Current Date

Search
Close this search box.
Search
Close this search box.

വനിതകള്‍ക്കുള്ള അവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പെടുത്തണം

rights.jpg

ഈജിപ്ഷ്യന്‍ ചരിത്രത്തിലെ എല്ലാ പോരാട്ടങ്ങളിലും സ്ത്രീകള്‍ക്ക് ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു. 1919-ല്‍ ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യപോരാട്ടങ്ങളിലും ദേശീയപ്രസ്ഥാനത്തിലും സജീവപങ്കാളിത്തമവര്‍ക്കുണ്ടായിരുന്നു.1923-ല്‍ ഹുദ ശഅ്‌റാവിയുടെ നേതൃത്വത്തില്‍ പ്രഥമ ഈജിപ്ഷ്യന്‍ വനിതാ സംഘടന നിലവില്‍ വരുകയുണ്ടായി. ഈജിപ്തില്‍ വ്യാപകമായ ദാരിദ്ര്യത്തിനും നിരക്ഷരതക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമെതിരെയുള്ള ഗവണ്‍മെന്റിന്റെ അവഗണനക്കെതിരെ ഈ പ്രസ്ഥാനം ശക്തമായി രംഗത്തുവരുകയുണ്ടായി. സ്ത്രീകളുടെ ഉന്നമനത്തിനും സാമൂഹ്യസുരക്ഷക്കും വിദ്യാഭ്യാസത്തിനും വേണ്ടി സംഘടന ശബ്ദമുയര്‍ത്തുകയുണ്ടായി.

1923-ലെ ഭരണഘടന
1923ലെ ഭരണഘടനയില്‍ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെച്ചു വിവാഹപ്രായം വര്‍ദ്ധിപ്പിക്കല്‍ പോലുള്ള പരിഷ്‌കരണങ്ങള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. പക്ഷെ രാഷ്ട്രീയമായ അവകാശങ്ങളില്‍ പങ്കാളിത്തമില്ലാത്ത കാരണത്താല്‍ നിരവധി പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം സ്ത്രീ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ സജീവമായി. യുവത്വവും ധീരതയുമുള്ള ധാരാളം പേരെ സംഘടനയിലേക്ക് ചേര്‍ക്കാനും തൊഴിലാളി വിദ്യാര്‍ഥി സംഘടനകളില്‍ സ്വാധീനം ചെലുത്താനും അവര്‍ക്ക് സാധിച്ചു. രാഷ്ട്രീയ പങ്കാളിത്തം, തൊഴില്‍, വിദ്യാഭാസം തുടങ്ങി എല്ലാ മേഖലകളിലും പുരുഷന്‍മാര്‍ക്ക് തുല്യമായ അവകാശം സ്ത്രീകള്‍ക്ക് ലഭിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട്1942ല്‍ ഫാത്തിമ നിഅ്മത് റാഷിദയുടെ നേതൃത്വത്തില്‍ ഹിസ്ബുന്നിസാഉല്‍ മിസ്‌രി എന്ന സംഘടന രംഗത്തുവന്നു. കൂടാതെ ബിന്‍തുന്നീലിന്റെ നേതൃത്വത്തില്‍ മറ്റൊരു സ്ത്രീസംഘടന രൂപീകരിച്ചു. രാഷ്ട്രീയ അവകാശങ്ങളും നിയമനിര്‍മാണസഭയിലെ പങ്കാളിത്തവും ഇവര്‍ ഊന്നിപ്പറഞ്ഞു.

1952-ലെ വിപ്ലവം: അവകാശങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്നു
സ്ത്രീകളുടെ രാഷ്ട്രീയമായ അവകാശങ്ങള്‍ പരിഹരിക്കുക, സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കുക, തുല്യമായ വേതനം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ്1951-ല്‍ ദുരിയ ശഫീഖിന്റെ നേതൃത്വത്തിലുള്ള സ്ത്രീ സംഘടന 1500 സ്ത്രീകളോടൊപ്പം ശക്തമായ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. പക്ഷെ 1952-ലെ ജൂലൈ വിപ്ലവത്തോടെ സ്വതന്ത്രവും വ്യവസ്ഥാപിതവുമായ സ്ത്രീ സംഘടനകളെയും രാഷ്ട്രീയസംഘടനകളെയും നിരോധിക്കുകയുണ്ടായി. 1956-ല്‍ ആദ്യമായി വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുമുള്ള അനുമതി ലഭിക്കുകയുണ്ടായി. ആ തെരഞ്ഞടുപ്പില്‍ തന്നെ ചരിത്രത്തില്‍ ആദ്യമായി ഈജിപ്തില്‍ ഒരു വനിത പാര്‍ലമെന്റ് അംഗം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് മറ്റു അറേബ്യന്‍രാജ്യങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായി. പോരാട്ടങ്ങളിലൂടെ ലോകത്തെവനിത സംഘടനകള്‍ തങ്ങളുടെ കുടുംബപരവും രാഷ്ട്രീയപരവുമായ അവകാശങ്ങള്‍ നേടിയെടുക്കുകയുണ്ടായി.

