Current Date

Search
Close this search box.
Search
Close this search box.

ഉത്തരവാദിത്തം: വ്യക്തിപരം കുടുംബപരം സാമൂഹികപരം

വ്യക്തിത്വത്തെക്കുറിച്ച് വിപുലമായ ഒരു പഠനം നടത്തുമ്പോൾ ഒരു  ഉത്തമ വ്യക്തിത്വത്തിൽ കണ്ടെത്താൻ സാധിക്കുന്ന പല സുപ്രധാന ഘടകങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്ന് മാതൃകാ വ്യക്തിത്വങ്ങൾ എപ്പോഴും യഥാർത്ഥ ഉത്തരവാദിത്വവും ബോധവുമുള്ളവരായിരിക്കും എന്നതാണ്. ഒരു വ്യക്തിത്വത്തിന് അടിസ്ഥാനമായതും ഏറ്റവും മഹത്തായതുമായ ഗുണങ്ങളിൽ ഒന്ന് മറ്റൊന്നുമല്ല ഇത് തന്നെ. ഒരു വ്യക്തിയിൽ നിലവിലുള്ള സ്വഭാവഗുണങ്ങൾ അല്ലെങ്കിൽ ഗുണമേന്മകൾ തന്നെയാണ് അയാളെ വ്യക്തിപരമായും സാമൂഹികപരമായും ഉചിതമായ വിധം പാകപ്പെടുത്തിയെടുക്കുന്നതിലും അതേപോലെ അനിവാര്യവും അനുയോജ്യവുമായ ഒരു മാനസിക തലത്തിലേക്ക്  ഉയർത്തുന്നതിലും സജീവമായി വർത്തിക്കുന്നത്. ഉയർന്ന സ്വഭാവഗുണങ്ങളുടെ അകമ്പടിയോടെ എന്നും മുന്നോട്ട് നയിക്കപ്പെടാനും അന്തരീകമായ ഉൾപ്രേണയ്ക്കും ആത്മബോധത്തിനും പ്രേരണയാകുന്നതോടൊപ്പം അതിലേയ്ക്ക് അയാളെ കൃത്യമായി കൊണ്ടുചെന്ന് എത്തിക്കാനും അത്തരം ഗുണങ്ങൾ സഹായിക്കും.

അതേസമയം ഈ പറയുന്ന ബോധം തന്നെയാണ് മനുഷ്യരുടെ മുഴുനീളെ ജീവിതത്തിൽ അയാളിലെ സർവ്വ ഗുണങ്ങൾക്കും കോട്ടം തട്ടാതെ നിലനിർത്തിപ്പോരുന്നതിലും അവയിൽ വ്യക്തിത്വത്തിന് അനുയോജ്യമല്ലാത്തവയെ വർജ്ജിക്കുന്നതിനും പിന്നീടങ്ങോട്ട് എന്നും ശക്തമായൊരു കൂട്ട് ആവുന്നതും. നിരുത്തരാവാദിത്വത്തോടെ ജീവിക്കുന്ന ഒരാൾ അവനവനോ, സമൂഹത്തിനോ സ്വന്തം കുടുംബത്തിനോ യാതൊരു പ്രയോജനവുമില്ലാത്ത ഒരാളായി മാറിയേക്കാം എന്നതിൽ ആർക്കും സംശയമൊന്നുമില്ലല്ലോ. ഒരു വ്യക്തിയിലെ ഉത്തരവാദിത്വബോധം പൂർണ്ണതയിലേയ്ക്ക് എത്തുന്നത് ശരിയായ വ്യക്തിത്വ ബോധത്തിലൂടെ സഞ്ചരിക്കുമ്പോഴാണെന്നും മനസ്സിലാക്കണം.

