Current Date

Search
Close this search box.
Search
Close this search box.

ദൈവിക കാരുണ്യത്തിന്നു ഞാന്‍ അര്‍ഹയല്ല – 2

alone.jpg

ഇസ്‌ലാമിനെ നിന്ദിച്ചു സംസാരിച്ച നിരീശ്വരവാദിയായ കാമുകനെ ധൈര്യത്തൊടെ ഞാന്‍ നേരിട്ടുവെങ്കിലും, തുടര്‍ന്ന ദിവസങ്ങളിലോ മാസങ്ങളിലോ പോലും, എന്റെ കുട്ടിക്കാല മതത്തിലേക്ക് ഞാന്‍ തിരിച്ചു പോയിരുന്നില്ല. ശിശുവായിരിക്കെ സംഭവിച്ച ലൈംഗിക പീഡനം കാരണം, സ്രഷ്ടാവിനോട് അതിയായ കോപവും പകയും എന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. ‘രായ്ക്കുരാമാനം’ പിഴുതെടുക്കാന്‍ കഴിയുന്നതായിരുന്നില്ല അതിന്റെ വേരുകള്‍. പക്ഷെ, ദൈവിക മാപ്പിന്നുള്ള അതിയായ കൊതിയും, ആ ഇരുണ്ട വികാരങ്ങളൊടൊപ്പം മൊട്ടിടാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും ഇസ്‌ലാമിലേക്ക് മടങ്ങാന്‍ എനിക്കു വൈമനസ്യമായിരുന്നു. എന്റെ ഇസ്‌ലാമിക പാഠശാലയിലെ അധ്യാപികയുടെ അനുകമ്പാ രഹിതവും ആക്ഷേപകരവുമായ ശബ്ദം, വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞിട്ടും, എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു: ‘പര്‍ദ്ദ ധരിക്കാത്തത് കൊണ്ടാണ് നീ പീഡിപ്പിക്കപ്പെട്ടത്’!

അവര്‍ പറഞ്ഞത് ശരിയാണെങ്കില്‍, മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും തിരിഞ്ഞ ഒരു പെണ്‍കുട്ടിക്ക്, അത്തരത്തില്‍ ശിക്ഷിക്കുന്ന ഒരു മതത്തില്‍ എന്തു സ്ഥാനമായിരിക്കും ഉണ്ടാവുക? അതിനാല്‍, എന്റെ മുമ്പില്‍ തുറന്നു കിടന്നിരുന്ന അവസാന ഹിതം ഞാന്‍ സ്വീകരിക്കുകയായിരുന്നു. അങ്ങനെ, ഇരു കരങ്ങളും നീട്ടി സ്വാഗതം ചെയ്യുന്ന ചര്‍ച്ചിലേക്ക് ഞാനോടി. യേശുവിന്റെ നിരുപാധിക സ്‌നേഹത്തിലേക്കുള്ള െ്രെകസ്തവ ക്ഷണം എന്റെ തകര്‍ന്ന ഹൃദയത്തെ ആകര്‍ഷിച്ചു. ഏറ്റം ചുരുങ്ങിയത്, ദൈവിക സ്‌നേഹത്തോടും മാപ്പിനോടുമുള്ള എന്റെ അഭിവാഞ്ഛയെ അത് തൃപ്തിപ്പെടുത്തി. രണ്ടു വര്‍ഷത്തോളം, ഏകദേശം ഓരോ ഞായറാഴ്ച ഖുര്‍ബാനയിലും ഞാന്‍ പങ്കു കൊണ്ടു. ‘ദൈവത്തിനൊരു മകന്‍’ എന്ന സങ്കല്പം സ്വീകരിക്കാന്‍ എന്റെ വിശാല മനസ്സ് സന്നദ്ധമായിരുന്നുവെങ്കില്‍, ഞാന്‍ ക്രിസ്തുമതം സ്വീകരിക്കുമായിരുന്നു.

ബൈബിളില്‍ ഞാന്‍ ചെലവഴിച്ച സമയം, വിപരീത ദിശയിലേക്ക് തിരിച്ചപ്പോള്‍, എന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. ബൈബിള്‍ വായിച്ചപ്പോള്‍, അതിലെ അടിസ്ഥാന പ്രമാണങ്ങള്‍, കഥകള്‍ എന്നിവയുടെ കാര്യത്തില്‍, ഖുര്‍ആനിനൊടുള്ള അതിന്റെ സാദൃശ്യം എന്റെ മനസ്സിലുദിച്ചു. സൃഷ്ടികളോടുള്ള ദൈവത്തിന്റെ അപാര സ്‌നേഹത്തെയും, വിദ്വേഷത്തെ അതിജയിക്കുന്ന അവന്റെ മാപ്പിനെയും കുറിച്ച്, ഈ ഗ്രന്ഥം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നുവെങ്കില്‍, ഖുര്‍ആനിലും ഇതേ ആശയം ഉണ്ടായിരിക്കണമല്ലോ. എന്റെ മനസ്സ് ന്യായവാദം നടത്തി. അങ്ങനെ, ആത്മാര്‍ത്ഥമായി, പൂര്‍ണ മനസ്സോടെ ഞാന്‍ അല്ലാഹുവിലേക്ക്, ഇസ്‌ലാമിലേക്ക്, മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ ഘട്ടത്തില്‍ ഇന്റര്‍നെറ്റ് സര്‍വ വ്യാപകമായി കഴിഞ്ഞിരുന്നു. എന്റെ ചെറുപ്പ കാലത്ത് ലഭിക്കാത്ത, ഇന്‍ഫര്‍മേഷന്‍, ഇന്ററാക്റ്റീവ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുകള്‍, ഇപ്പോള്‍ എന്റെ വിരല്‍ തുമ്പുകളില്‍ ലഭ്യമാണ്. എന്റെ വിശ്വാസത്തെ ഒരു പുനര്‍പഠനത്തിന്ന് വിധേയമാക്കാന്‍ ഞാന്‍ സ്വയം സമര്‍പ്പിക്കുകയായിരുന്നു. എന്റെ മതം, ആദ്യമായി പഠിക്കാന്‍ തയ്യാറായി എന്നു പറയുന്നതായിരിക്കും ഏറ്റവും ശരി. നാട്ടിനകത്തും പുറത്തുമുള്ള പണ്ഡിതന്മാരുമായി ഞാന്‍ ബന്ധപ്പെട്ടു. എന്റെ ചെറുപ്പത്തില്‍, ഇസ്‌ലാമിക പാഠശാലകളില്‍ സ്പര്‍ശിക്കുക പോലും ചെയ്യാത്ത ഖുര്‍ആന്‍ വാക്യങ്ങളിലൂടെയും ഹദീസുകളിലൂടെയും ഇസ്‌ലാമിക തത്വശാസ്ത്രങ്ങളിലൂടെയും കടന്നു പോയപ്പോള്‍, അത് വരെ ഞാന്‍ വഹിച്ചു കൊണ്ടുവരികയായിരുന്ന തെറ്റായ വിവരങ്ങള്‍ കൈയൊഴിക്കാന്‍ എനിക്ക് സാധിച്ചു. എന്റെ സാഹചര്യങ്ങള്‍ സംസാരിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളും ഹദീസുകളും ഞാന്‍ കണ്ടെത്തി. അവയില്‍ ചിലത് ഇവയാണ്:
‘അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.’ (2: 286)
‘എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെല കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.’ (94: 5, 6)

പരീക്ഷണത്തിന്റെ വലുപ്പമനുസരിച്ചായിരിക്കും പ്രതിഫലത്തിന്റെ വലിപ്പം. അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാല്‍, അവരെ പരീക്ഷണ വിധേയരാക്കും. അതില്‍ തൃപ്തിയടയുന്നവന്ന് ദൈവിക പ്രീതി നേടാം. അതില്‍ നീരസം കാണിക്കുന്നവനാകട്ടെ, ദൈവകോപമായിരിക്കും ലഭിക്കുക. (ഇബ്‌നു മാജ, തിര്‍മദി)

‘കാരുണ്യത്തെ സൃഷ്ടിച്ച നാള്‍ അല്ലാഹു നൂറ് കാരുണ്യത്തെ സൃഷ്ടിച്ചു. അതില്‍ തൊണ്ണൂറ്റിയൊമ്പത് കാരുണ്യത്തെയും അവന്‍ തന്റെ പക്കല്‍ തന്നെ നില നിറുത്തി. ഒരു കാരുണ്യത്തെ മാത്രമാണ് മുഴുവന്‍ സൃഷ്ടികളിലേക്കുമായി അയച്ചത്. അല്ലാഹുവിന്റെയടുക്കലുള്ള മുഴുവന്‍ കാരുണ്യങ്ങളെയും സത്യനിഷേധി മനസ്സിലാക്കിയിരുന്നെങ്കില്‍, സ്വര്‍ഗത്തെ കുറിച്ച് അവന്‍ നിരാശനാവുകയില്ല. അല്ലാഹുവിന്റെയടുക്കലുള്ള മുഴുവന്‍ ശിക്ഷകളെയും പറ്റി സത്യവിശ്വാസി അറിഞ്ഞിരുന്നുവെങ്കില്‍ നരകത്തെ പറ്റി അവന്‍ നിര്‍ഭ്യനാവുകയില്ല.’ (ബുഖാരി)

മുന്‍ ചൊന്ന ഏതെങ്കിലും വചനങ്ങളോടെയാണ് എന്റെ അധ്യാപിക പ്രതികരിച്ചിരുന്നതെങ്കില്‍, എന്റെ ജീവിതം എത്ര ഭിന്നമാകുമായിരുന്നു! ദോഷ ബുദ്ധിയോടെയായിരുന്നില്ല, പ്രത്യുത, അജ്ഞത കൊണ്ടായിരുന്നു അവര്‍ അന്ന് സംസാരിച്ചതെന്നും, അലക്ഷ്യവും വിമര്‍ശനാത്മകവുമായ അവരുടെ അഭിപ്രായങ്ങള്‍, വേഗം സ്വാധീനിക്കപ്പെടുന്നതും ചഞ്ചലവുമായ എന്റെ മനസ്സിനെ തകരാറിലാക്കുമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നില്ലാ എന്നും വിചാരിക്കുന്നതായിരിക്കും  അവരോട് ഞാന്‍ കാണിക്കുന്ന ഏറ്റവും വലിയ അനുകമ്പ എന്നു തോന്നുന്നു.

വിശ്വാസിയുടെ, വിശ്വാസ ചൈതന്യം അവഗണിച്ചു കൊണ്ട്, പര്‍ദ്ദ ധാരണം, അഞ്ചു നേരത്തെ നമസ്‌കാരം, നോമ്പ് തുടങ്ങിയ വശങ്ങള്‍ക്ക് അമിതമായ ഊന്നല്‍ നല്‍കിക്കൊണ്ടാണ്, അവരും അവര്രെ പോലുള്ള നിരവധി അധ്യാപകരും രക്ഷിതാക്കളും ഇമാമുമാരും, മുസ്‌ലിം ചെറുപ്പക്കാരോട്, ഇസ്‌ലാമിലെ വിധിവിലക്കുകളെ കുറിച്ച് പ്രസംഗിക്കുന്നത്. അക്രമിക്കു മാപ്പു ചെയ്യുക, സഹായത്തിന്ന് അനര്‍ഹന്‍ എന്ന് ആളുകള്‍ പറയുന്നവരോട് അനുകമ്പ കാണിക്കുക, അന്യന്റെ കുറ്റം ചര്‍ച്ചാ വിധേയമാക്കാതെ മൂടിവെക്കുക എന്നിത്യാദി വിശ്വാസ പ്രകടനങ്ങള്‍ക്ക്, വിശ്വാസാ!ാനുഷ്ടാനങ്ങളെക്കാള്‍ വളരെ കുറഞ്ഞ മൂല്യമേ നമ്മുടെ സമൂഹം കല്പിക്കുന്നുള്ളുവെന്നാണ്ഭ തോന്നുന്നത്.

വ്രതാനുഷ്ടാനം, മാന്യമായ വസ്ത്രധാരണ എന്നിവയുടെ പ്രാധാന്യം കുറച്ചു കാണാന്‍ ഞാനുദ്ദേശിക്കുന്നില്ല. കാരണം, ഇസ്‌ലാമിലെ അടിസ്ഥാന തത്വങ്ങളാണല്ലൊ അവ. പ്രത്യുത, മതത്തിലെ ഈ വശങ്ങള്‍ മാത്രം അനുഷ്ടിക്കുന്നത് വഴി അപൂര്‍ണ ഇസ്‌ലാമേ കൈവരികയുള്ളു. മാത്രമല്ല, അല്ലാഹുവിനോടുള്ള ആത്മാര്‍ത്ഥ കീഴ്വണക്കത്തേക്കാളുപരി, സാമൂഹിക സാംസ്‌കാരിക പ്രതീക്ഷകള്‍ കാരണമാണ് ആളുകള്‍ പലപ്പോഴും ഇവ അനുഷ്ടിക്കുന്നതെന്നു നാം കാണുന്നു.
ഇതെങ്ങനെ സംഭവിക്കുന്നു? കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍, കുട്ടികള്‍ക്കു നാം നല്‍കുന്ന ഇസ്‌ലാമിക വിദ്യാഭ്യാസ രീതിയാണ് പരമ പ്രധാനം. സ്രഷ്ടാവുമായുള്ള ബന്ധത്തെ കുറിച്ചു അവബോധം സൃഷ്ടിക്കുന്നതിന്നു വളരെ കുറഞ്ഞ ഊന്നല്‍ മാത്രമേ നാം നല്‍കുന്നുള്ളുവെന്നതാണ് എന്റെ അനുഭവം. ദൈവ സങ്കല്പം, ദൈവിക ഗുണങ്ങള്‍, ഖുര്‍ ആന്‍ വിവരിക്കുന്ന രീതിയിലുള്ള ജീവിത ലക്ഷ്യം, ആധുനിക സമൂഹത്തില്‍ അതിന്റെ പ്രായോഗികത എന്നിത്യാദി കാര്യങ്ങള്‍ വളരെ അപൂര്‍വമായേ നാം ചര്‍ച്ച ചെയ്യുന്നുള്ളു. മറ്റൊരു ഭാഷയില്‍, സ്‌നേഹവും വിധേയത്വവും വഴി അല്ലാഹുവില്‍ അര്‍പ്പിക്കുക എന്ന നിലയില്‍, ഇസ്‌ലാമിലെ വിധിവിലക്കുകള്‍ പഠിപ്പിക്കപ്പെടുന്നില്ല.

എനിക്കിപ്പോള്‍ എന്തറിയാം എന്ന് ഞാന്‍ ചിലപ്പൊള്‍ ചിന്തിച്ചു പോകാറുണ്ട്. കേവല നിയമങ്ങള്‍ക്കും ചടങ്ങുകള്‍ക്കും പകരം ഇസ്‌ലാമിന്റെ ഹൃദയം എനിക്ക് തുറന്നു കാണിക്കപ്പെട്ടിരുന്നുവെങ്കില്‍, ഒരു പക്ഷെ, എന്റെ ബാല്യങ്ങളിലും യുവത്വാരഭങ്ങളിലും, ഇത്രമാത്രം അബദ്ധങ്ങള്‍ എന്നില്‍ നിന്നു സംഭവിക്കുമായിരുന്നില്ല.
എന്നാല്‍, കാര്യങ്ങള്‍ സംഭവിച്ചത് പോലെ തന്നെ സംഭവിക്കണമെന്നാണ് ദൈവേച്ഛയെന്നും അതില്‍ യുക്തിയുണ്ടെന്നും ഞാന്‍ അംഗീകരിക്കുന്നു. എന്റെ ലൈംഗിക പീഡനവും തദ്ഫലമായുണ്ടായ വിശ്വാസാകല്‍ച്ചയും സംഭവിച്ചിരുന്നില്ലെങ്കില്‍, എന്റെ മതം ശരിക്കും പഠിക്കാനുള്ള ഹേതു എനിക്കുണ്ടാവുമോ എന്ന് ഞാന്‍ സംശയിക്കുകയാണ്. എന്റെ താല്പര്യപ്രകാരമല്ല ഞാന്‍ ഇസ്‌ലാമില്‍ ജനിച്ചതെന്നത് ശരിയാണ്. പക്ഷെ, താല്‍പര്യവും ദൃഢവിശ്വാസവും കാരണമാണ് എന്റെ തിരിച്ചു വരവ് സംഭവിച്ചിരിക്കുന്നത്. അത് തന്നെ ഒരനുഗ്രഹമാണല്ലോ.