ജനുവരിയിലെ വിപ്ലവവും അവകാശങ്ങളുടെ പരിത്യാഗവും
2011-ലെ ജനുവരി 25-ലെ വിപ്ലത്തില്‍ സ്ത്രീകള്‍ക്ക് വലിയപങ്കുണ്ടായിരുന്നു. തുടക്കം മുതല്‍ ഇതുവരെ ക്രിയാത്മക ശക്തിയായി സ്ത്രീകള്‍ രംഗത്തുണ്ടായിരുന്നു. സ്വാതന്ത്ര്യത്തോടും ആദരണീയതയോടും കൂടി പൊതുജീവിതത്തില്‍ തങ്ങളുടെ സജീവ പങ്കാളിത്തത്തിനുള്ള ഒരു കവാടമായാണ് അവര്‍ വിപ്ലവത്തെ അഭിമുഖീകരിച്ചത്. പക്ഷെ, നിരവധി ആക്രമണങ്ങളും പ്രതിസന്ധികളുമാണ് യുദ്ധാനന്തരം അവര്‍ക്ക് നേരിടേണ്ടിവന്നത്. ഈജിപ്ഷ്യന്‍ സ്ത്രീകളുടെ ആദരണീയത നിലനിര്‍ത്തുകയും അവരുടെ മേലുള്ള ആധിപത്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അവരുടെ നാഗരികവും രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ എല്ലാ അവകാശങ്ങളും നിറവേറ്റുകയും ചെയ്യേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രതിരോധം കുടുംബത്തിന്റെ സംരക്ഷണം കൂടിയാണ്. സന്താനങ്ങളുടെ ഉല്‍കൃഷ്ടമായ ശിക്ഷണത്തിന് അവ വഴിയൊരുക്കുകയും സമൂഹത്തിന് മൊത്തത്തില്‍ പ്രയോജനപ്രദമാവുകയും ചെയ്യും. സ്ത്രീകളുടെ സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും സുരക്ഷക്കും വേണ്ടിയുള്ള പോരാട്ടം എല്ലാ വിപ്ലവത്തിന്റെയും അനിവാര്യ താല്‍പര്യമാണ്.
ഈജിപ്തിന്റെ പുതിയ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം ഉണ്ടായിരിക്കണം. എല്ലാ സ്ത്രീ പുരുഷന്‍മാര്‍ക്കും നീതിപൂര്‍വ്വകമായ അവകാശങ്ങളും സമത്വവും നിലവില്‍വരാന്‍ അത് സഹായകമാവും. ലോകത്തെ ഇരുനൂറിലധികം രാഷ്ട്രങ്ങളിലെ പകുതിയിലധികം ഭരണഘടനകളും 1974-നു ശേഷമുള്ള വിപ്ലവാനന്തരം രൂപപ്പെട്ടതാണ്. അതിനാല്‍ അവ സമത്വാധിഷ്ടിതവും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതാണ്. സ്ത്രീ പുരുഷന്‍മാര്‍ക്കിടയിലുള്ള അവസര സമത്വത്തിന്റെ പ്രാധാന്യം ഇവയെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഭരണഘടനയിലുള്‍പ്പെടുത്തിയാല്‍ മാത്രം മതിയാവില്ല, മറിച്ച് മൗലികമായിത്തന്നെ അതൊരു അവകാശ രേഖയായി മാറണം. ലിംഗപരമായ വിവേചനത്തിനെതിരെയും അവസരസമത്വത്തിന് വേണ്ടിയും മുഖ്യപരിഗണന നല്‍കുകയും വേണം.

വിവ: അബ്ദുല്‍ ബാരി കടിയാങ്ങാട്

Related Articles