്‍ഥം നല്കുന്നു! പ്രസിദ്ധ മുജാഹിദ് പണ്ഡിതനായിരുന്ന എം സി സി അഹമ്മദ് മൗലവി എഴുതുന്നത് ‘പട്ടിന്റെ തട്ടം പുതച്ചുകൊണ്ട്’ എന്നാണ്. ഉമ്മു അതിയ്യ(റ) പറയുന്നു: ഒരു സ്ത്രീ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ ഒരുവള്‍ക്ക് ജില്‍ബാബ് ഇല്ലെങ്കില്‍ എന്തു ചെയ്യും? നബി(സ) പറഞ്ഞു: അവള്‍ക്ക് തന്റെ സഹോദരി അവളുടെ ജില്‍ബാലില്‍ നിന്ന് ഒന്ന് ധരിക്കാന്‍ നല്കട്ടെ (ബുഖാരി).

ഈ ഹദീസ് ഉദ്ധരിച്ച് ലിസാനുല്‍ അറബില്‍ തുണി എന്നര്‍ഥം നല്കിയത് നാം ഉദ്ധരിച്ചു. ഉമ്മു അത്വിയ്യ(റ) പറയുന്നു: പ്രവാചകന്റെ പുത്രി ഉമ്മു കുല്‍സൂമിനെ ഉടുതുണി, കുപ്പായം, മുഖമക്കന, രണ്ടു കഷ്ണം ചുറ്റിപ്പൊതിയുന്ന വസ്ത്രം എന്നിവയിലാണ് കഫന്‍ ചെയ്തത് (അബൂദാവൂദ്). സ്വഹാബി വനിതകള്‍ക്ക് തുണിയും പെണ്‍കുപ്പായവും മുഖമക്കനയും ധരിക്കുന്ന സമ്പ്രദായമുണ്ടായിരുന്നുവെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. കാരണം ജീവിക്കുമ്പോള്‍ ധരിക്കല്‍ ഹറാമായത് കഫന്‍ ചെയ്യുമ്പോള്‍ അനുവദനീയമാകുകയില്ല. കഫന്‍ ചെയ്യാന്‍ പ്രത്യേകമായി ഉണ്ടാക്കിയതുമല്ല ഈ വസ്ത്രങ്ങള്‍. ഉമ്മുസലമ(റ) പറയുന്നു: പെണ്‍കുപ്പായവും മുഖക്കമനയും ധരിച്ച് മേല്‍വസ്ത്രം ധരിക്കാതെ, സ്ത്രീകള്‍ക്ക് നമസ്‌കരിക്കാമോ എന്ന് ഞാന്‍ നബി(സ)യോടു ചോദിച്ചു. അതെ എന്ന് നബി(സ) പറഞ്ഞു. കാലിന്റെ പാദങ്ങള്‍ മറയുമെങ്കില്‍ (അബൂദാവൂദ്). ഹദീസിന്റെ പദങ്ങളുടെ അര്‍ഥം വിവരിക്കുന്നതില്‍ മുസ്‌ലിം ലോകം അംഗീകരിച്ചുവരുന്ന ഗ്രന്ഥമാണ് ഇബ്‌നു അസീറിന്റെ (മരണം ഹിജ്‌റ 606) അന്നിഹായ എന്ന ഗ്രന്ഥം. ഈ ഗ്രന്ഥത്തില്‍ ജില്‍ബാബിന് ‘തുണിയും തട്ടവും’ എന്നാണ് അര്‍ഥം നല്കിയിട്ടുള്ളത്.