അനീതിക്കെതിരെ ശബ്ദിക്കാനുള്ള നിര്‍ഭയത്വം, പീഡിതര്‍ക്ക് ശബ്ദം നല്‍കാനുള്ള സഹായ സന്നദ്ധത എന്നിവ എനിക്ക് ലഭിച്ച അനുഗ്രഹങ്ങളില്‍ ചിലതാണ്.
മാപ്പു ചെയ്യാന്‍ പഠിച്ചുവെന്നതാണ് വളരെ പ്രധാനപ്പെട്ടത്. കരുണയും പൊറുക്കലുമാണല്ലോ, ഖുര്‍ ആനില്‍ കൂടുതല്‍ പ്രസ്താവിക്കപ്പെടുന്ന ഗുണം. പീഡനത്തിന്റെയും കോപത്തിന്റേതുമായ നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞു പോയെങ്കിലും, എന്റെ സ്‌കൂള്‍ അധ്യാപികയെ ഒരിക്കലും ഞാന്‍ അതിക്ഷേപിച്ചിട്ടില്ല.
എന്റെ കഥയിലൂടെ നിങ്ങളൊടെനിക്ക് ആശംസിക്കാനുള്ളതിതാണ്: അല്ലാഹു നിങ്ങളെ പരീക്ഷിക്കും; അത് ലൈംഗിക പീഡനത്തിന്റെ രൂപത്തിലാകാം, ദാരിദ്ര്യത്തിന്റെയോ വിഷാദത്തിന്റെയോ രൂപത്തിലാകാം. നിങ്ങള്‍ ചോദിക്കും: പടച്ചവനെ, എന്തിനാണിത്? അതെങ്ങനെ സംഭവിച്ചുവെന്ന് വിവരിച്ചു കൊണ്ട് മറ്റുള്ളവര്‍ നിങ്ങളെ വിധിക്കും. പക്ഷെ, അവര്‍ക്ക് ഒരു ഉത്തരവും കണ്ടെത്താനാവുകയില്ല. തന്റെ അപാരജ്ഞാനത്താല്‍, അല്ലാഹുവിന്നു മാത്രമെ അറിയുകയുള്ളു, ഈ താല്‍ക്കാലിക ക്ലേശം താങ്കള്‍ക്കെങ്ങനെ ബാധിച്ചുവെന്ന്.  ഈ ക്ലേശങ്ങളെല്ലാം പോകുമെന്ന് വിശ്വസിക്കുക. പക്ഷെ, അതിനിടക്ക്, നിങ്ങളുടെ കോപം, ആശങ്ക, മറ്റുള്ളവരുടെ വിധി തീര്‍പ്പുകള്‍ എന്നിവയെ നിങ്ങളെ നിര്‍ണയിക്കാന്‍ അനുവദിക്കരുത്. ഇവയെല്ലാം, നിങ്ങളുടെ, അല്ലാഹുവുമായുള്ള ബന്ധത്തിന്നു തടസ്സം സൃഷ്ടിക്കുകയും, ദൈവിക കരുണയും സ്‌നേഹവും എന്നും നിങ്ങളോട്പ്പമുണ്ടായിരുന്നുവെന്നും ഉണ്ടായിരിക്കുമെന്നുമുള്ള നിങ്ങളുടെ ആത്മ ബോധത്തെ മറക്കുകയും ചെയ്യുന്ന മതിലുകള്‍ മാത്രമായേ നിലകൊള്ളുകയുള്ളു.

അവലംബം : www.altmuslimah.com

വിവ : കെ.എ. ഖാദര്‍ ഫൈസി

ദൈവിക കാരുണ്യത്തിന്നു ഞാന്‍ അര്‍ഹയല്ല – ഭാഗം 1

Related Articles