വ്യക്തമായ നിരീക്ഷണത്തിലൂടെ സ്വന്തം യുക്തിയും ബുദ്ധിയും ഫലപ്രദമായി വിനിയോഗിച്ച് വേണം അത് പ്രായോഗികതായിലേക്ക് എത്തിക്കാൻ. വ്യക്തിപരവും, കുടുംബപരവും  സാമൂഹികപരവുമായ ഉത്തരവാദിത്വങ്ങൾ ഒരു വ്യക്തി അറിഞ്ഞു നിറവേറ്റുന്നത്  ആത്മബോധത്തിലേക്ക്  ഏത്തുമ്പോഴാണ്. ആത്മബോധവുമായി അനുബന്ധപ്പെട്ടു കിടക്കുന്ന ഒന്ന് തന്നെയാണ്  വ്യക്തിത്വബോധവും. ആത്മബോധമില്ലാതെ ഒരു വ്യക്തിയിൽ വ്യക്തിത്വബോധമോ, ധർമ്മികബോധമോ ഉണരുന്നില്ല.  ഒരു വ്യക്തിത്വത്തെ സംബന്ധിച്ചിടത്തോളം അയാൾ നിറവേറ്റേണ്ട പ്രാഥമിക ധർമ്മം അയാൾ അവനവനിൽ തന്നെ അതീവ ശ്രദ്ധയോടെ നടപ്പിലാക്കേണ്ടവയാണ്. കാരണം ഒരു മനുഷ്യന്റെ ലോകം തുടങ്ങുന്നത് അയാളിൽ നിന്ന് തന്നെയാണ്. അതിനാൽ അവനവന്റെ ലോകം മനോഹരമാക്കലാവണം ആദ്യനടപടി.

ആന്തരീക ലോകം മൊത്തത്തിൽ അലങ്കോലമായും താറുമാറായിട്ടും കിടന്നാൽ ഒരാളുടെ മനസ്സ് നിരന്തരം അസ്വസ്ഥമായിരിക്കും. വ്യക്തിപരമായി തന്നെ അലട്ടുന്ന ഒരായിരം പ്രശ്നങ്ങളാലും സമസ്യകളാലും വരിഞ്ഞുമുറുക്കപ്പെട്ട അയാളുടെ മനസ്സ് ഒരിക്കലും സ്വതന്ത്രമാവുന്നില്ല, മറ്റൊന്നിലേക്കും മനസ്സിനെ അർപ്പിക്കാൻ കഴിയുകയുമില്ല മാത്രമല്ല ഏകാഗ്രത പൂർണ്ണമായും നഷ്ടമാകുകയും സ്വയം വളരാനോ ഉയരാനോ ഉള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും നിത്യം പരാജയപ്പെടുകയും ചെയ്യും. വളരെ കുഞ്ഞിലെ അച്ചടക്കവും ചിട്ടകളും ശീലിച്ചുവളർന്ന, സ്വന്തം കാര്യങ്ങൾ സ്വയം മാനേജ് ചെയ്ത് പഠിച്ച ഒരാൾക്ക് ഇത്തരം പ്രയാസങ്ങൾ നേരിടേണ്ടി വരുന്നില്ല, രക്ഷിതാക്കൾ ഇതൊക്കെ മനസ്സിലാക്കികൊണ്ട് രക്ഷകർതൃത്വം നിർവ്വഹിച്ചാൽ അതിന്റെ റിസൾട്ട് അത്യധികം സംതൃപ്‌തി പകരുന്നതായിരിക്കും.

സ്വന്തം ചിന്തകളെ, വികാരങ്ങളെ മാനേജ് ചെയ്യലും ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ സഫലീകരിച്ചെടുക്കലും അവനവനെ സംരക്ഷിക്കലും ആത്മബോധത്തോടെ  മുന്നോട്ട് നയിക്കലും തന്നിൽ മാത്രം അധിഷ്ഠിതമായ ഉത്തരവാദിത്വങ്ങൾ ആണെന്ന് തിരിച്ചറിയാൻ അതു മതി. ഒരാളുടെ ഏറ്റവും വലിയ ധർമ്മം അവനവനിൽ തന്നെ പൂർത്തീകരിക്കപ്പെടേണ്ട കാര്യങ്ങളാണെന്ന് പറയാൻ കാരണം  എന്തായിരിക്കാം? വ്യക്തിപരമായും മനസികപരമായും ഓരോരുത്തരും പാകപ്പെടുമ്പോഴും പരിഷ്ക്കരികൃതരാവുമ്പോഴും മാത്രമേ സമൂഹത്തിലും മാറ്റം വരുന്നുള്ളൂ. ഓരോ വ്യക്തിയുടെയും സൈക്കോളജി സമൂഹത്തിന്റെ നിലനിൽപ്പിനെ സ്വാധീനിക്കുന്നുണ്ട്.