കറുത്തനിറം മതപരമോ?
നിറങ്ങളില്‍ വെളുപ്പ് നിറത്തെയാണ് നബി(സ) ആണിനും പെണ്ണിനും പ്രോത്സാഹിപ്പിക്കുന്നത്. കറുത്ത നിറം ആര്‍ക്കും പ്രോത്സാഹിപ്പിക്കുന്നില്ല. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നിങ്ങളുടെ വസ്ത്രത്തില്‍ വെള്ള വസ്ത്രം നിങ്ങള്‍ ധരിക്കുക. നിങ്ങളുടെ വസ്ത്രത്തില്‍ നല്ലത് അതാണ്. മരണപ്പെട്ടവരെ അതില്‍ കഫന്‍ ചെയ്യുകയും ചെയ്യുക. (തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുമാജ). മരണപ്പെട്ടവരെ അതില്‍ കഫന്‍ ചെയ്യുക എന്നത് ആണിനും പെണ്ണിനും ബാധകമാണെങ്കില്‍ ഹദീസിന്റെ ആദ്യഭാഗവും ആണിനും പെണ്ണിനും ബാധകമാണ്. വെളുപ്പിനെ തന്നെ നബി(സ) പ്രോത്സാഹിപ്പിച്ചത് മതപരമായി പുണ്യകരം എന്ന നിലയിലല്ല. മതാനുഷ്ഠാനം എന്ന നിലയിലാണെങ്കില്‍ നബി(സ) മിക്ക സമയവും വെള്ള വസ്ത്രമാണ് ധരിക്കേണ്ടിയിരുന്നത്. എന്നാല്‍ അവിടുന്ന് അധികവും ധരിച്ചിരുന്നത് മഞ്ഞ നിറമുള്ള വസ്ത്രമാണ്. ഉബൈദ് ഒരിക്കല്‍ ഇബ്‌നു ഉമറിനോട് പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ സ്‌നേഹിതന്മാര്‍ ആരും ചെയ്യാത്ത നാല് മര്യാദകള്‍ ചെയ്യുന്നതായി കാണുന്നു. അതേ പ്രകാരം നിങ്ങള്‍ മഞ്ഞച്ചായം ഉപയോഗിക്കുന്നതായും ഞാന്‍ കാണുന്നു. ഇബ്‌നുഉമര്‍(റ) പറഞ്ഞു: മഞ്ഞച്ചായത്തിന്റെ കാര്യം അങ്ങനെ തന്നെ. ആ ചായം നബി(സ) ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തന്മൂലം ഞാനും അത് ഉപയോഗിക്കുന്നു (സ്വഹീഹുല്‍ ബുഖാരി, അധ്യായം, വസ്ത്രധാരണം). ഇബ്‌നുഖയ്യിം(റ) എഴുതുന്നു: നബി(സ) വെള്ളിയാഴ്ച ദിവസവും രണ്ടു പെരുന്നാള്‍ ദിവസങ്ങളിലും ഏറ്റവും ഭംഗിയുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ചിലപ്പോള്‍ പച്ച നിറമുള്ള വസ്ത്രം ധരിക്കും. ചിലപ്പോള്‍ ചുവപ്പ് നിറവും (സാദുല്‍ മആദ് 1:441). നബി(സ) ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ചത് സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെ വന്നിട്ടുണ്ട്. അപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വെള്ള വസ്ത്രത്തെ നബി(സ) പ്രോത്സാഹിപ്പിച്ചത് കേവലം ഭൗതികം എന്ന നിലക്കാണെന്ന് ബുഖാരിയിലെ ഹദീസുകള്‍ തന്നെ വ്യക്തമാക്കുന്നു.

ആഇശ(റ) പറയുന്നു: ശ്രേഷ്ഠവനിതകളായ സ്വഹാബി സ്ത്രീകള്‍ അവരുടെ മുറൂത്വ് ശരീരത്തില്‍ ചുറ്റിപ്പൊതിഞ്ഞുകൊണ്ട് സുബ്ഹ് നമസ്‌കാരത്തില്‍ പങ്കെടുക്കാറുണ്ട് (ബുഖാരി, മുസ്‌ലിം). മുറൂത്വിന് ലിസാനുല്‍ അറബില്‍ ‘പച്ചവസ്ത്രം’ എന്നും അര്‍ഥം നല്കുന്നു (13:83). കറുത്ത വസ്ത്രം നബി(സ) സ്ത്രീക്കോ പുരുഷനോ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നു സാരം. ഒരൊറ്റ ഹദീസിലും അത് നിര്‍ദേശിച്ചിട്ടില്ല. വെളുപ്പിന്റെയും കറുപ്പിന്റെയും വിഷയത്തിലെ ശാസ്ത്രതത്വം ഇസ്‌ലാം ഉള്‍ക്കൊള്ളുന്നു. അതുപോലെ ഓരോ മനുഷ്യനും പ്രത്യേക നിറത്തോട് നൈസര്‍ഗിക താല്പര്യമുണ്ടാകും. അത് അവന്റെ പ്രകൃതി സ്വഭാവവുമായി ബന്ധപ്പെട്ടതുമാണ്. ഇതിനെയും ഇസ്‌ലാം അംഗീകരിക്കുന്നു. കറുത്ത പര്‍ദ ധരിക്കുന്ന സ്ത്രീകള്‍ക്ക് അതു ധരിക്കാം. അത് അനിസ്‌ലാമികമാണെന്ന് ആരും വാദിക്കുന്നില്ല. എന്നാല്‍ കറുത്ത പര്‍ദ ധരിക്കുന്നതാണ് ഇസ്‌ലാമിന്റെ വസ്ത്രധാരണ രീതി; ഇത് അനിവാര്യമാണ്; മറ്റുള്ള നിറവും രീതിയും അനിസ്‌ലാമിക വേഷമാണ് എന്നൊന്നും ആരും വാദിച്ചുകളയരുത്. അതിന്റെ പേരില്‍ കേസ് കൊടുക്കരുത്!

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles