Current Date

Search
Close this search box.
Search
Close this search box.

മസ്ജിദ് ഉമറും മസ്ജിദ് അംറുബ്നുൽ ആസും; വിശ്വാസ സംരക്ഷണത്തിന്റെ സ്മാരകങ്ങൾ

അധികാരത്തിൻ്റെ അഹങ്കാരത്തിൽ അന്യായമായി തകർത്ത ബാബരി മസ്ജിദിന്റെ കവർന്നെടുക്കപ്പെട്ട ഭൂമിയിൽ രാമപ്രതിഷ്ഠയുടെ അശ്ളീല ചടങ്ങു യോഗിയും ഭോഗിയും ചേർന്ന് നടത്തുമ്പോഴാണ് ഖലീഫ ഉമറിന്റെ ജീവിതത്തിൽ ഇതര മത വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിനായി നടത്തിയ രണ്ടു ഇടപെടലുകളുടെ, ധീരമായ നിലപാടുകളുടെ സ്മാരകങ്ങളെ കുറിച്ച ഓർമയുണ്ടായത്. ‘ഖുർആൻ ചരിത്ര ഭൂമികളിലൂടെ’ യാത്രാ സംഘത്തിന്റെ ലീഡറും ഗൈഡുമായി രണ്ട് പ്രാവശ്യം ഫലസ്ത്വീനിലും ഈജിപ്തിലും ജോർദാനിലുമൊക്കെ സന്ദർശിക്കാൻ സൗഭാഗ്യം ലഭിച്ചിരുന്നു.

പ്രവാചകന്റെ കാലത്ത് മസ്ജിദുൽ അഖ്‌സയും ഫലസ്ത്വീനും ഇസ്‌ലാമിന് കീഴിലായിരുന്നില്ല. കൃസ്ത്യൻ റോമിന്റെ കീഴിലായിരുന്നു. ഉമർ (റ) ന്റെ കാലത്ത് ഹിജ്‌റ 15 ൽ അഥവാ ക്രിസ്തു വർഷം 636 ൽ ഇസ്‌ലാമിക സൈന്യം യർമൂഖ് – ഖാദിസിയാ യുദ്ധ ശേഷം ഖലിദുബ്‌നു വലീദ്, അബൂ ഉബൈദത്തുൽ ജർറാഹ്, അംറുബ്നുൽ ആസ് എന്നിവരുടെ നേതൃത്വത്തിൽ ജെറുസലം ഉപരോധിച്ചു കൊണ്ട് കൃസ്ത്യൻ പാതിരിമാരോടു കീഴടങ്ങാൻ പറഞ്ഞു. ഇസ്‌ലാമിക സൈന്യം രക്തരഹിതമായി ഫലസ്ത്വീൻ  കീഴടക്കി. പാതിരിമാർ പ്രതിവചിച്ചത്, നിങ്ങളുടെ ഖലീഫ വന്നാൽ ഞങ്ങൾ നേരിട്ട് താക്കോൽ കൈമാറാം എന്നാണ്.

വാഹനം അധികമില്ലാതിരുന്നതിനാൽ തന്റെ സഹായിയായി വന്ന ഭൃത്യൻ്റെ കൂടെ ഊഴം വെച്ച് മാറി മാറി ഒട്ടകപുറത്ത് സഞ്ചരിച്ചാണ് ഉമറും സംഘവും മസ്ജിദുൽ അഖ്‌സയിൽ എത്തിയത്. അഖ്‌സയെത്താറായപ്പോൾ ഒട്ടകപ്പുറത്തിരിക്കേണ്ട ഊഴം ഭൃത്യന്റെതായിരുന്നു. എത്താറായല്ലോ, ഇനി താങ്കൾ ഇരിക്കൂ എന്ന് പറഞ്ഞപ്പോൾ ഇല്ല നിന്റെ ഊഴമാണ് നീ ഇരിക്കുക. ഒട്ടകപ്പുറത്ത് ഇരിക്കുന്നയാളായിരിക്കും ഖലീഫ എന്ന് കരുതി സ്വീകരിക്കാൻ നിന്ന കൃസ്ത്യൻ പുരോഹിതർ ഭൃത്യന്റെയടുത്തേക്കു പോകുമ്പോൾ സ്വഹാബികൾ തിരുത്തുകയായിരുന്നു. ഇത് കണ്ടു അദ്‌ഭുതപ്പെടുന്നുണ്ട് കൃസ്ത്യൻ പാതിരിമാർ.

അഖ്‌സയുടെ താക്കോൽ ഏറ്റു വാങ്ങാൻ വന്ന ഉമർ (റ) കൃസ്ത്യൻ സംഘവുമായി ഉടമ്പടിയുണ്ടാക്കിയതു  ഹോളി സബൽകർ ചർച്ചിൽ വെച്ചാണ്. ഫലസ്ത്വീനിലെ രണ്ടാം ദിവസ സന്ദർശനത്തിൽ മസ്ജിദുൽ അഖ്‌സയുടെ ഇടുങ്ങിയ വഴികളിലൂടെ നടന്നു ആദ്യം എത്തിയ ചരിത്ര സ്ഥലമായിരുന്നു ഹോളി സബൽകർ ചർച്ച്‌. കൃസ്ത്യൻ സമൂഹത്തിനു ഏറെ പവിത്രമായ ചർച്ചാണത്. ജൂതർ ഈസ (അ) നെ കുരിശിലേറ്റിയതും പിന്നീട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതും  ഇവിടെയാണെന്നാണ് കൃസ്ത്യാനികൾ വിശ്വസിക്കുന്നത്. ഈസ (അ) നെ കുരിശിൽ നിന്നെടുത്തു കിടത്തിയതെന്നു കരുതുന്ന മരപ്പലകയും ഉയർത്തെഴുന്നേറ്റതെന്നു വിശ്വസിക്കുന്ന ഒരു ഖബറും ഒക്കെ ഇവിടെ കാണാം.

ഹോളി സബൽകർ ചർച്ച്

ഖുർആനിക അധ്യാപനം അനുസരിച്ചു ജൂതർ ഈസ പ്രവാചകനെ കുരിശിലേറ്റിയിട്ടില്ല, കൊന്നിട്ടുമില്ല, അവർക്കു മറ്റൊരാൾ സാദൃശ്യമായി തോന്നുകയായിരുന്നു. അല്ലാഹു അദ്ദേഹത്തെ അവനിലേക്ക് ഉയർത്തുകയായിരുന്നു.” എന്ന് ഖുർആൻ ഇതിനെ കുറിച്ച് വ്യക്തമാക്കുന്നു.

ഉമർ (റ) ചർച്ചിൽ പാത്രിയർകീസുമായി സംസാരിച്ചു നിൽക്കുമ്പോൾ ളുഹ്ർ നമസ്കാര സമയമായപ്പോൾ ഞാൻ നമസ്കരിച്ചു വരാം എന്ന് പറഞ്ഞു പുറത്തേക്കു പോകാനൊരുങ്ങുമ്പോൾ പാത്രിയർക്കീസ് സോഫ്രോനിയ പറയുന്നു: “താങ്കൾക്ക് ഞങ്ങളുടെ ഈ പള്ളിയിൽ നമസ്കരിക്കാമല്ലോ?”, എന്നാൽ ഉമർ അത് സ്നേഹ പൂർവ്വം നിരസിച്ചു കൊണ്ട് പറയുന്നത്, “ഞാനിപ്പോൾ ഈ പള്ളിയിൽ നമസ്കരിച്ചാൽ ഇനി വരുന്ന ഒരു കാലത്തു ഞാൻ ഇവിടെ നമസ്കരിച്ചു എന്ന് പറഞ്ഞു കൊണ്ട് നിങ്ങളുടെ പള്ളിയിൽ ആരെങ്കിലും അവകാശമുന്നയിക്കുന്നതിനെയും അതിന്റെ പേരിൽ ഒരു പ്രശ്നമുണ്ടാകുന്നതിനെയും ഞാൻ ഭയക്കുന്നു. അതിനാൽ ഞാൻ ഇവിടെ നമസ്കരിക്കുന്നില്ല” എന്നാണ്.  അങ്ങിനെ അദ്ദേഹം ചർച്ചിന് പുറത്തിറങ്ങി നിലത്തു നമസ്കരിച്ചു.

ആ ആരാധനാലയത്തിന്റെ പുരോഹിതൻ തന്നെ അവിടെ ഉമറിന്റെ ആരാധനയനുസരിച്ചു പ്രാർഥിച്ചു കൊള്ളാൻ അനുവദിച്ചിട്ടും, ഭാവിയിൽ മതങ്ങൾക്കും, വിശ്വാസികൾക്കും ഇടയിൽ ഒരു കുഴപ്പമുണ്ടാകുമോ എന്ന് ഭയന്ന് കൊണ്ട് അതിന് തടയിടാൻ പുറത്തു പോയി നിലത്തു നമസ്കരിച്ച സ്ഥലത്ത്, ഈ സംഭവത്തിനു 500 വർഷങ്ങൾക്ക് ശേഷം  മസ്ജിദ് ഉമറുബ്നുൽ ഖത്വാബ് എന്ന പേരിൽ ഒരു മസ്ജിദ് ഉണ്ടാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനായുള്ള ഉമറിന്റെ ധീരവും സൂക്ഷ്മത നിറഞ്ഞതുമായ നിലപാടിന്റെ സ്മാരകമാണ് ഹോളി സബൽക്കർ ചർച്ചും അതിന്റെ നേരെ എതിർ വശത്തായി നിലകൊള്ളുന്ന മസ്ജിദ് ഉമറുബ്നുൽ ഖത്വാബും.

മസ്ജിദ് ഉമറുബ്നുൽ ഖത്വാബ്

കൃസ്ത്യൻ പാതിരിയിൽ നിന്നും മസ്ജിദുൽ അഖ്‌സയുടെയും സബൽക്കർ ചർച്ചിന്റെയും താക്കോൽ ഏറ്റു വാങ്ങിയ ഉമർ (റ) അവിടെയുള്ള ഒരു മുസ്ലിം കുടുംബത്തെ അതേൽപ്പിച്ചു. ഇന്നും ഹോളി സബൽക്കർ ചർച്ചിന്റെ താക്കോൽ അവരുടെ കയ്യിൽ തന്നെയാണ്. ഇന്നത് സൂക്ഷിക്കുന്നത് അദീബ് ജൗദേഹ് എന്നയാളാണ്.

ഉമറിന്റെ കരാർ (العهدة العمرية)

ഹോളി സബൽക്കർ ചർച്ചിൽ വെച്ച്  ഉമറിന്റെ കരാർ (العهدة العمرية) എന്ന പേരിൽ പ്രശസ്തമായ കരാർ പാത്രിയർക്കീസ് സോഫ്രോനിയയും ഖലീഫ ഉമറും ഒപ്പു വെച്ചു. ഈ പ്രദേശം മുസ്ലിംകളുടെ അധികാരത്തിനു കീഴിലാണെങ്കിലും, ചർച്ചുകൾക്കോ, കുരിശിനോ, വിശ്വാസ സ്വാതന്ത്ര്യത്തിനോ, വീടുകൾക്കോ, സ്വത്തിനോ, യാതൊരു വിധ പ്രയാസങ്ങളുമുണ്ടാകില്ലെന്നും അവരുടെ മതം കയ്യൊഴിക്കുവാനോ, മറ്റൊരു മതം പിന്തുടരുവാനോ അവരെ നിർബന്ധിക്കില്ല. അവരുടെ പള്ളികൾ കൈവശപ്പെടുത്തുകയോ തകർക്കുകയോ ചെയ്യില്ലെന്നും അവയുടെ സുരക്ഷിതത്വവും സംരക്ഷണവും ഖലീഫ ഉമർ ഉറപ്പു നൽകുന്നുവെന്നും കരാറിൽ പറയുന്നു. ഈ കരാറിന്റെ ഒരു കോപ്പി ഇപ്പോഴും മസ്ജിദ് ഉമർ ഇബ്നു ഖത്വാബിൽ കാണാം. ഉമർ (റ)  വിൻ്റെ കല്പന പ്രകാരം തയ്യാറാക്കിയ ഈ കരാറിൽ, ഖാലിദുബ്നു വലീദ് (റ), അബ്ദുറഹ്മാനുബ്നു ഔഫ് (റ), അംറുബ്നുൽ ആസ് (റ), മുആവിയത്തു ബ്നു അബീ സുഫ്‍യാൻ (റ) എന്നിവർ സാക്ഷികളായിരുന്നു. ഇന്നും മത സഹിഷ്ണുതയുടെയും സൗഹാർദ്ദത്തിന്റെയും പ്രതീകമായി ലോകത്തിനു മാതൃകയായാണ് ഈ കരാർ നിലകൊള്ളുന്നത്.

രണ്ടാമത്തെ സ്മാരകം ഈജിപ്തിലെ അംറുബ്നുൽ ആസ് മസ്ജിദാണ്. ഈജിപ്തിന്റെ ആദ്യ ഗവർണറായ അംറുബ്നുൽ ആസ് ആണ് ഈജിപ്തിൽ ആദ്യ മസ്ജിദ് നിർമ്മിക്കുന്നത്. ഈജിപ്തിലെ മാത്രമല്ല ആഫ്രിക്കയിലെ തന്നെ ഏറ്റവും പഴയ മസ്ജിദ് ആണ് അംറുബ്നുൽ ആസ് മസ്ജിദ്.  സ്ഥലം തികയാതെ വന്നപ്പോൾ വിശാലമാക്കി പണിയുവാൻ ഗവർണ്ണർ ആഗ്രഹിച്ചു. എന്നാൽ പള്ളിയുടെ സമീപത്ത് ഒരു കൃസ്ത്യൻ വൃദ്ധയുടെ വീടുണ്ടായിരുന്നു. പല പ്രാവശ്യം പറഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാകാതെ വന്നപ്പോൾ അംറുബ്നുൽ ആസ് തന്ത്ര പൂർവ്വം വൃദ്ധയുടെ വീട് തകർത്ത് മസ്ജിദ് വിപുലപ്പെടുത്തി. എന്നാൽ വൃദ്ധ പരാതിയുമായി ഖലീഫ ഉമറുബ്നുൽ ഖത്വാബിനെ സമീപിച്ചു. ഉമർ വിവരങ്ങൾ തിരക്കിയ ശേഷം ഉടൻ മസ്ജിദ് പൊളിക്കുവാനും വൃദ്ധയുടെ വീട് പഴയതിനേക്കാൾ മനോഹരമായി പണിതു കൊടുക്കുവാനും കല്പനയിറക്കി. ആ കല്പനയിലെ അവസാന വാചകം ഇങ്ങിനെയായിരുന്നു: “അല്ലയോ അംറ്, അന്യനിൽ നിന്നും അന്യായമായി കവർന്നെടുത്ത സ്ഥലത്തു സുജൂദ് ചെയ്തു പ്രാർഥിച്ചാൽ ദൈവം ആ പ്രാർഥനകൾ സ്വീകരിക്കുമോ?”

ഈജിപ്‍തിലെ മസ്ജിദു അംറുബ്നുൽ ആസ്

“ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ” ക്ഷയത്തിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം എന്നാണ് ക്ഷേത്രത്തിന്റെ അർഥമായി കാണാൻ കഴിയുക. അമ്പലം എന്നതിൻ്റെ അർഥമാകട്ടെ അൻപിന്റെ ആലയം (സ്നേഹത്തിന്റെ വീട്) എന്നാണ്. ഇപ്പോൾ കൊട്ടിഘോഷിച്ചു നടത്തപ്പെട്ട പ്രതിഷ്ഠ കർമവുമായി ബന്ധപ്പെട്ട ക്ഷേത്രവും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും സമൂഹത്തെ നാശത്തിൽ നിന്നും രക്ഷിക്കുകയാണോ ചെയ്യുന്നത്? രാഷ്ട്രീയ, അധികാര ലാഭങ്ങൾക്ക് വേണ്ടി ആരാധനാലയങ്ങളെ ഉപയോഗിക്കുകയല്ലേ ചെയ്യുന്നത്? മണിപ്പൂരില്‍ താത്ക്കാലികമായി നിര്‍മിച്ചതടക്കം നിരവധി ക്രിസ്ത്യന്‍ ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയ ഒരു വിഭാഗമാണ് മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം പൊളിച്ചു നീക്കി ആ സ്ഥലം കയ്യേറി  അധികാര താൽപര്യത്തിൽ രാമന്റെ പേരിൽ ക്ഷേത്രമുണ്ടാക്കുന്നതും പ്രതിഷ്ഠ നടത്തുന്നതും. ഇസ്ലാമിൽ ആരാധനാലയത്തിന്റെ ലക്ഷ്യം വിശുദ്ധരായ വ്യക്തികളെയും സമൂഹത്തെയും ഉണ്ടാക്കുക എന്നതാണ്. സംഘ്പരിവാറിൻ്റെ അധികാര ശക്തിയിൽ വിദ്വേഷം വമിപ്പിക്കുന്ന ക്ഷേത്രമാണ് നിർമിപ്പിക്കപ്പെടുന്നത്.

 

സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാരും പള്ളി നിന്ന സ്ഥലത്തു അമ്പലമുണ്ടായിരുന്നില്ലെന്നും, അതിനു യാതൊരു തെളിവും ഇത് വരെ ലഭിച്ചിട്ടില്ലെന്നും, പള്ളിയിൽ വിഗ്രഹം കൊണ്ട് വെച്ചതും, പള്ളി തകർത്തതും ക്രിമിനൽ കുറ്റങ്ങളാണെന്നും കൃത്യമായി വിധിയിൽ പറഞ്ഞിരിക്കെ രാമപ്രതിഷ്ഠ ചടങ്ങിന്റെ കാലത്ത് ഞാനോർത്ത ചോദ്യവും ഉമറിന്റെ ചോദ്യം തന്നെയായിരുന്നു: അന്യരിൽ നിന്നും അന്യായമായി കവർന്നെടുത്ത സ്ഥലത്തു തലയടിച്ചു പ്രാർഥിച്ചാലും രാമൻ ആ പ്രാർഥനകൾ സ്വീകരിക്കുമോ?

Related Articles