എല്ലാത്തിലും മറ്റൊരാളെ ആശ്രയിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. നമ്മുടെ കാര്യങ്ങൾ നോക്കി നിർവ്വഹിക്കാൻ എപ്പോഴും മറ്റൊരാളെ ആശ്രയിക്കുന്നത് ഒരിക്കലും പ്രാക്ടിക്കൽ അല്ല. അപ്പോൾ ആരും സ്വയം പര്യാപ്തത നേടാൻ ശ്രമിക്കില്ലല്ലോ മാത്രമല്ല. അപ്പറഞ്ഞയാൾക്ക്  തന്നിലധിഷ്ഠിതമായ ധർമ്മങ്ങൾ നിറവേറ്റാനുള്ളപ്പോൾ മറ്റൊരാളുടെ കാര്യങ്ങൾക്ക് സമയവും ഊർജ്ജവും കണ്ടെത്തൽ അസാധ്യവുമാണ്.  അസംതൃപ്തനായ ഒരു മനുഷ്യന് ഒരിക്കലും തന്നെ അപരന് സംതൃപ്തമായൊരു ജീവിതം നൽകാൻ കഴിയില്ല എന്നതാണ് വസ്തുത. തന്നിൽ തന്നെ സംതൃപ്തനാവലാണ് എല്ലാത്തിനും ഒരു പരിഹാരം. ഓരോ മനുഷ്യനും തന്റെ പിന്മുറക്കാരിലേക്ക് നന്മയെ കടത്തിവിടുന്ന ഒരു ചാലകമായി, നന്മയുടെ വാഹകരായി മാറാനും ശ്രമിക്കണം.

ഇതിനെല്ലാം മർമ്മ പ്രധാനമായ മറ്റൊരു വശം കൂടെയുണ്ട് ഒരാൾ അയാളെ നല്ലൊരു വ്യക്തിയാക്കി മാറ്റുന്നത് തന്നെയാണ് അവനവനോടും കുടുംബത്തോടും  സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റൽ, അത് തന്നെയാണ് സാമൂഹിക പ്രതിബദ്ധത. അതേപോലെ താനുമായി ബന്ധപ്പെട്ടു കിടക്കുന്നവരുടെയോ കണ്ടുമുട്ടുന്നവരുടെയോ ജീവിതത്തിലേക്ക് ഒരു ദുരന്തമായോ, ശല്യമായോ കടന്ന് ചെല്ലാതെ പോസിറ്റിവ് ആയി കടന്ന് ചെല്ലുന്ന ഒരാളാവാൻ ശ്രമിക്കലാണ് ഉത്തമം. ഇത്തരത്തിൽ കാര്യബോധവും കൃത്യമായ ഉത്തരവാദിത്വബോധമുള്ള ഒരു മനുഷ്യനെ ആർക്കും വിശ്വസിക്കാം. അവനവനോടും സഹജീവികളോടും സ്വന്തം നാടിനോടും എന്നും പ്രതിബദ്ധതയുള്ളവരായിരിക്കും അവർ.

വിശ്വാസയോഗ്യനായ ഒരു വ്യക്തിയെ ആർക്കും ഇഷ്ടമായിരിക്കും. സമൂഹത്തിലും സ്വന്തം പരിവാരങ്ങൾക്കിടയിലും സുഹൃത്തുകൾക്കിടയിലും അവർക്ക് കിട്ടുന്ന സ്ഥാനവും വളരെ വലുതായിരിക്കും. അത്യന്തിമകായി മനുഷ്യർ എന്ത് ചെയ്യുമ്പോഴും അതിൽ നിന്നൊക്കെ തേടുന്നത് സംതൃപ്‌തി, ആനന്ദം, നിർവൃതി അല്ലെങ്കിൽ സന്തോഷമാണ്. അവനവനെ സംതൃപ്തിപ്പെടുത്താൻ സാധിക്കാത്ത മനുഷ്യൻ ഒരിക്കലും സന്തോഷവാനും ആയിരിക്കില്ല. വ്യക്തിത്വവും ഇപ്പറഞ്ഞതുമായി എന്ത് ബന്ധം എന്ന് ചിന്തിച്ചേക്കാം എന്നാൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം കുഞ്ഞിലെ വേണ്ട രീതിയിൽ അംഗീകരികാരവും പരിഗണനയും ലഭിച്ചു കഴിയുമ്പോൾ ഒരാൾ അവനവനിൽ സംതൃപ്തനായിരിക്കും. പിന്നെ ലഭിക്കുന്നതെല്ലാം വേണ്ടതുപോലെ ആസ്വദിച്ചും അറിഞ്ഞും അവരങ്ങ് ജീവിച്ചുപോകും. അല്ലാതെ അർഹിക്കാത്തത് തേടിപോകാനും തട്ടിപ്പറിച്ചെടുക്കാനും ചെല്ലില്ല. വ്യക്തിയായി അംഗീകരിക്കപ്പെടുമ്പോഴും അയാൾ നിലകൊള്ളുന്ന പരിതസ്ഥിതിയിൽ നിന്ന് ലഭിക്കേണ്ട വൈകാരികമായ സപ്പോർട്ടും വ്യക്തി എന്ന പരിഗണനയും മാനുഷിക പരിഗണനനയും ഇവയെല്ലാം  അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ ഒരു മനുഷ്യനും സംതൃപ്തനാവാൻ കഴിയില്ല.

ഒന്നിലും സംതൃപ്തരാവത്ത ചില വ്യക്തികളെ കണ്ടുകാണും. ആരും അംഗീകരിക്കാനില്ലാത്തത്തിനാൽ അവനവനെ സ്വയം പോലും അംഗീകരിക്കാൻ സാധിക്കാതെ ഒരു കൂട്ടരാവും. അതിന്റെ കുറ്റബോധവും മനസ്താപവുമേറ്റ് ഒരായുസ്സ് മൊത്തം ജീവിച്ച് തീർക്കുന്നവർ. അല്ലെങ്കിൽ എല്ലാവരോടും ഉള്ളിൽ വിദ്വേഷവും പകയും കൊണ്ടുനടക്കുന്ന ചിലർ. തന്നെ എന്നും നിരാകരിച്ച, മാറ്റിനിർത്തിയ സമൂഹത്തോട് അവർക്ക് അത്ര വലിയ പ്രതിബദ്ധതയൊന്നും കാണില്ല വെറുപ്പായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും സഹജീവികളെ തൊട്ട് പോസിറ്റീവായ ഒരു മനോഭാവമോ അനുകമ്പ നിറഞ്ഞ ഒരു ചിന്തയോ അവരിൽ വർക്ക് ഔട്ട് ആവില്ല.   കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനൽ മനോഭാവമുള്ള ആളുകളിൽ കൂടുതലും ഇത്തരക്കാർ ആയിരിക്കും. ആത്‍മസംതൃപ്തി അത്രയും വലിയൊരു ഘടകമാണെന്ന് മനസ്സിലാക്കണം. തനിയ്ക്കും തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹത്തിനും വേണ്ടി നന്മ ചിന്തിക്കുന്നതിലാണ് ഒരാൾക്ക് ആത്‍മസംതൃപ്തി ലഭിക്കുന്നതെങ്കിൽ നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിൽ അയാൾ വിജയിച്ചു എന്നാണ് അർത്ഥം.

ധാർമ്മികനാവുക, നീതിബോധമുള്ളവനാവുക എന്നതാണ് എന്നും ഏറ്റവും വിപ്ലവകരമായ ഒരു കാര്യം. ഒരു മനുഷ്യനെന്ന നിലയ്ക്ക് താൻ അർഹിക്കുന്നതെല്ലാം മറ്റുള്ളവരും അർഹിക്കുന്നുണ്ട്, അവർക്ക് നിഷിദ്ധമാക്കിയതെല്ലാം എനിയ്ക്കും നിഷിദ്ധമാണ്. അവരിൽ നിക്ഷിപ്തമായ കടമകളും ഉത്രവാദിത്വവുമെല്ലാം തന്നിലും നിക്ഷിപ്‌തമാണ്, അവർ പാലിക്കുന്ന നിയമങ്ങൾ പാലിക്കാൻ താനും ബാധ്യസ്ഥനാണ് എന്നൊക്കെ ചിന്തിക്കാൻ കഴിക്കുന്നവരിലേ ഇതൊക്കെ കാണുകയുള്ളൂ. മറ്റുള്ളവർക്ക് എതിരെ വിരൽ ചൂണ്ടുകയും തന്നിലെ കുറവുകളെ, ന്യൂനതകളെ, പിഴവുകളെയൊക്കെ കാണാതിരിക്കുകയും നിയമങ്ങളെല്ലാം മറ്റുള്ളവർക്ക് വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുന്നവരിൽ എന്ത് നീതിബോധം..? എന്ത് ധാർമ്മികത..?

അവനവനെ സ്വയം നിന്ദിക്കുന്ന വിധം സംസാരിക്കാനും പ്രവർത്തിക്കാനും ഒരാൾ തയാറാവുന്നെങ്കിൽ അയാളിൽ വ്യക്തിത്വബോധമോ ആത്മബോധമോ ധാർമികതയോ ഉണർന്നിട്ടില്ല എന്ന് തന്നെയാണ് സാരം. ആത്മബോധം കൂട്ടില്ലാത്തവരിൽ എന്ത് ആത്മാഭിമാന ബോധം?  ആത്മാഭിമാനബോധം (Self respect) ഉള്ളവർ സ്വന്തം നിലവാരം കാത്ത് സൂക്ഷിക്കുന്നവരായിരിക്കുമല്ലോ. ആളുകളുടെ മുന്നിൽ നിന്ദിക്കപ്പെടുന്നത് ഒരു കുറച്ചിലായി അല്ലെങ്കിൽ അപമാനമായി തോന്നിയിട്ട് സ്റ്റാറ്റസ് കീപ്പ് ചെയ്യാൻ വേണ്ടി മാന്യമായി പെരുമാറുന്നവരും ഉണ്ട്. ആളുകൾ എന്ത് വിചാരിക്കും, എന്ത് കരുതും തന്നെക്കുറിച്ച്, നാണക്കേടല്ലേ നാലാൾ അറിഞ്ഞാൽ, തന്നെ ആരും ഇഷ്ടപ്പെടാതെയാവും, തന്നോട് ആരും കൂട്ട് കൂടാതെയാവും, ശിക്ഷിക്കപ്പെടും എന്നൊരു ഭയം എപ്പോഴും ഉള്ളിലുള്ളത്കൊണ്ട് ഹീനമായതോ, മര്യാദകേടുകൾ നിറഞ്ഞതോ, സാമൂഹ്യ വിരുദ്ധമായതോ ആയ പ്രവൃത്തികളിൽ നിന്നെല്ലാം വിട്ടുനിൽക്കുന്നവർ. അത് യഥാർത്ഥ വ്യക്തിത്വമല്ല, മറ്റൊരാളുടെ അഭാവത്തിൽ എല്ലാം ചെയ്യാൻ അവർക്ക് സാധിക്കും. സാമൂഹ്യദ്രോഹിയാവാൻ അധികമൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല, സാമൂഹിക ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിലകല്പിക്കാതെ ജീവിച്ചാൽ മാത്രം മതി.

തിന്മകൾ ചെയ്യാനുള്ള എല്ലാ സാധ്യതകളും മുന്നിൽ ഉണ്ടായിട്ടും അതിൽ നിന്നും വിട്ട് നിൽക്കാൻ കഴിയുന്നതോ, ഉല്ലാസത്തിനും വിനോദത്തിലും ഏർപ്പെടുമ്പോൾ അവനവന്റെ സുഖത്തിനും അനന്ദത്തിനും വേണ്ടി ചെയ്യുന്നതൊന്നും അന്യന്റെയോ, സ്വന്തം കുടുംബത്തിന്റെയോ അല്ലെങ്കിൽ സ്വന്തം ജീവിതത്തെയോ ബാധിക്കുന്ന വിധത്തിലേക്ക് എത്തിക്കാതെയുള്ള  ആത്മനിയന്ത്രണം ഇവയൊക്കെയാണ് സുദൃഢവും ശുഭലക്ഷണം നിറഞ്ഞതുമായ വ്യക്തിത്വത്തിന്റെ അടയാളം.. ഒരാൾ സ്വയം കുത്തഴിഞ്ഞ ജീവിതത്തിന് അടിമപ്പെടുമ്പോൾ അയാൾ സ്വന്തം ജീവിതത്തെ മാത്രമല്ല, പലരുടെയും ജീവിതം വെച്ചുള്ള കളിയാണ് കളിക്കുന്നത്. പരോക്ഷമായി അത് അയാളുമായി അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന  ജീവിതങ്ങളെ പല അർത്ഥത്തിലും ബാധിച്ചിരിക്കും. വ്യക്തിത്വബോധത്തിലേക്ക് എത്തേണ്ട ആവശ്യകത മനസ്സിലാക്കേണ്ടത് ഇവിടെയാണ്.

Related Articles