Current Date

Search
Close this search box.
Search
Close this search box.

എന്റെ ഉമ്മ ആരാണെന്നറിയാമോ

rose.jpg

അല്ലാഹു തന്റെ അടിയാറുകളില്‍ ചിലരെ പദവിയിലും മഹത്വത്തിലും പ്രത്യേകം ഉയര്‍ത്തിയതായി കാണാം. നമ്മുടെ ഭാഷയും പദാവലികളുമുപയോഗിച്ചുള്ള വിശേഷണങ്ങള്‍ക്കപ്പുറമായിരിക്കുമവരുടെ ജീവിതം. അല്ലാഹു ആദരിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്ത ഈ വിഭാഗത്തില്‍ പരിശുദ്ധിയുടെ പര്യായമാണ് എന്റെ ഉമ്മ.

എന്റെ ഉമ്മ ആരാണെന്നറിയണ്ടേ!…
എന്റെ ഉമ്മ സംസ്‌കാര സമ്പന്നയാണ്. എല്ലാവിധ വ്യാജങ്ങളില്‍ നിന്നും നീചകൃത്യങ്ങളില്‍ നിന്നും അല്ലാഹു അവളെ ശുദ്ധീകരിച്ചിരിക്കുന്നു. കന്യാമറിയത്തെ പോലെ പരിശുദ്ധയാണ് എന്റെ ഉമ്മ. ..എന്റെ ഉമ്മയുടെ വിശേഷണങ്ങള്‍ ഉരുവിടാന്‍ എന്റെ നാവ് അശക്തമാണ്. ഉമ്മയുടെ ശ്രേഷ്ടതകള്‍ അയവിറക്കുക എന്നത് മനസ്സിന് ആനന്ദം പകരുന്ന ഒന്നാണ്.

എന്റെ ഉമ്മ ആരെന്നറിയില്ലേ….
വിജ്ഞാനത്തിന്റെ നിര്‍ത്തരിയാണ്. വിജ്ഞാനത്തെ കുറിച്ച് ചോദിക്കുകയാണെങ്കില്‍ ലേകത്തെ സ്ത്രീകളില്‍ ഏറ്റവും അഭ്യസ്ഥ വിദ്യയാണ് ഉമ്മ. ചെറിയവരെയും വലിയവരെയും പുരുഷന്മാരെയും സ്ത്രീകളെയും എന്റെ ഉമ്മ പഠിപ്പിച്ചിട്ടുണ്ട്. ഏത് വിഷയത്തിലുള്ള മതവിധി ആരാഞ്ഞാലും ഉമ്മക്കതില്‍ അവഗാഹമുണ്ടായിരിക്കും. കവയത്രിയും കര്‍മശാസ്ത്ര വിശാരദയുമാണവള്‍.

സിദ്ധീഖിന്റെ മകളായ സിദ്ദീഖ അഥവാ സത്യസന്ധയാണ് ഉമ്മ. ഹബീബിന്റെ മകളായ ഹബീബ അഥവാ സ്‌നേഹനിധിയാണ് എന്റെ ഉമ്മ. തന്റെ ന്യായം നിരത്തി അല്ലാഹുവിനോട് സംസാരിച്ചവള്‍,  അല്ലാഹു ഉമ്മയുടെ നിരപരാധിത്വം ആകാശലോകത്ത് നിന്ന് ഖുര്‍ആനിലൂടെ തെളിയിക്കുകയുണ്ടായി. സിദ്ധീഖിന്റെ പുത്രി എന്ന് അല്ലാഹുവിന്റെ റസൂല്‍ വിളിച്ചവളാണ് എന്റെ ഉമ്മ.  

സച്ചരിതരും പതിവ്രതകളുമായ സ്ത്രീകളുടെ മാതാവും പ്രവാചകന്റെ പ്രിയ പത്‌നിയുമായ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യാണ് എന്റെ ഉമ്മ.
ഹിശാമു ബിന്‍ ഉര്‍വ തന്റെ പിതാവില്‍ നിന്ന് ഉദ്ദരിക്കുന്നു : ആഇശയേക്കാള്‍ കവിതയിലും വൈദ്യത്തിലും കര്‍മശാസ്ത്രവിഷയങ്ങളിലും വ്യുല്‍പത്തിയുള്ള ആളെ ഞാന്‍ കണ്ടിട്ടില്ല.
അബൂ മൂസല്‍ അശ്അരി (റ) പറയുന്നു: മുഹമ്മദ് നബിയുടെ അനുചരന്മാര്‍ക്ക് വല്ല വിഷയത്തിലും മതവിധി വ്യക്തമാകാതെ വരികയും അപ്രകാരം അവര്‍ ആഇശയോട് അന്വേഷിക്കുകയും ചെയ്താല്‍ അവര്‍ക്കതിന് പ്രതിവിധി ലഭിക്കുമായിരുന്നു.

അനന്തരാവകാശ നിയമത്തെ കുറിച്ച് പ്രവാചകാനുചരന്മാര്‍ ആഇശ(റ)യോട് അന്വേഷണങ്ങള്‍ നടത്തുന്നതായി ഞാന്‍ കണ്ടിട്ടുണ്ടെന്ന് താബിഉകളില്‍ പ്രശസ്തനായ മസ്‌റൂഖ് വിവരിക്കുകയുണ്ടായി.
ഇമാം സുഹരി വ്യക്തമാക്കി: ഈ സമുദായത്തിലെ എല്ലാ സ്ത്രീകളുടെയും വിജ്ഞാനം ആഇശയുടെ വിജ്ഞാനവുമായി തുലനം ചെയ്താല്‍ കനം തൂങ്ങുക ആഇശയുടെ വിജ്ഞാനമായിരിക്കും.
ഹദീസിലും ഫിഖ്ഹിലും കവിതയിലും വൈദ്യശാസ്ത്രത്തിലും അറബികളുടെ വംശ പരമ്പര അറിയുന്നതിലുമെല്ലാം മികച്ച പാണ്ഡിത്യം ആഇശ(റ)വിന് ഉണ്ടായിരുന്നു. പ്രവാചകന്റെയും പിതാവ് അബൂബക്കറിന്റെയും പാഠശാലയില്‍ വളര്‍ന്ന മികച്ച വിദ്യാര്‍ഥിനിയായിരുന്നു എന്റെ ഉമ്മ.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles